ഹജ്ജ് രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കുള്ള വേദിയല്ല - അറഫ പ്രഭാഷണം
text_fieldsഅറഫ: ഹജ്ജ് മതപരമായ അനുഷ്ടാനമാണെന്നും രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കുള്ള വേദിയല്ലെന്നും അറഫ പ്രഭാഷണത്തിൽ മക്ക ഹറം ഇമാം ശൈഖ് ഡോ. മാഹിർ അൽമുഅയ്ഖലി. ശനിയാഴ്ച ഉച്ചക്ക് 20 ലക്ഷത്തിലധികം തീർഥാടകരെ സാക്ഷി നിർത്തി മസ്ജിദുന്നമിറയിൽ നടത്തിയ അറഫ പ്രഭാഷണത്തിൽ ഫലസ്തീൻ ജനതയുടെ മോചനത്തിനായി നെഞ്ചുരുകി പ്രാർഥിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ആചാരാനുഷ്ഠാനങ്ങളുടെയും ദൈവത്തെ ആരാധിക്കുന്നതിലെ ആത്മാർഥതയുടെയും പ്രകടനമാണ് ഹജ്ജ്. രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കോ ഏതെങ്കിലും രാഷ്ട്രീയ പക്ഷം പിടിക്കാനോ ഉള്ളതല്ല ഹജ്ജ് കർമങ്ങൾ.
തീർഥാടകർക്ക് അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സുരക്ഷിതമായി നിർവഹിക്കുന്നതിന് ഹജ്ജ് നിയന്ത്രണങ്ങളും നിർദേശങ്ങളും എല്ലാവരും പാലിക്കേണ്ടതുണ്ട്. ഇഹത്തിലും പരത്തിലും നല്ല ഫലവും വിജയവും കൈവരിക്കുന്നതിന് ദൈവത്തെ ഭയപ്പെടണമെന്നും ഇമാം തീർഥാടകരോടും ലോക മുസ്ലീങ്ങളോടും ആഹ്വാനം ചെയ്തു. അറഫയിൽ നിൽക്കുമ്പോൾ മഹത്തായ അനുഗ്രഹങ്ങൾ നേടിയെടുക്കാനും തീർഥാടകരോട് അഭ്യർഥിച്ചു.
ദൈവത്തിന് മാത്രം ആരാധനകൾ അർപ്പിക്കുകയും അത് മറ്റാർക്കും സമർപ്പിക്കാതിരിക്കുകയും ചെയ്യുക എന്നത് നിർബന്ധമായ ദൈവഭയത്തിെൻറ ഭാഗമാണ്. ഇതാണ് ദൈവത്തിെൻറ മതവും നിയമവും. അവൻ അത് സൃഷ്ടികൾക്കായി തെരഞ്ഞെടുക്കുകയും അതിലൂടെ അവരോട് കരുണ കാണിക്കുകയും ചെയ്തിരിക്കുന്നു. അത് അവർക്ക് നന്മയും നേട്ടങ്ങളും നൽകുകയും തിന്മയിലും അഴിമതിയിലും നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്നു. ശരീഅത്ത് പുണ്യം നേടുന്നതിനും നന്മ വർധിപ്പിക്കുന്നതിനും തിന്മകളെ തടയുന്നതിനുമുള്ള വ്യവസ്ഥയാണ്. ദ്രോഹം തടയുന്നതിന് മുൻഗണന നൽകണമെന്നതാണ് അതിെൻറ തേട്ടം.
അത് ജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനും വികസനം കൈവരിക്കുന്നതിനും പ്രാപ്തമാക്കുന്ന എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്നതാണ്. മറ്റുള്ളവരെ ഉപദ്രവിക്കുന്നത് അത് നിരോധിച്ചിരിക്കുന്നു. നീതി, ധാർമികത, മാതാപിതാക്കളെ ബഹുമാനിക്കുക, കുടുംബബന്ധങ്ങൾ നിലനിർത്തുക, സത്യം പറയുക, അവകാശങ്ങൾ അതിെൻറ ആളുകൾക്ക് കൈമാറുക, ഉത്തരവാദിത്വം സത്യസന്ധമായി നിർവഹിക്കുക, കരാറുകളും ഉടമ്പടികളും പാലിക്കുക, രക്ഷാകർതൃത്വമുള്ളവരെ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നിവ അത് കൽപിച്ചിരിക്കുന്നുവെന്നും ഇമാം പറഞ്ഞു.
മതം, ആത്മാവ്, മനസ്, പണം, ബഹുമാനം എന്നിവ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ പരിപാലിക്കേണ്ടത് ശരീഅത്തിെൻറ ആവശ്യമാണ്. അത് ലംഘിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഈ ആവശ്യങ്ങൾ സംരക്ഷിക്കുക എന്നത് സ്വർഗത്തിൽ പ്രവേശിക്കുന്നതിനും ഈ ലോകത്തിലെ പുരോഗതിക്കും നാഗരികതക്കുമുള്ള ഒരു കാരണമാണ്. അത് നഷ്ടപ്പെട്ടാൽ, ജീവിതം അസ്വസ്ഥമാകും. അത് ലംഘിക്കുന്നത് മരണാനന്തര ജീവിതത്തിൽ ശിക്ഷയിലേക്ക് നയിക്കും.
പ്രവാചകന്‍ പറഞ്ഞു: നിങ്ങളുടെ രക്തവും സമ്പത്തും നിങ്ങള്‍ക്ക് പവിത്രമാണ്. ഈ നാട്ടിലെ, ഈ മാസത്തിലെ, ഈ ദിനത്തിെൻറ പവിത്രത പോലെ. അന്യായമായി ഒരാളെ വധിക്കുന്നത് ശരീഅത്ത് വിലക്കിയിട്ടുണ്ട്. ആളുകളുടെ സമ്പത്തും മനസും സംരക്ഷിക്കേണ്ടതിെൻറ ആവശ്യകത ഉൗന്നിപ്പറഞ്ഞിട്ടുണ്ട്. ആളുകളുടെ അഭിമാനത്തിൽ ഇടപെടുന്നത് വിലക്കുകയും ചെയ്തിരിക്കുന്നത്. അതിനാൽ ശരീഅത്തിെൻറ ലക്ഷ്യങ്ങൾ ഒരോ മുസ്ലിം സംരക്ഷിക്കേണ്ടതുണ്ട്. അതിനെ സംരക്ഷിക്കുന്നതിൽ ഓരോരുത്തർക്കും അവരവരുടെ ഉത്തരവാദിത്തത്തിനും പ്രവൃത്തിക്കും അനുസരിച്ചുള്ള ഉത്തരവാദിത്തമുണ്ടെന്നും ഇമാം പറഞ്ഞു.
ശത്രുവിെൻറ ആക്രമണം സഹിച്ചും ഭക്ഷണം, മരുന്ന്, പോഷണം, വസ്ത്രം എന്നിവ നിഷേധിക്കപ്പെട്ടും കഴിയുന്ന ഫലസ്തീനിലെ സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിക്കണമെന്നും ഇമാം അറഫ പ്രസംഗത്തിൽ തീർഥാടകരോട് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.