മൂന്ന് ഹജ്ജ് എംബാർക്കേഷൻ പോയിൻറുകൾ അനുവദിച്ച കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നന്ദി -കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ
text_fieldsജിദ്ദ: കേരളത്തിന് ഇത്തവണ മൂന്ന് ഹജ്ജ് എംബാർക്കേഷൻ പോയിൻറുകൾ അനുവദിച്ചതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് നന്ദി അറിയിക്കുന്നതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പറഞ്ഞു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽനിന്ന് വരുന്ന വളൻറിയർമാർക്ക് ഉറുദു ഭാഷയിലെ പരിജ്ഞാന കുറവ് തീർഥാടകരെ ബാധിക്കുന്നുണ്ടെന്ന് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സൗദിയിലെ സന്നദ്ധ സേവകരെ കുറിച്ച് കേന്ദ്ര സർക്കാർ മികച്ച അഭിപ്രായമാണ് അറിയിച്ചതെന്നും ചെയർമാൻ പറഞ്ഞു.
കേരളത്തിലെ ഹാജിമാരുടെ എണ്ണത്തിലുള്ള വർധനവ് ചൂണ്ടിക്കാട്ടി സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തിയ ശ്രമങ്ങളാണ് മൂന്ന് ഹജ്ജ് എംബാർക്കേഷൻ പോയിൻുകൾ അനുവദിക്കാൻ സാഹചര്യമൊരുക്കിയത്. ഇതിന് സംസ്ഥാന, കേന്ദ്ര സർക്കാറുകളോട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ഹജ്ജിന് സ്വകാര്യ ഗ്രൂപ്പുകൾ വഴി അപേക്ഷ നൽകിയ 1275 പേർക്ക് അവസാന നിമിഷത്തിൽ യാത്ര മുടങ്ങിയ സംഭവം വൈകിയാണ് അറിഞ്ഞത്. എന്നാൽ വിലക്കേർപ്പെടുത്തിയ ഹജ്ജ് ഗ്രൂപ്പ് പ്രതിനിധികളോട് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടും കൃത്യമായ പരാതി നൽകാൻ തയ്യാറായില്ലെന്ന് ചെയർമാൻ പറഞ്ഞു.
ഹാജിമാർക്ക് ഇ-വിസ സേവനം നടപ്പാക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അക്കാര്യം പരിഗണിക്കപ്പെട്ടിട്ടില്ല. നാട്ടിൽനിന്ന് വരുന്ന വളൻറിയേഴ്‌സിനെ കുറിച്ച് പരാതി ഉയരുന്നുണ്ട്. ഉറുദു ഭാഷയിലെ പരിജ്ഞാന കുറവ് വല്ലാതെ പ്രയാസങ്ങളുണ്ടാക്കുന്നതായി അറിയാൻ സാധിച്ചു. സൗദിയിൽനിന്നുള്ള അറിയിപ്പ് വൈകിയതിനാൽ നറുക്കെടുപ്പ് വൈകി.
ഇത് മൂലം പലർക്കും പഠനക്ലാസ് ലഭിച്ചിട്ടില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഹാജിമാരുടെ മരണം 90ൽ താഴെയായി കുറഞ്ഞു. ചിലർ ഇപ്പോഴും ചികിത്സയിലാണ്. മദീനയിൽ കിച്ചൺ സൗകര്യമില്ലാത്തതിനാൽ സംസ്ഥാന സർക്കാർ മുൻകൈയ്യെടുത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഒരു ഹോട്ടലിൽ ഭക്ഷണത്തിനുള്ള സൗകര്യങ്ങളൊരുക്കി. സൗദിയിലെ മലയാളി സന്നദ്ധ സേവകരുടെ പ്രവർത്തനങ്ങൾ വളറെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിലെ സന്നദ്ധസേവന പ്രവർത്തകരും സംസ്ഥാന സർക്കാരുമായി ഔദ്യോഗിക ബന്ധങ്ങളൊന്നും ഇല്ല. എങ്കിലും മലയാളികൾ എന്ന പരിഗണനയിലാണ് കേന്ദ്ര സർക്കാർ ഹജ്ജ് കമ്മിറ്റിയെ അഭിനന്ദിക്കുന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനിതാ തീർഥാടകർക്കായി കരിപ്പൂർ ഹജ്ജ് ഹൗസിൽ നിർമിച്ച ലേഡീസ് ബ്ലോക്ക് ശ്രദ്ധേയമാണ്. ഇത് മെച്ചപ്പെട്ട സേവനങ്ങൾ ഹാജ്ജിമാർക്ക് ലഭിക്കാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ആക്ടിങ് പ്രസിഡൻറ് ജാഫറലി പാലക്കോടും ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായിയും പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.