‘ഹജ്ജ് എക്സ്പോ’ ജനുവരി ഒമ്പതു മുതൽ 12 വരെ
text_fieldsജിദ്ദ: രണ്ടാമത് ‘ഹജ്ജ് എക്സ്പോ’ ജനുവരി ഒമ്പതു മുതൽ 12 വരെ ജിദ്ദയിൽ നടക്കും. ഹജ്ജും ഉംറയുമായി ബന്ധപ്പെട്ട സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും ഉദ്ഘാടനം മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ നിർവഹിക്കും. വിവിധ രാജ്യങ്ങളിൽനിന്നു വരുന്ന തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നൂതന സംവിധാനങ്ങളും സൗകര്യങ്ങളും സേവനങ്ങളും കാണുന്നതിനും യാത്രാനടപടികൾ എളുപ്പമാക്കുന്നതിനും ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായാണ് ‘ഹജ്ജ് എക്സ്പോ’ സംഘടിപ്പിക്കുന്നത്.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള ഗവേഷകർ, പ്രതിഭകൾ, സംരംഭകർ എന്നിവരുടെ വിജയകരമായ അനുഭവങ്ങൾ പങ്കുവെക്കാനുള്ള അവസരമാണ് ഹജ്ജ് എക്സ്പോയും സമ്മേളനവുമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. 56ലധികം രാജ്യങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കും. വിവിധ വകുപ്പുകളിൽനിന്നുള്ള 200 പ്രസംഗകരുണ്ടാകും. സമ്മേളനത്തിൽ 400 കരാറുകൾ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിലും പ്രദർശനത്തിലും 10 പ്രധാന സെഷനുകൾ, 13 ഡയലോഗ് സെഷനുകൾ, ‘ഹജ്ജ് ടോക്ക്’ സെഷനുകൾ, 36 വർക്ക്ഷോപ്പുകൾ എന്നിവ ഉൾപ്പെടുന്നു.
ഹജ്ജ്, ഉംറ സേവനമെന്ന നല്ല സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി അനുബന്ധ പരിപാടികളും പ്രവർത്തനങ്ങളുമുണ്ടാകും. ഇസ്ലാമിക് എക്സിബിഷൻ, ‘ഹജ്ജ് ഹാക്കത്തൺ’ ഏരിയ, സ്റ്റാർട്ടപ് ഏരിയ എന്നിവയും ഉണ്ടാകും. സേവനങ്ങൾ മികച്ചതാക്കുന്നതിനാവശ്യമായ നിരവധി സുപ്രധാന വിഷയങ്ങളും ചർച്ചചെയ്യും.
ലോജിസ്റ്റിക്സ്, ഗതാഗതം, ക്രൗഡ് മാനേജ്മെൻറ് സേവനങ്ങൾ, ഹൗസിങ്, സ്വീകരണം, ഭക്ഷണം, കേറ്ററിങ് സേവനങ്ങളും സൗകര്യങ്ങളും, സുരക്ഷ മാനേജ്മെൻറ്, ആരോഗ്യസംരക്ഷണം, തീർഥാടകരുടെ അനുഭവം സമ്പന്നമാക്കൽ എന്നിവ ചർച്ചചെയ്യുന്ന വിഷയങ്ങളിലുൾപ്പെടും. ഹജ്ജ്, ഉംറ കാര്യങ്ങളിൽ സ്പെഷലൈസ് ചെയ്ത ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ജാലകമാകും ഹജ്ജ് എക്സ്പോ. നിക്ഷേപകർക്കും പ്രതിഭകൾക്കും വികസനത്തിൽ താൽപര്യമുള്ളവർക്കും ഒരു പ്ലാറ്റ്ഫോമും ഗേറ്റ്വേയുംകൂടിയാണിത്. ഹജ്ജ് എക്സ്പോയിൽ നിരവധി സംഘടനകളും കമ്പനികളും പങ്കെടുക്കുമെന്നും ഹജ്ജ് ഉംറ മന്ത്രി പറഞ്ഞു.
2021ൽ നടന്ന ആദ്യ ഹജ്ജ് എക്സിബിഷനും സമ്മേളനവും മികച്ച വിജയമാണ് നേടിയത്. 115 കരാറുകളിൽ ഒപ്പുവെക്കുകയും 45,000 ആളുകൾ എക്സ്പോ സന്ദർശിക്കുകയും ചെയ്തു. രണ്ടാം പതിപ്പും വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ്. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്രീയ സെഷനുകൾ, വർക്ക്ഷോപ്പുകൾ, പരിശീലന പരിപാടികൾ എന്നിവയിൽ മത-ഔഖാഫ് കാര്യം, ഹജ്ജ് മന്ത്രിമാർ, അംബാസഡർമാർ, കോൺസൽമാർ, പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള ഹജ്ജ്, ഉംറ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഏജൻസികൾ എന്നിവരുടെ വൻ പങ്കാളിത്തവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.