ഹജ്ജ് എക്സ്പോ 2023 സമാപിച്ചു; സമ്മേളനവും പ്രദർശനവും ലക്ഷ്യം നേടി -ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി
text_fieldsജിദ്ദ: ‘ഹജ്ജ് എക്സ്പോ 2023’ രണ്ടാം പതിപ്പിന് സമാപനമായി. ‘സേവനസംവിധാനത്തിലെ ഗുണനിലവാരം’ എന്ന തലക്കെട്ടിൽ ജിദ്ദ സൂപ്പർ ഡോമിൽ നാലു ദിവസം നീണ്ട പ്രദർശന, സമ്മേളന പരിപാടി വ്യാഴാഴ്ച രാത്രിയോടെ പര്യവസാനിച്ചു. 60,000ത്തിലധികം സന്ദർശകർ പരിപാടിക്കെത്തി. ഹജ്ജ്, ഉംറ സേവനങ്ങളിൽ വൈദഗ്ധ്യം നേടിയ 200ലധികം കമ്പനികളും നിരവധി സർക്കാർ ഏജൻസികളും പങ്കെടുത്തു. രാജ്യത്തിനകത്തും പുറത്തുമുള്ള ഹജ്ജ്, ഉംറ മേഖലയിലെ എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്ന വേദികൂടിയായി മേള മാറി. ഹജ്ജ്, ഉംറ സേവനങ്ങൾ മികച്ചതാക്കാൻ നിരവധി സെഷനുകളിലായി നടന്ന ചർച്ചകളിലും ശിൽപശാലകളിലും ഹജ്ജ് സേവന രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
70 പ്രാദേശിക പ്രഭാഷകരും 11 അന്താരാഷ്ട്ര പ്രഭാഷകരും വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഹജ്ജ്, ഉംറ സേവനങ്ങൾ മെച്ചപ്പെടുത്തൽ, മത്സരക്ഷമത, സുസ്ഥിരത എന്നീ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു. തീർഥാടകർക്ക് സേവനം നൽകുന്നതിൽ സർക്കാർ വകുപ്പുകൾ ചെയ്തതും നടപ്പാക്കാൻ പോകുന്നതുമായ പ്രവർത്തനങ്ങളും സംവിധാനങ്ങളും സന്ദർശകർക്ക് പരിചയപ്പെടുത്തി. സമ്മേളനത്തിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിയതായി ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് ബിൻ സുലൈമാൻ മുശാത് പറഞ്ഞു. ഭരണകൂടം നൽകുന്ന തുറന്ന പിന്തുണയാൽ പൊതു, സ്വകാര്യ മേഖലകളിലും ലാഭം ലക്ഷ്യമല്ലാത്ത സേവന സ്ഥാപനങ്ങളിലും നിന്നുമുള്ള എല്ലാ കക്ഷികളെയും സമ്മേളനത്തിലേക്കും പ്രദർശനത്തിലേക്കും ആകർഷിക്കാൻ കഴിഞ്ഞു.
വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് മേളയിലെത്തിയ മന്ത്രിമാർക്കും ഹജ്ജ് മിഷൻ മേധാവികൾക്കും മന്ത്രി നന്ദി പറഞ്ഞു. ഹജ്ജ്, ഉംറ സംവിധാനങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ കാണിച്ച് സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും ഉള്ളടക്കം സന്ദർശകരുടെ ശ്രദ്ധയാകർഷിച്ചതായി ഹജ്ജ്- ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദാഹ് പറഞ്ഞു.
പരിപാടി സംരംഭകരെ ശാക്തീകരിക്കുന്നതും സേവനങ്ങളിലെ നവീകരണത്തെ ഉത്തേജിപ്പിക്കുന്നതുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാപന ചടങ്ങിൽ ‘ഹജ്ജ്, ഉംറ ചലഞ്ച്’, ‘എന്റെ സർഗാത്മകത’ (ഇന്നൊവേഷൻ) എന്നീ മത്സരങ്ങളിൽ പങ്കെടുത്തവരെയും നിക്ഷേപകരെയും പങ്കാളികളെയും വിശിഷ്ട പവിലിയനുകളെയും ഹജ്ജ്-ഉംറ മന്ത്രാലയം ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.