ഹജ്ജ് അവസാനഘട്ട നടപടി: തിരഞ്ഞെടുത്തവർക്ക് സന്ദേശം അയച്ചു തുടങ്ങി
text_fieldsജിദ്ദ: ഹജ്ജിന് തിരഞ്ഞെടുത്തവർക്ക് അവസാനഘട്ട നടപടികൾ പൂർത്തിയാക്കാൻ അവരുടെ മൊബൈൽ ഫോണുകളിലേക്ക് എസ്.എം.എസുകൾ അയച്ചു തുടങ്ങി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് അവസാനഘട്ട നടപടികൾ പൂർത്തിയാക്കാൻ ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് ട്രാക്ക് തുറന്നത്. തുടർ നടപടികൾ എങ്ങനെയായിരിക്കണമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അപേക്ഷകരുടെ പ്രായം സീനിയോറിറ്റിയായി കണക്കാക്കിയാണ് എസ്.എം.എസ് അയക്കുന്നത്. 50നും 65നും ഇടയിലുള്ളവർക്ക് നടപടി പൂർത്തിയാക്കാൻ വ്യാഴാഴ്ച രാത്രി മുതൽ സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയിട്ടുണ്ട്. 41നും 50 നുമിടയിലുള്ളവർക്ക് ശനിയാഴ്ച മുതലാണ് സന്ദേശം അയച്ചു തുടങ്ങിയത്. പ്രായപരിധി അനുസരിച്ച് വരും ദിവസങ്ങളിൽ അപേക്ഷകർക്ക് സന്ദേശങ്ങൾ എത്തുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജ് രജിസ്ട്രേഷൻ അവസാനഘട്ട നടപടികൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾ ആവശ്യമായ നിബന്ധനകൾ പൂർത്തിയാക്കുന്നതുവരെ അന്തിമ സ്വീകാര്യതയായി കണക്കാക്കില്ലെന്ന് ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽഫതാഹ് മുശാത് പറഞ്ഞു. അൽ-അഖ്ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. എസ്.എം.എസ് ലഭിക്കുന്നത് ഹജ്ജിന് തിരഞ്ഞെടുത്തു എന്നതിന് അന്തിമ തീരുമാനമായി എന്നർഥമില്ല. നിർദിഷ്ട മാനദണ്ഡങ്ങളുടെ പൂർത്തീകരണത്തെയും ലഭ്യമായ സീറ്റുകളെയും ആശ്രയിച്ചാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുകയെന്നും മന്ത്രി വിശദീകരിച്ചു. മുഴുവൻ നടപടികളും പൂർത്തിയാക്കാതെ ഹജ്ജിനുള്ള അനുമതി പത്രം ലഭിക്കില്ല.
ഭിന്നശേഷിക്കാർക്ക് നിശ്ചിത ശതമാനം സംവരണം ചെയ്തിട്ടുണ്ട്. എല്ലാ നടപടികളും പൂർത്തിയായി അനുമതി പത്രം (തസ്രീഹ്) ലഭിച്ചാൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് രണ്ടാംഡോസ് എടുക്കാനാകും. രണ്ടാം ഡോസ് എടുക്കാത്തവർക്കാണ് ഈ തസ്രീഹ് കാണിച്ച് താമസ സ്ഥലത്തിനടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് കുത്തിവെപ്പെടുക്കാൻ അനുമതി. ഇക്കാര്യം ആവശ്യപ്പെടുന്ന എസ്.എം.എസും അയക്കും. രണ്ടാം ഡോസുമെടുത്ത് വാക്സിനേഷൻ പൂർത്തിയാക്കേണ്ടത് ഹജ്ജ് നിർവഹിക്കാൻ നിർബന്ധമാണ്. ആരോഗ്യ മന്ത്രാലയം അത് അടിസ്ഥാന ആവശ്യകതകളിലൊന്നായി നിശ്ചയിച്ചിട്ടുണ്ട്.
നടപടികൾ പൂർത്തിയായാൽ പണം അടക്കാനുള്ള 'സദാദ്'നമ്പർ അയക്കും. അതിന് മൂന്ന് മണിക്കൂർ സമയമാണ് അനുവദിക്കുക. അതിനുള്ളിൽ പണം അടക്കണം. അല്ലെങ്കിൽ അവസരം നഷ്ടപ്പെടും. അത് വെയിറ്റിങ് ലിസ്റ്റിൽ ഉള്ളയാൾക്ക് ലഭിക്കും. ഹജ്ജ് അനുമതി പത്രത്തെ 'അബ്ശിർ', 'തവക്കൽനാ'ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ഹജ്ജിനുള്ള രജിസ്ട്രേഷൻ റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സംവിധാനമുണ്ട്. ഹജ്ജ്, ഉംറ മന്ത്രാലയ വെബ്സൈറ്റിൽ ഇതിന് സൗകര്യമുണ്ട്. ഭാവിയിൽ ഒരു പിഴക്കും വിധേയനാകാതിരിക്കാൻ റദ്ദാക്കാനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനു മുമ്പ് അവ ശ്രദ്ധാപൂർവം വായിക്കണമെന്നും ഹജ്ജ് ഉംറ സഹമന്ത്രി പറഞ്ഞു.
പാർക്കിങ് സ്ഥലങ്ങളിലെ അറ്റകുറ്റപ്പണി പൂർത്തിയായി
ജിദ്ദ: ഹജ്ജിെൻറ മുന്നോടിയായി മക്കയിലെ പാർക്കിങ് സ്ഥലങ്ങളിലെ അറ്റകുറ്റപ്പണി പൂർത്തിയായി. മക്ക മുനിസിപ്പാലിറ്റിയാണ് തീർഥാടകരെ സ്വീകരിക്കാൻ മക്കയുടെ വിവിധ ഭാഗങ്ങളിലെ അഞ്ചു പാർക്കിങ് കേന്ദ്രങ്ങളിലെയും അനുബന്ധ കെട്ടിടങ്ങളിലെയും അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിലേക്കും മക്കക്കുള്ളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നത് തടയുമെന്നതിനാൽ തീർഥാടകരെയും വഹിച്ചെത്തുന്ന വാഹനങ്ങൾ പ്രത്യേക പാർക്കിങ് കേന്ദ്രങ്ങളിലേക്കായിരിക്കും തിരിച്ചുവിടുക.
പാർക്കിങ് സ്ഥലങ്ങളിലെ സർക്കാർ സേവന കേന്ദ്രങ്ങൾ, കാത്തിരിപ്പ് ഹാളുകൾ, ശൗചാലയങ്ങൾ തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയാണ് പൂർത്തിയാക്കിയതെന്ന് മുനിസിപ്പാലിറ്റി നിർമാണ, പരിപാലന ഏജൻസി പറഞ്ഞു. തീർഥാടകർക്കുവേണ്ട സൗകര്യം ഒരുക്കും. അഞ്ചു പാർക്കിങ് സ്ഥലങ്ങളിലായി 50,000 വാഹനങ്ങൾ നിർത്തിയിടാനാവും. ശുചീകരണ ജോലികൾ തുടരും. ഇതിനാവശ്യമായ ആളുകളെ നിയോഗിക്കുമെന്നും ഏജൻസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.