ഹജ്ജ്: ഒരുക്കം ആരംഭിച്ചെന്ന് മക്ക ഡെപ്യൂട്ടി ഗവർണർ
text_fieldsജിദ്ദ: അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കം ആരംഭിച്ചതായി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ പറഞ്ഞു. ഹിജ്റ 1446ലെ (2025) ഹജ്ജ് സീസണിനായുള്ള ആസൂത്രണ ശ്രമങ്ങൾ ആരംഭിക്കുന്നതിന് ഹജ്ജ് പ്രോജക്ട് ഓഫിസ് സംഘടിപ്പിച്ച യോഗത്തിലാണ് ഡെപ്യൂട്ടി ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
ഹജ്ജിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക, സംവിധാനങ്ങളും നടപടിക്രമങ്ങളും വികസിപ്പിക്കുക, ഹജ്ജ്, ഉംറ മേഖലയിലെ തൊഴിലാളികളുടെ കാര്യക്ഷമത വർധിപ്പിക്കുക, പ്രതിബന്ധങ്ങളെ ഉടൻ മറികടക്കുന്നതിനും നിരീക്ഷണങ്ങൾ ഒഴിവാക്കുന്നതിനും സഹായിക്കുന്ന ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുക എന്നിവക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതിലുൾപ്പെടും.
നാം നേടേണ്ട ലക്ഷ്യങ്ങൾക്കാണ് ഇവിടെ നാം ഒരുമിച്ച് കൂടിയിരിക്കുന്നത്. 1445ലെ ഹജ്ജിന്റെ നേട്ടങ്ങൾ ഏകീകരിക്കലാണ് ഇതിന്റെ മുൻനിരയിൽ ഉണ്ടാവേണ്ടത്. ഈ വർഷത്തെ ഹജ്ജിന് നേരത്തെയുള്ള തയാറെടുപ്പിന് മുൻഗണന നൽകണം.
ഏറ്റവും വിശുദ്ധമായ ഈ ഭൂമി സന്ദർശിക്കുന്നവരോട് നമുക്കെല്ലാവർക്കും നമ്മുടെ ഉത്തരവാദിത്തം തോന്നണം. ലക്ഷ്യത്തിലെത്താൻ ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ട്. എല്ലാ മേഖലകളും വകുപ്പുകളും തമ്മിലുള്ള ഏകോപനത്തിന്റെ നിലവാരം ഉയർത്തേണ്ടതുണ്ടെന്നും മക്ക ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.
സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള എല്ലാ മാർഗങ്ങളും സൃഷ്ടിക്കുക, അവ നേടാനുള്ള വഴികൾ സുഗമമാക്കുക, ഈ മഹത്തായ കർമം പൂർത്തിയാക്കുന്നതിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിവക്കാണ് നാം പ്രവർത്തിക്കുന്നത്. ഈ യോഗത്തിൽ അതിന് പ്രയോഗിക്കേണ്ട ഏറ്റവും പുതിയ രീതികളും സമ്പ്രദായങ്ങളും അനുസരിച്ച് വ്യക്തമായ കാഴ്ചപ്പാടും നിർദിഷ്ട പദ്ധതികളും ഉണ്ടാകണം.
ഈ വർഷം ഹജ്ജ് നിർവഹിക്കാൻ വരുന്ന മുസ്ലിംകൾക്ക് പ്രയോജനം ചെയ്യുന്ന വ്യതിരിക്തമായ ഒരു മാറ്റം സൃഷ്ടിക്കുന്നതിൽ ഇത് വ്യക്തമായ സ്വാധീനം ചെലുത്തുമെന്നും മക്ക ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. 1445ലെ ഹജ്ജ് സീസണിലെ വിവിധ വകുപ്പുകളുടെ പരിശ്രമങ്ങളും നേട്ടങ്ങളും യോഗം അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.