വൈകാരിക നിമിഷത്തിന് സാക്ഷിയായി ഹറം
text_fieldsമക്ക: ഏറെ നാളത്തെ ഇടവേളക്കുശേഷമാണ് പുണ്യ നഗരങ്ങൾ സജീവമാകുന്നത്. ഹജ്ജിന് തുടക്കംകുറിച്ച് ആയിരത്തിലേറെ ഹാജിമാര്‍ കഅ്ബയെ വലയം ചെയ്തു. ചരിത്രത്തില്‍ ആദ്യമായി രണ്ടു മീറ്റര്‍ അകലം പാലിച്ച് ത്വവാഫും സഅ്യും. നിറകണ്ണുകളോടെ ഹാജിമാര്‍ മത്വാഫില്‍ സുജൂദ് ചെയ്തു. ലോക മുസ്ലിംകളുടെ വൈകാരിക നിമിഷത്തിന് സാക്ഷിയാവുകയായിരുന്നു ഹറമും പുണ്യനഗരികളും. അഞ്ചു മാസത്തോളമായി ഹറമിലേക്ക് പുറത്തുനിന്നുള്ള വിശ്വാസികൾക്ക് പ്രവേശനമില്ലായിരുന്നു. ഹജ്ജിെൻറ ഭാഗമായാണ് ഹറം വീണ്ടും വിശ്വാസികൾക്കായി ആദ്യമായി തുറക്കുന്നത്. എന്നാൽ ഹജ്ജിന് തെരഞ്ഞെടുത്ത ഹാജിമാർക്ക് മാത്രമാണ് ഹജ്ജ് തീരുന്നതുവരെ പ്രവേശനം. ഏതൊരു മുസ്ലിമും ജീവിതത്തിൽ ഏറെ കൊതിക്കുന്ന ഹജ്ജ് നിർവഹിക്കാൻ ഇത്തവണ അവസരം ലഭിച്ചവർക്ക് അതൊരു മഹാസൗഭാഗ്യമായി മാറുകയായിരുന്നു. 25 ലക്ഷം പേർ പെങ്കടുക്കുന്ന ഹജ്ജ് ഇത്തവണ കോവിഡ് സാഹചര്യത്തിൽ ആയിരത്തോളം ആളുകൾക്കായി പരിമിതപ്പെടുത്തുകയായിരുന്നു. അതിലൊരാളായി തെരഞ്ഞെടുക്കപ്പെടുക മഹത്തായ സൗഭാഗ്യമായാണ് അവസരം കിട്ടിയവരെല്ലാം കരുതുന്നത്. ഇതിൽ പലർക്കും അവസാന നിമിഷത്തിലാണ് ആ സന്തോഷവാർത്ത ഹജ്ജ് സർവിസ് ഓഫിസിൽനിന്ന് ലഭിച്ചത്. പലർക്കും അത് ആദ്യം വിശ്വസിക്കാനായില്ല. വീണ്ടും ഹജ്ജ് മന്ത്രാലയത്തിൽ വിളിച്ച് ഉറപ്പുവരുത്തിയാണ് പലരും വിശ്വസിച്ചത്.
ഇത്തവണ പണച്ചെലവുമില്ലാതെയാണ് തീർഥാടകർക്ക് സൗദി ഹജ്ജ് മന്ത്രാലയം ഹജ്ജിന് അവസരം ഒരുക്കിയത്. ഒരു തുകയും ഫീസായി അടക്കേണ്ടിവന്നില്ല. സപ്ത നക്ഷത്ര സൗകര്യങ്ങളാണ് ഇത്തവണ ഹാജിമാർക്ക് താമസകാര്യങ്ങളിലുൾപ്പെടെ ഒരുക്കിയിട്ടുള്ളത്. ഹാജിമാർക്ക് ഉടുക്കാനുള്ള വസ്ത്രം മുതൽ എല്ലാ ഉപകരണങ്ങളും ഹജ്ജ് സർവിസ് കമ്പനി സൗജന്യമായി നൽകുന്നു. ഇതിെൻറ ചെലവ് ഹജ്ജ് മന്ത്രാലയം വഹിക്കും. ഹാജിമാർക്ക് യാത്ര ചെയ്യാനായി വി.വി.െഎ.പി ബസ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചവരിൽ 30ഒാളം ഇന്ത്യക്കാരാണുള്ളത്. മലപ്പുറം മഞ്ചേരി മേലാക്കം സ്വദേശി മുസ്ലിയാരകത്ത് ഹസീബ് അടക്കം വളരെ ചുരുക്കം മലയാളികൾക്കും അവസരം കിട്ടിയിട്ടുണ്ട്. 12 വർഷമായി ജിദ്ദയിൽ സ്വകാര്യ ഷിപ്പിങ് കമ്പനിയിൽ ജോലിചെയ്യുന്ന ഹസീബ് വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട് കാത്തിരിക്കെ അവസാന നിമിഷമാണ് ഹജ്ജിനുള്ള വിളിയെത്തിയത്. ജീവിതത്തിലെ മറക്കാനാവാത്ത അത്ര വലിയ സൗഭാഗ്യമാണ് തന്നെ തേടിയെത്തിയിരിക്കുന്നതെന്ന് ഹസീബ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരും സുരക്ഷ ജീവനക്കാരുമാണ് ഇത്തവണ ഹജ്ജ് ചെയ്യുന്നവരില്‍ ഭൂരിഭാഗവും. കോവിഡ് സാഹചര്യത്തിൽ ഹജ്ജ് സുരക്ഷിതമായി അവസാനിപ്പിക്കാൻ പഴുതടച്ച ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.