ഹജ്ജിന് പരിസമാപ്തി; ഹാജിമാർ ഇന്ന് മിനയോട് വിടപറയും
text_fieldsമക്ക: അവസാനത്തെ കല്ലേറും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിന് ബുധനാഴ്ച പരിസമാപ്തിയാകും. ഹജ്ജിലെ സുപ്രധാന കർമങ്ങൾ തീർന്നതോടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹാജിമാർ മിനയിൽനിന്നും മടങ്ങിയിരുന്നു. അവശേഷിക്കുന്ന ഹാജിമാരാണ് ബുധനാഴ്ച കൂടി ജംറ സ്തൂപങ്ങളിൽ കല്ലേറ് പൂർത്തിയാക്കി മിന താഴ്വാരം വിടുക.
ഹജ്ജ് അതിന്റെ സംശുദ്ധിയോടെ നിർവഹിക്കുന്നതിലൂടെ അപ്പോൾ പിറന്ന കുഞ്ഞിന്റെ പരുശുദ്ധിയോടെയാണ് ഹാജിമാർ മിനയോടു യാത്രപറയുക. ഫലസ്തീൻ എന്ന നീറുന്ന പ്രശ്നത്തിൽ തന്നെയായിരുന്നു ഹജ്ജിൽ ഏവരുടെയും മാനമുരുകിയുള്ള പ്രാർഥന. ലോകത്തിലെ വിവിധ ദിക്കിൽനിന്നുവന്ന വിശ്വാസി ലക്ഷങ്ങൾ ദേശ വർണ ഭാഷ അതിർവരമ്പുകളില്ലാതെ, വിശുദ്ധ ഭൂമിയിൽ തീർത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹര മുഹൂർത്തങ്ങളാണ് ഹജ്ജിനെ വിശ്വ മാനവസംഗമമാക്കി മാറ്റുന്നത്. ഇത് ലോകത്തിന് മാതൃകയാണ്. ഏക മാനവികതയുടെയും സഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം തങ്ങളുടെ നാടുകളിൽ എത്തിക്കുമെന്നും അവിടെ അതിന്റെ പ്രചാരകരാകുമെന്നും പ്രതിജ്ഞയെടുത്താണ് ഓരോ ഹാജിയും മക്ക വിടുക. രാജ്യത്തിന്റെ മുഴുവൻ വിഭവ സ്രോതസ്സുകളും ഉപയോഗിച്ചാണ് സൗദി ഭരണകൂടം അല്ലാഹുവിന്റെ അതിഥികളെ സേവിച്ചത്.
മുഴുവൻ സുരക്ഷ വിഭാഗങ്ങളിലെയും സുരക്ഷ ഉദ്യോഗസ്ഥർ ഹജ്ജിന്റെ മുഴുദിനവും സ്വയം കോട്ടകളായി അല്ലാഹുവിന്റെ അതിഥികൾക്ക് കാവലായി. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു ലക്ഷത്തിലധികം സൈനിക, അർധ സൈനിക വിഭാഗങ്ങൾ ഹജ്ജിന്റെ ഭാഗമായി. ശക്തമായ ചൂട് ഒഴിച്ചാൽ ഇത്തവണ ഹജ്ജ് ഏറെ ആയാസരഹിതമായിരുന്നു. എല്ലാത്തിനും നേതൃത്വം നൽകാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുഴുസമയവും ഹജ്ജിൽ പങ്കുകൊണ്ടു. വിശുദ്ധ ഭൂമിയിൽ അല്ലാഹുവിന്റെ അതിഥികൾക്ക് സൗദിഭരണകൂടം നൽകുന്ന സേവനങ്ങൾ ഹാജിമാർ സ്നേഹത്തോടെ ഓർക്കുന്നുണ്ട്. ഹജ്ജ് കർമങ്ങൾക്ക് വിരാമമായതോടെ തീർഥാടകര് വിടവാങ്ങൽ ത്വവാഫ് പൂർത്തിയാക്കി വിശുദ്ധ മക്കയോട് വിട പറഞ്ഞുതുടങ്ങി. മദീന സന്ദർശനം നടത്താത്തവർ അത് കൂടി പൂർത്തിയാക്കിയാവും മടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.