ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഹജ്ജ് അനുമതിയില്ല
text_fieldsറിയാദ്: ടൂറിസ്റ്റ് വിസയിൽ സൗദി അറേബ്യയിൽ എത്തുന്നവർക്ക് ഹജ്ജ് ചെയ്യാൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇത്തരക്കാർക്ക് ഹജ്ജ് സീസണിൽ ഉംറക്കും അവസരം ലഭിക്കില്ല. വിനോദസഞ്ചാര വിസകളിൽ രാജ്യത്ത് വരുന്നവർക്കുള്ള മാർഗനിർദേശങ്ങളിൽ മന്ത്രാലയം വരുത്തിയ ഭേദഗതി വ്യവസ്ഥകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ നിയമങ്ങളും സുരക്ഷവ്യവസ്ഥകളും പാലിക്കുന്നതോടൊപ്പം സൗദിയിൽ തങ്ങുന്ന വേളയിൽ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ കൈവശം കരുതണമെന്നും നിഷ്കർഷയുണ്ട്. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ താമസരേഖയുള്ള വിദേശ പൗരന്മാർക്ക് സൗദിയിലേക്ക് ഓൺലൈൻ ഇ-ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന മന്ത്രാലയ തീരുമാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇത്തരം രാജ്യങ്ങളിൽ ഫസ്റ്റ് ക്ലാസ് വിസയുള്ളവരുടെ കുടുംബാംഗങ്ങൾക്കും വീട്ടുജോലിക്കാർക്കും ഒപ്പം വിസ ലഭിക്കും. അപേക്ഷകർ നിലകൊള്ളുന്ന രാജ്യങ്ങളിലെ താമസരേഖക്ക് മൂന്ന് മാസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണമെന്ന വ്യവസ്‌ഥയുണ്ട്. സൗദി വിനോദസഞ്ചാര മേഖല ലോകരാജ്യങ്ങളിലെ പൗരന്മാർക്ക് പ്രാപ്യമാക്കുകയും വിസ നടപടികൾ ലഘൂകരിക്കുകയും ചെയ്യുന്ന പുതിയ ഭേദഗതി ഉത്തരവിൽ ടൂറിസം മന്ത്രി അഹ്‌മദ് അൽ ഖത്തീബ് ഒപ്പുവെച്ചു. ഭേദഗതി പ്രകാരം യു.എസ്, ബ്രിട്ടൻ, ഷെങ്കൻ കരാറിൽ ഉൾപ്പെട്ട രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ടൂറിസ്റ്റ്, ബിസിനസ് വിസകളിൽ ഒരിക്കൽ സൗദിയിലെത്തിയവർക്ക് പിന്നീട് ഓൺ അറൈവൽ വിസ ലഭിക്കും.
ഇതിനിടെ ഉംറ വിസയിൽ സൗദിയിൽ എത്തുന്നവർക്ക് ഇഷ്ടമുള്ള വിമാനത്താവളം തിരഞ്ഞെടുക്കാമെന്ന തീരുമാനം ഹജ്ജ്-ഉംറ മന്ത്രാലയം ആവർത്തിച്ചു. ഇവർക്ക് ജിദ്ദ, മക്ക, മദീന കൂടാതെയുള്ള പ്രദേശങ്ങൾ സന്ദർശിക്കാനും അനുമതിയുണ്ട്. എന്നാൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽനിന്ന് ഇനിയും അറിയിപ്പ് ലഭിക്കാത്തതിനാൽ എയർ ട്രാവൽ ഗ്രൂപ്പുകൾ ജിദ്ദയും മദീനയും ഒഴികെയുള്ള വിമാനത്താവളങ്ങളിലേക്ക് ഉംറ തീർഥാടകർക്ക് ടിക്കറ്റ് നൽകാത്ത സാഹചര്യം നിലനിൽക്കുകയാണ്. ഹജ്ജ്-ഉംറ മന്ത്രാലയം തീരുമാനം ആവർത്തിച്ച സ്ഥിതിക്ക് വൈകാതെ ഏവിയേഷൻ ഉത്തരവ് വിമാനത്താവളത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുംബൈ ആസ്ഥാനമായ പ്രമുഖ ട്രാവൽ ഓഫിസ് വക്താവ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.