ഹജ്ജ്; മദീനയിൽ കിടപ്പുരോഗികളായ ഒമ്പത് തീർത്ഥാടകരെ മക്കയിലെത്തിച്ചു
text_fieldsജിദ്ദ: വിവിധ രാജ്യങ്ങളിൽ നിന്ന് ഹജ്ജ് നിർവഹിക്കാനായി മദീനയിൽ എത്തിയതിന് ശേഷം കിടപ്പുരോഗികളായി മാറിയ ഒമ്പത് രോഗികളെ പ്രത്യേകം വാഹനങ്ങളിൽ മക്കയിലെത്തിച്ചു. ഹജ്ജ് കർമ്മങ്ങൾക്കായി നാളെ തീർത്ഥാടകർ മിനായിലേക്ക് നീങ്ങിത്തുടങ്ങുന്നതിനോടനുബന്ധിച്ചാണ് മദീന ഹെൽത്ത് ക്ലസ്റ്റർ ആശുപത്രികളിൽ ചികിത്സയിലായിരുന്ന കിടപ്പുരോഗികളെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക മെഡിക്കൽ വാഹന വ്യൂഹം മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടത്.
തീർഥാടകരെ പരിചരിക്കുന്നതിന് എല്ലാ സൗകര്യങ്ങളും മെഡിക്കൽ സ്റ്റാഫുമടങ്ങുന്ന നിരവധി ആംബുലൻസുകൾ മുഖേനയാണ് രോഗികളെ മക്കയിലെത്തിച്ചത്. മദീന കിങ് സൽമാൻ മെഡിക്കൽ സിറ്റിയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ അഞ്ചിനാണ് വാഹന വ്യൂഹം മക്കയിലേക്ക് പുറപ്പെട്ടത്. ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരുമുൾപ്പെടെ 60 പേരടങ്ങുന്ന സ്പെഷ്യലൈസ്ഡ് മെഡിക്കൽ ടീമിന്റെ സാന്നിധ്യത്തിൽ എല്ലാ സംയോജിത മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ച 10 ആംബുലൻസുകൾ, അത്യാവശ്യമെങ്കിൽ ഉപയോഗിക്കാനായി അഞ്ച് സ്പെയർ ആംബുലൻസുകൾ, ഒരു തീവ്രപരിചരണ ആംബുലൻസ്, ഓക്സിജൻ ക്യാബിൻ ഉൾപ്പെടുന്ന വാഹനം, ആംബുലൻസ് മൊബൈൽ വർക് ഷോപ്പ്, ഒരു ബസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനം എന്നിവ ഉൾപ്പെടുന്നതായിരുന്നു വാഹന വ്യൂഹം.
എല്ലാ വർഷവും ഇതുപോലെ മദീനയിലെത്തിയ ശേഷം രോഗികളാവുകയും പരസഹായമില്ലാതെ ഹജ്ജ് നിർവഹിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന തീർത്ഥാടകരെ ആരോഗ്യ മന്ത്രാലയം മുകൈ എടുത്ത് പുണ്യസ്ഥലങ്ങളിലേക്ക് മാറ്റാറുണ്ട്. അതിലൂടെ അവർക്ക് അവരുടെ ഹജ്ജ് കർമ്മങ്ങൾ ആരോഗ്യത്തോടെയും സമാധാനത്തോടെയും പൂർത്തിയാക്കാനും പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിൽ തുടർ ചികിത്സയുടെ ഘട്ടങ്ങൾ പൂർത്തിയാക്കാനും കഴിയും.
രോഗികളായിരുന്നിട്ടും തങ്ങളുടെ ആഗ്രഹപ്രകാരം ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യവും ആരോഗ്യപരിരക്ഷയും ലഭ്യമാക്കിയതിന് സൗദി ഭരണാധികാരി സൽമാൻ രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ് ബ്‌നു സൽമാനോടും രോഗികളായ തീർത്ഥാടകരും അവരുടെ ബന്ധുക്കളും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.