മുഴുവൻ മലയാളി ഹാജിമാരും പുണ്യഭൂമിയിൽ
text_fieldsജിദ്ദ: കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും പുണ്യഭൂമിയിലെത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വരുന്ന തീർഥാടകരുടെ അവസാന സംഘം ഞായറാഴ്ച പുലർച്ച ജിദ്ദയിലിറങ്ങി. സർക്കാർ-സ്വകാര്യ ഗ്രൂപ്പുകൾ വഴി ഇരുപത്തയ്യായിരത്തോളം തീർഥാടകരാണ് ഹജ്ജ് നിർവഹിക്കുന്നത്. മക്ക ഹറമിൽ നിന്ന് 10 കിലോമീറ്റർ അകലെ അസീസിയയിലാണ് മലയാളി ഹാജിമാർ താമസിക്കുന്നത്. ഇവർക്ക് ഹറമിലേക്ക് വരാൻ 24 മണിക്കൂറും ബസ് സർവിസുണ്ടായിരുന്നു. സ്വകാര്യ ഗ്രൂപ് വഴി എത്തിയ ഹാജിമാർ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് തിരിച്ചെത്തി.
ആയിരത്തോളം ഹാജിമാർ ഗ്രീൻ കാറ്റഗറിയിൽ താമസിക്കുന്നുണ്ട്. ഇവർക്ക് അര മണിക്കൂർ നടന്നാൽ ഹറമിലേക്ക് വരാം. ചൊവ്വാഴ്ച രാത്രി ഹാജിമാർ മിനായിലേക്ക് നീങ്ങിത്തുടങ്ങും. വ്യാഴാഴ്ചയാണ് അറഫ സംഗമം. 20 ലക്ഷത്തിലധികം തീർഥാടകർ ഒരു പകൽ അറഫയിൽ സംഗമിക്കുന്ന പ്രധാന ചടങ്ങാണിത്. ഹജ്ജ് കർമങ്ങൾക്കായി ഹാജിമാർ രാപാർക്കുന്ന മിനയിലെ തമ്പുകളിൽ എയർ കൂളറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹജ്ജ് ദിനങ്ങളിൽ 45 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് സൗദി കാലാവസ്ഥ വിഭാഗം അറിയിച്ചത്. 40 ഡിഗ്രിയിലധികം ചൂടാണ് മക്കയിൽ. കെ.എം.സി.സി, തനിമ, വിഖായ, ആർ.എസ്.സി, ഫ്രറ്റേണിറ്റി ഫോറം, മക്ക ഹജ്ജ്വെൽഫെയർ ഫോറം, ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം തുടങ്ങിയ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ അയ്യായിരത്തോളം വളൻറിയർമാർ സേവനത്തിന് ഉണ്ട്.
ഖത്തർ തീർഥാടകരുടെ എണ്ണം ആയിരത്തിലേക്ക്
റിയാദ്: സൽവ അതിർത്തി കടന്ന് ഹജ്ജിനായി സൗദിയിലെത്തിയവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു. സൽവ ചെക്പോസ്റ്റിലെ കണക്കുകൾ അനുസരിച്ച് തൊള്ളായിരത്തിലേറെ പേർ എത്തിക്കഴിഞ്ഞു. ഇവരെ ദമ്മാം, അൽ അഹ്സ വിമാനത്താവളങ്ങളിൽ നിന്ന് ജിദ്ദയിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. ആഗസ്റ്റ് 17ാം തീയതിയാണ് ഖത്തർ തീർഥാടകർക്കായി സൽവ അതിർത്തി കവാടം തുറക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടത്. ഇലക്ട്രോണിക് ഹജ്ജ് കാർഡ് ഇല്ലാതെ തന്നെ ഖത്തർ പൗരന്മാർക്ക് ഇതുവഴി സൗദിയിലെത്താം.
ഹജ്ജ് ക്യാമ്പിന് പരിസമാപ്തി
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഇത്തവണത്തെ ഹജ്ജ് ക്യാമ്പിന് വികാരനിർഭരമായ പരിസമാപ്തി. 407 തീർഥാടകരും കുടുംബാംഗങ്ങളും അടക്കം ആയിരത്തിലേറെ പേർ പെങ്കടുത്ത സമാപന യാത്രയയപ്പ് സമ്മേളനത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രാർഥന നടത്തി. 223 വനിതകളും 184 പുരുഷന്മാരുമാണ് അവസാന സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 10 മാസക്കാരൻ ഉൾപ്പെടെ മൂന്ന് കുട്ടികളുമുണ്ട്. 64 പേർ ഗ്രീൻ കാറ്റഗറിയിൽപെട്ടവരാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ കേരളത്തിൽനിന്നുള്ള തീർഥാടകരുടെ എണ്ണം റെക്കോഡായിരുന്നു^ 11,807 പേർ. ഇതിൽ 6,221 വനിതകളും 5,586 പുരുഷന്മാരും രണ്ടു വയസ്സിന് താഴെയുള്ള 23 കുഞ്ഞുങ്ങളുമുണ്ട്. 305 പേർ ലക്ഷദ്വീപുകാരും 32 പേർ മാഹിക്കാരുമാണ്. ഏറ്റവും കൂടുതൽ തീർഥാടകർ കോഴിക്കോട് ജില്ലയിൽനിന്നായിരുന്നു -3,532 പേർ. മലപ്പുറത്തുനിന്ന് 2,568 പേരുണ്ട്. ഏറ്റവും കുറവ് പത്തനംതിട്ടയിൽനിന്നാണ് -40. സമാപന സമ്മേളനത്തിൽ എം.എൽ.എമാരായ അൻവർ സാദത്ത്, വി.ഡി. സതീശൻ, വി.പി. സജീന്ദ്രൻ, ഹജ്ജ് കമ്മിറ്റിയംഗം എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, അബ്ദുസ്സലാം സഖാഫി, അബൂബക്കർ മൗലവി, ഷാജഹാൻ, ഷഅ്ബാസ്, അബ്ദുൽ കരീം, അബ്ദുല്ലത്തീഫ് മാറഞ്ചേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.