അംഗീകൃത പെർമിറ്റില്ലാതെ ഹജ്ജിന് പോകുന്നത് അനുവദനീയമല്ല -സൗദി പണ്ഡിതസഭ
text_fieldsജിദ്ദ: അംഗീകൃത പെർമിറ്റില്ലാതെ ഹജ്ജിന് പോകുന്നത് അനുവദനീയമല്ലെന്ന് സൗദിയിലെ മുതിർന്ന പണ്ഡിതസഭ വ്യക്തമാക്കി. പെർമിറ്റ് നേടാതെ ഹജ്ജ് അനുവദനീയമല്ലെന്നും പൊതുതാൽപര്യം കണക്കിലെടുത്ത് ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവ് ലംഘിക്കലാണെന്നും കുറ്റകരമാണെന്നും പണ്ഡിതസഭ വിശദീകരിച്ചു. ഹജ്ജ് പെർമിറ്റ് നേടാതെ ഹജ്ജിനെത്തുന്നതിലെ വെല്ലുവിളികളെയും അപകടസാധ്യതകളെയും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, ഇരുഹറം പരിപാലന ജനറൽ അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ വിശദമാക്കിയതിനെ തുടർന്നാണ് വെള്ളിയാഴ്ച പണ്ഡിതസഭ ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
ഹജ്ജ് പെർമിറ്റ് നേടാനുള്ള ബാധ്യതയും പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവരുടെ പ്രതിബദ്ധതയും ശരീഅത്ത് നിയമം ആവശ്യപ്പെടുന്ന താൽപര്യവുമായി പൊരുത്തപ്പെടുന്നതായി പണ്ഡിതസഭ ചൂണ്ടിക്കാട്ടി. പൊതുതാൽപര്യങ്ങൾ മെച്ചപ്പെടുത്താനും വർധിപ്പിക്കാനും ദോഷം തടയാനും കുറക്കാനുമാണ് ശരീഅത്ത് നിയമം ലക്ഷ്യമിടുന്നത്. ഹജ്ജ് പെർമിറ്റ് നേടാനുള്ള ബാധ്യത ജനങ്ങൾക്ക് അവരുടെ ആരാധനകളും അനുഷ്ഠാനങ്ങളും എളുപ്പമാക്കുന്നതിനും അവരിൽനിന്ന് ബുദ്ധിമുട്ടുകൾ നീക്കുന്നതിനും ശരീഅത്ത് അനുശാസിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ്. വലിയൊരു ജനക്കൂട്ടത്തെ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ഹജ്ജ് നിർവഹിക്കാൻ പ്രാപ്തരാക്കുന്ന വിധത്തിൽ തീർഥാടകരുടെ എണ്ണം വ്യവസ്ഥാപിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹജ്ജ് പെർമിറ്റ് നിർബന്ധമാണെന്ന തീരുമാനം വന്നത്. ഇത് ശരീഅത്ത് തെളിവുകളും നിയമങ്ങളും അനുസരിച്ച് നിർണയിക്കപ്പെട്ട സാധുവായ നിയമപരമായ ഉദ്ദേശ്യമാണ്. ശരീഅത്ത് നിയമം ആവശ്യപ്പെടുന്ന താൽപര്യത്തിനനുസൃതമാണെന്നും പണ്ഡിതസഭ പറഞ്ഞു.
ഹജ്ജ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ സുരക്ഷ, ആരോഗ്യം, താമസം, ഭക്ഷണം, മറ്റ് സേവനങ്ങൾ എന്നിങ്ങനെ വിവിധ വശങ്ങൾ ഉൾപ്പെടുത്തി നിശ്ചിത എണ്ണം ആളുകൾക്കാണ് ഹജ്ജ് സീസണിനായുള്ള പദ്ധതി തയാറാക്കുന്നത്. തീർഥാടകരുടെ എണ്ണം കൃത്യമാകുന്നിടത്തോളം തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം കൈവരിക്കാനാകും. കൂടാതെ തെരുവുകളിൽ ഉറങ്ങുന്നതിൽ നിന്നുണ്ടാകുന്ന അപകടങ്ങൾ ഇല്ലാതാക്കും. ഗതാഗത തടസ്സമുണ്ടാക്കുക, തിക്കും തിരക്കുമുണ്ടാവുക തുടങ്ങിയ അപകടസാധ്യതകൾ കുറക്കാനും സഹായിക്കും. ഹജ്ജിന് പെർമിറ്റ് നേടാനുള്ള ബാധ്യത ഭരണാധികാരിയെ ശരിയായ കാര്യങ്ങളിൽ അനുസരിക്കുന്നതിന്റെ ഭാഗമാണെന്നും പണ്ഡിത കൗൺസിൽ വ്യക്തമാക്കി.
വലിയ അപകടങ്ങൾക്ക് അത് കാരണമാകുന്നു. പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യുന്നത് തീർഥാടകന് മാത്രമല്ല, ഈ വ്യവസ്ഥിതി പാലിച്ചു വരുന്ന മറ്റ് തീർഥാടകരിലേക്കും അത് വ്യാപിക്കും. അശ്രദ്ധമായ ഉപദ്രവം ചെറിയ ഉപദ്രവത്തേക്കാൾ വലിയ പാപമാണെന്ന് ശരീഅത്ത് പറയുന്നു. അതിനാൽ ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ദൈവത്തെ ഭയപ്പെടുകയും അവരുടെ ഹജ്ജ് സുരക്ഷിതമാക്കുകയും വേണം. സുരക്ഷിതമായും അനായാസമായും ശാന്തമായും ഹജ്ജ് നടത്താൻ തീർഥാടകരെ പ്രാപ്തരാക്കുന്നതിന് പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും എല്ലാവരും പാലിക്കണമെന്നും പണ്ഡിതസഭ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.