ഹജ്ജ് പെർമിറ്റില്ലാത്തവരെ തടയാൻ മീഖാത്തുകളിൽ പ്രത്യേക സേന
text_fieldsമക്ക: ഹജ്ജ് അനുമതി പത്രം ഇല്ലാത്ത തീർഥാടകരുടെ വരവ് തടയാൻ മീഖാത്തുകളിൽ പ്രത്യേക സേനയുണ്ടാകുമെന്ന് പൊതുസുരക്ഷ മേധാവിയും ഹജ്ജ് സുരക്ഷ കമ്മിറ്റി തലവനുമായ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. മക്കയിൽ ഹജ്ജ് സുരക്ഷമേധാവികളുടെ വാർത്തസമ്മേളനത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുരക്ഷയും ക്രമസമാധാനവും തകർക്കുന്ന എന്തും നേരിടാൻ സുരക്ഷാസേന സജ്ജമാണ്. തീർഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും തടയും. ഹജ്ജിന്റെ ഉദ്ദേശ്യങ്ങൾക്കായി പൂർണമായും സ്വന്തത്തെ സമർപ്പിക്കാൻ തീർഥാടകരോട് പൊതുസുരക്ഷ മേധാവി ആഹ്വാനം ചെയ്തു. തീർഥാടകരുടെയും മശാഇറുകളുടെയും രാജ്യത്തിന്റെയും സുരക്ഷ ചുവപ്പ് വരയാണ്. സുരക്ഷയെ സ്വാധീനിക്കാൻ ശ്രമിക്കുന്നവരെ സുരക്ഷാസേന ശക്തമായി നേരിടുമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു. സുരക്ഷ പദ്ധതികളുടെ ഗുണനിലവാരം ഉയർത്തുകയാണ് സുരക്ഷാസേനയുടെ ലക്ഷ്യം. മുൻകാല പദ്ധതികളുടെ പഠനത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് എല്ലാ സുരക്ഷ, ട്രാഫിക് പ്ലാനുകളും തയാറാക്കിയത്. ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നത് സുരക്ഷ ഉദ്യോഗസ്ഥർ തുടരും. നിർദേശങ്ങൾ പാലിക്കാനും പെർമിറ്റുകൾ നേടാനും എല്ലാവരോടും ആഹ്വാനം ചെയ്യുന്നുവെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു.
140 വ്യാജ ഹജ്ജ് സ്ഥാപനങ്ങളെ ഇതുവരെ പിടികൂടി. നിയമലംഘകരായ തീർഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച 64 പേരെ അറസ്റ്റു ചെയ്തു. പ്രവേശന അനുമതിയില്ലാത്ത 97,664 വാഹനങ്ങൾ മക്ക പ്രവേശന കവാടങ്ങളിൽ തിരിച്ചയച്ചു. പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാനോ ജോലി ചെയ്യാനോ അനുമതി നൽകുന്ന പെർമിറ്റ് കൈവശംവെക്കാത്തവരും മക്കയിലെ താമസക്കാരുമല്ലാത്ത 1,71,587 പേരെ തിരിച്ചയച്ചു. ഹജ്ജ് നിയമങ്ങൾ ലംഘിച്ച 4,032 പേരെ അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തതായും പൊതുസുരക്ഷ മേധാവി പറഞ്ഞു. എല്ലാത്തരം പരാതികളും റിപ്പോർട്ടുകളും നിരീക്ഷിക്കപ്പെടുന്നുണ്ട്. ദ്രുതഗതിയിൽ നടപടികളെടുക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ രാപകലില്ലാതെ സുരക്ഷ വിഭാഗത്തിന്റെ സാന്നിധ്യമുണ്ടാകും. തീർഥാടകരുടെ സുരക്ഷിതത്വത്തെയും സുരക്ഷയെയും ബാധിക്കുന്ന കുറ്റകൃത്യങ്ങളും പ്രതികൂല പ്രതിഭാസങ്ങളും തടയാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു.
ഹറമിന് ചുറ്റും നിരവധി സുരക്ഷ പോയിൻറുകൾ
മക്ക: മക്ക ഹറമിനു ചുറ്റമുള്ള സെൻട്രൽ ഏരിയയിൽ നിരവധി സുരക്ഷ പോയിൻറുകളുണ്ടാകുമെന്നും ഇവിടങ്ങളിൽ നിരീക്ഷണത്തിനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കാനും സേനകളുണ്ടാകുമെന്നും പ്രത്യേക അടിയന്തര സേനയുടെ കമാൻഡർ മേജർ ജനറൽ മുഹമ്മദ് അൽഅംറി പറഞ്ഞു. ത്വവാഫിലും സഅ്ഇയിലും രാഷ്ട്രത്തലവന്മാരെയും പ്രതിനിധികളെയും അനുഗമിക്കാൻ പ്രത്യേക യൂനിറ്റുകൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക എമർജൻസി ഫോഴ്സ് അറഫയിൽ ഉണ്ടാകും. ജബലുറഹ്മയിലും അതിനു ചുറ്റും റോഡുകളും കേന്ദ്രീകരിച്ചാണ് അവർ പ്രവർത്തിക്കുക. കൂടാതെ മിനായിലെ നിരവധി പോയിൻറുകളിലും ചതുരങ്ങളിലും സേനയുണ്ടാകും. ദ്രുതഗതിയിലുള്ള ഇടപെടലിന് പ്രത്യേക സേനയെ ഒരുക്കിയിട്ടുണ്ട്. തീർഥാടകർ പുറപ്പെടുന്ന സമയം പാലിക്കണമെന്നും യാത്രാവേളയിൽ നിർദിഷ്ട റൂട്ടുകളിലൂടെയാണ് പോകുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിയന്ത്രണ തടസ്സങ്ങൾ മറികടക്കരുതെന്നും ട്രാഫിക് റിവേഴ്സ് ചെയ്യരുതെന്നും അടിയന്തര സേന കമാൻഡർ തീർഥാടകരോട് ആഹ്വാനം ചെയ്തു.
നുഴഞ്ഞുകയറ്റം കണ്ടെത്താൻ വ്യോമ നിരീക്ഷണം
മക്ക: ഹജ്ജ് വേളയിലെ അനധികൃതരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നിരീക്ഷിക്കുന്നതിനായി വിമാനങ്ങളുപയോഗിച്ച് സുരക്ഷ വ്യോമയാന സേന നിരീക്ഷണം നടത്തുമെന്ന് സുരക്ഷ ഏവിയേഷൻ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ പൈലറ്റ് സ്റ്റാഫ് അബ്ദുൽ അസീസ് അൽദാരിജാൻ പറഞ്ഞു. ഈ വർഷത്തെ ഹജ്ജ് വേളയിൽ ശരാശരി 55 മണിക്കൂറിൽ കൂടുതൽ പറന്ന് 440ലധികം വ്യോമനിരീക്ഷണം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരക്ഷ ഏവിയേഷൻ കമാൻഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.