ഹജ്ജ്: മക്കയിൽ ഇനി വിപണി ഉണരും കാലം
text_fieldsമക്ക: ഹജ്ജ് കാലത്ത് ഏറ്റവും സജീവമാകുന്നതാണ് മക്ക നഗരത്തിനുള്ളിലെ കേമ്പാളങ്ങൾ. രാജ്യത്തുതന്നെ ഏറ്റവും സജീവമാകുന്ന വിപണി. എന്നാൽ, കോവിഡ് സാഹചര്യത്തിൽ വിദേശി ഹാജിമാർ എത്താതായതോടെ ഇൗ പ്രതാപത്തിന് മങ്ങലേറ്റിരുന്നു. പല ബിസിനസുകളെയും സാരമായി ബാധിച്ചു.
കഴിഞ്ഞ തവണ വളരെ പരിമിതമായ എണ്ണം ആഭ്യന്തര തീർഥാടകർ മാത്രമാണ് ഹജ്ജിന് എത്തിയിരുന്നത്. അത്രയും പേരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ, ഇത്തവണ കൂടുതൽ ഹാജിമാർ എത്തുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് വ്യാപാരരംഗത്തുള്ളവർ പറയുന്നു. ഹജ്ജിനും ഉംറക്കും എത്തുന്ന വിദേശ തീർഥാടകരെ ആശ്രയിച്ചാണ് ഹറമിനു പരിസരത്തും മക്കയിലുമുള്ള വിപണികൾ സജീവമാകുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധികൾ ആരംഭിച്ചതോടെ ഹറമും പരിസരവും തീർഥാടകരില്ലാതെ ശൂന്യമായി മാറുകയായിരുന്നു.
നിരവധി മലയാളികൾ ജോലി ചെയ്തിരുന്ന ഇവിടങ്ങളിൽ പിടിച്ചു നിൽക്കാനാവാതെ പലരും കടകൾ അടച്ചിടേണ്ടിവന്നു. ബിസിനസ് ഒഴിവാക്കി നാട്ടിലേക്കു മടങ്ങിയ വിദേശികളുടെ എണ്ണം കുറവല്ല.പ്രതിസന്ധിയെ മറികടക്കാൻ പലരും മറ്റു ബിസിനസ് മേഖലകളിലേക്ക് കളംമാറ്റിച്ചവിട്ടിയിരുന്നു. എന്നാൽ, ഹജ്ജ് പൂർവസ്ഥിതിയിലേക്കു മടങ്ങിവരുന്നത് വലിയ പ്രതീക്ഷയാണ് ബിസിനസ് മേഖലയിലുള്ളവർക്ക് നൽകുന്നത്. റമദാൻ ഉൾപ്പെടെ കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ ആഭ്യന്തര ഉംറകൾ അനുവദിച്ചതോടെ വിപണിയിൽ കൂടുതൽ ഉണർവ് പ്രകടമായിരുന്നു.
ഇത്തവണ 60,000 ആഭ്യന്തര തീർഥാടകരാണ് ഹജ്ജിനായി എത്തുന്നത്. ഹജ്ജ് വിജയകരമാകുന്നതോടെ ഉംറയും കൂടുതൽ സജീവമാകും.അതോടെ പൂർവസ്ഥിതിയിലേക്ക് മടങ്ങാനാവും എന്നാണ് പ്രതീക്ഷ. വിമാന സർവിസുകൾകൂടി പൂർവസ്ഥിതിയിലേക്കു മടങ്ങിയാൽ വിപണിയിൽ കൂടുതൽ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് മക്കയിലെ ബിസിനസ് രംഗത്തുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.