ഹജ്ജ്: ആദ്യ ഇന്ത്യൻ സംഘം മദീനയിൽ
text_fieldsന്യൂഡൽഹി-മദീന: ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഇൗവർഷത്തെ ആദ്യ ഹജ്ജ് തീർഥാടകർ ഡൽഹിയിൽനിന്ന് മദീനയിൽ എത്തി. ശനിയാഴ്ച ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി 410 തീർഥാടകരുള്ള ആദ്യവിമാനം ഫ്ലാഗ്ഒാഫ് ചെയ്തു.
ഉച്ചക്ക് 1.50നാണ് മദീന അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീർഥാടകർ എത്തിയത്. ഇന്ത്യൻ അംബാസഡർ അഹ്മദ് ജാവേദ്, ജിദ്ദയിലെ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഡെപ്യൂട്ടി കോൺസൽ ജനറലും ഹജ്ജ് കോൺസലുമായ മുഹമ്മദ് ശാഹിദ് ആലം, വിമാനത്താവള അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ യാത്രക്കാരെ സ്വീകരിച്ചു. രണ്ടര വയസ്സുകാരനായ മുഹമ്മദ് അനസാണ് വിമാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തീർഥാടകൻ.
234 സർവിസുകളാണ് മദീനയിലേക്ക് വരുന്നത്. 67,302 യാത്രക്കാരാകും ഇവിടെ ഇറങ്ങുക. ന്യൂഡൽഹി, ഗയ, ഗോവ, ഗുവാഹതി, കൊൽക്കത്ത, ലഖ്നോ, മംഗലാപുരം, ശ്രീനഗർ, വാരാണസി എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങളാണ് മദീനയിലെത്തുന്നത്. ഡൽഹിയിൽനിന്ന് മൊത്തം 1200 തീർഥാടകരാണ് ശനിയാഴ്ച മദീനയിലേക്ക് യാത്രയായത്. ഗയയിൽനിന്ന് 450, ഗുവാഹതിയിൽനിന്ന് 269, ലഖ്നോവിൽനിന്ന് 900, ശ്രീനഗറിൽനിന്ന് 1020 തീർഥാടകരും സൗദിയിൽ എത്തി. ഹജ്ജ് കമ്മിറ്റി മുഖേന ഇൗവർഷം മൊത്തം 1,28,702 തീർഥാടകർക്കാണ് സർക്കാർ സൗകര്യം ഒരുക്കുക.
സുഗമമായ ഹജ്ജ് നിർവഹണത്തിന് പ്രാരംഭ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായതായി മന്ത്രി നഖ്വി പറഞ്ഞു.. സബ്സിഡി ഒഴിവാക്കിയതും സൗദിയിലെ പുതിയ നികുതി ചുമത്തലും ഒഴിച്ചാൽ മറ്റു സാമ്പത്തിക ബാധ്യതകൾ ഹാജിമാർക്കുണ്ടാകില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിമാന കമ്പനികൾക്ക് നൽകുന്ന തുകയിൽ 57 കോടിയുടെ കുറവുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽനിന്ന് 1,75,025 ഹാജിമാർ ഇത്തവണ പോകുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രയും കൂടുതൽ പേർ ഇതാദ്യമാണ്. 47 ശതമാനം സ്ത്രീകളാണെന്ന് മാത്രമല്ല, ‘മഹ്റം’ ഇല്ലാതെ 1308 സ്ത്രീ തീർഥാടകരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഡൽഹി റവന്യൂ, ട്രാൻസ്പോർട്ട് മന്ത്രി കൈലേഷ് ഗെഹ്ലോട്ട്, ഹജ്ജ് കമ്മിറ്റി ചെയർമാൻ ചൗധരി മഹ്ബൂബ് അലി കൈസർ, ഡൽഹി ഹജ്ജ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഇശ്റാക് ഖാൻ എം.എൽ.എ, ന്യൂനപക്ഷ മന്ത്രാലയ സെക്രട്ടറി അമീസിങ് ലുകാം എന്നിവരും പെങ്കടുത്തു. ജൂലൈ 29നാണ് ജിദ്ദയിലേക്കുള്ള ആദ്യ വിമാനം. ആഗസ്റ്റ് ഒന്നിന് കൊച്ചിയിൽ നിന്നാണ് കേരളത്തിൽനിന്നുള്ള ആദ്യവിമാനം. ആഗസ്റ്റ് 16ന് ജയ്പുരിൽനിന്ന് അവസാന വിമാനം ജിദ്ദയിലിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.