ഹജ്ജ്; ദുൽഹജ്ജ് ആദ്യ ജുമുഅയിൽ പങ്കെടുക്കാൻ ഹറമിലെത്തിയത് ലക്ഷങ്ങൾ
text_fieldsമക്ക: ദുൽഹജ്ജ് ആദ്യ വെള്ളിയാഴ്ച ജുമുഅയിലും പ്രാർഥനയിലും പങ്കെടുക്കാൻ മസ്ജിദുൽ ഹറാമിലെത്തിയത് 10 ലക്ഷത്തിലധികം ഹാജിമാർ. ഇമാം ഡോ. ഉസാമ ഖയാത്ത് നമസ്കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകി. ഹജ്ജിന്റെ പരിശുദ്ധിയെ വിളിച്ചോതുന്നതായിരുന്നു പ്രഭാഷണം. 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്ന മക്കയിലെ ചൂടിനെ അവഗണിച്ചെത്തിയ ഹാജിമാർ ഹറമും പരിസരവും നിറഞ്ഞുകവിഞ്ഞു. ഇന്ത്യൻ ഹാജിമാരിൽ ഭൂരിഭാഗത്തിന് ഹറമിൽ എത്താൻ കഴിഞ്ഞിരുന്നില്ല. പുലർച്ചെ നാലോടെ തിരക്കൊഴിവാക്കലിന്റെ ഭാഗമായി സൗദി അധികൃതർ നിരത്തിൽനിന്ന് ബസുകൾ ഒഴിവാക്കിയിരുന്നു.
ഇതുകാരണമാണ് ഹാജിമാർക്ക് ഹറമിൽ എത്താൻ കഴിയാതായത്. അവരെല്ലാം തങ്ങൾ തങ്ങുന്ന താമസകേന്ദ്രത്തിന്റെ അടുത്തുള്ള പള്ളികളിലാണ് ജുമുഅയിൽ പങ്കെടുത്തത്. ആറുവരെ ഹറമിലെത്തിയ ഹാജിമാരെ തിരിച്ചെത്തിക്കാൻ ബസ് സർവിസ് നടത്തി. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും മക്കയിൽ ശനിയാഴ്ച പുലർച്ചെ എത്തിച്ചേരും. മുംബൈയിൽനിന്നുള്ള വിമാനത്തിലാണ് അവസാനം എത്തുന്ന ഹാജിമാർ. ഹജ്ജിനുള്ള മുന്നൊരുക്കം മുഴുവൻ പൂർത്തിയാക്കി ഇന്ത്യയിൽനിന്നും ഇത്തവണ 1,75,025 ഹാജിമാർ ഹജ്ജിൽ പങ്കെടുക്കുന്നുണ്ട്. ഇവരുടെ ഹജ്ജിലേക്കുള്ള യാത്രക്കുള്ള അവസാന വട്ട ഒരുക്കത്തിലാണ്. ഹജ്ജ് മിഷൻ ട്രെയിൻ ടിക്കറ്റ്, ബലി കൂപൺ, മിനയിലെ തമ്പുകളിലേക്കുള്ള കൂപൺ എന്നിവ ഹാജിമാർക്ക് വിതരണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയാണ് ഹജ്ജ് കർമങ്ങൾക്ക് ആരംഭം കുറിക്കുന്നത്. തിരക്കൊഴിവാക്കാൻ ഹാജിമാർ ശനിയാഴ്ച മഗ്രിബ് മുതൽ മിനയിലേക്ക് പുറപ്പെട്ടു തുടങ്ങും. ഹാജിമാർക്ക് ഇതിനായി പ്രത്യേക നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. ഹജ്ജ് സർവിസ് കമ്പനികൾ ഒരുക്കുന്ന ബസുകളിലാണ് യാത്ര നടത്തുന്നത്. ഇത്തവണ 84,000 ഹജ്ജ് കമ്മിറ്റികളിലായി എത്തിയ ഇന്ത്യൻ ഹാജിമാർക്ക് ഹജ്ജ് കർമങ്ങൾ നടക്കുന്ന മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ മാഷാഇർ മെട്രോ ട്രെയിൻ സംവിധാനം ഉണ്ട്. മറ്റ് ഹാജിമാർ ബസ് മാർഗവും യാത്ര ചെയ്യും. കേരളത്തിൽ നിന്നുള്ള ഹാജിമാരും ഹജ്ജിനായി പുറപ്പെടാൻ ഒരുങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.