ഹജ്ജ്: ആഭ്യന്തര രജിസ്ട്രേഷൻ അടുത്തയാഴ്ച ആരംഭിക്കും
text_fieldsറിയാദ്: അടുത്ത വർഷത്തെ ഹജ്ജിന് വേണ്ടിയുള്ള ആഭ്യന്തര തീർഥാടകരുടെ രജിസ്ട്രേഷൻ അടുത്തയാഴ്ച (ഹിജ്റ വർഷം സഫർ ഒന്നിന്) ആരംഭിക്കാൻ ഹജ്ജ്-ഉംറ മന്ത്രാലയം തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇതാദ്യമായാണ് ഇത്രനേരത്തെ ഹജ്ജ് രജിസ്ട്രേഷൻ തുടങ്ങുന്നത്. രജിസ്ട്രേഷൻ നടപടികൾ ചർച്ചചെയ്യാൻ ആഭ്യന്തര തീർഥാടകരുടെ ഏകോപന സമിതിയുമായും ബിസിനസ് സൊല്യൂഷൻ പ്ലാറ്റ്ഫോം പ്രതിനിധികളുമായും മന്ത്രാലയം ചർച്ച നടത്തി.
ആഗസ്റ്റ് 28 (സഫർ ഒന്ന്) മുതൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ വർഷം ഡിസംബർ 24നുമുമ്പ് രണ്ട് ഗഡുക്കളായി ഫീസ് അടക്കാൻ സൗകര്യമുണ്ടാകും. രജിസ്ട്രേഷൻ നടത്തി 72 മണിക്കൂറിനകം ആദ്യ ഗഡു അടക്കണം. ഡിസംബർ 24നുശേഷം ഫീസടക്കുന്നവർ ഒറ്റത്തവണയായി ഫീസ് അടക്കണം. വരുന്ന സീസണിൽ 'ഇക്കോണമി-2' എന്നൊരു പാക്കേജ് കൂടി ആരംഭിക്കാൻ ഹജ്ജ്-ഉംറ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഹാജിമാർക്ക് മിനക്ക് പുറത്ത് താമസിക്കാൻ കെട്ടിടങ്ങൾ ഒരുക്കുന്ന പദ്ധതിയാണിത്. ആഭ്യന്തര തീർഥാടകർക്ക് ഇലക്ട്രോണിക് തെരഞ്ഞെടുപ്പ് നടത്തുന്ന രീതി വരുന്ന സീസണിൽ ഉണ്ടാവുകയില്ല.
തീർഥാടകർക്ക് നേരിട്ട് രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യമാണ് മന്ത്രാലയം ഇത്തവണ ഏർപ്പെടുത്തുക. 65ന് മുകളിൽ പ്രായമുള്ള ഹജ്ജ് അപേക്ഷകർക്ക് 25 ശതമാനം സീറ്റുകൾ നീക്കിവെക്കാനും ഹജ്ജ് മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.