പെരുവഴിയിലായ മലയാളി തീർഥാടകർക്ക് സൗദി ഹജ്ജ് മന്ത്രാലയം തുണയായി
text_fieldsജിദ്ദ: ട്രാവൽസ് ഉടമ വഞ്ചിച്ചതിനാൽ മക്കയില്‍ കുടുങ്ങിയ മലയാളി ഉംറ തീര്‍ഥാടകരുടെ പ്രശ്നത്തില്‍ സൗദി ഹജ്ജ് മന്ത്രാലയം ഇടപെട്ടു. തീര്‍ഥാടകര്‍ക്കുള്ള മടക്ക ടിക്കറ്റ് നല്‍കാന്‍ വിസ ഏജന്‍സിയോട് അധികൃതർ ആവശ്യപ്പെട്ടു. നാട്ടിലേക്ക് മടങ്ങാന്‍ തീര്‍ഥാടകരില്‍ നിന്ന് കഴിഞ്ഞ ദിവസം വാങ്ങിയ 1350 റിയാല്‍ (23000 രൂപ) തിരികെ നല്‍കാനും 32 പേര്‍ക്ക് ടിക്കറ്റ് നല്‍കാനും ഹജ്ജ് മന്ത്രാലയം നിര്‍ദേശിച്ചു.
23 പേര്‍ വ്യാഴാഴ്ച രാത്രി ഫ്ലൈ ദുബൈ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങും. ബാക്കിയുള്ളവര്‍ വെള്ളിയാഴ്ചയാണ് നാട്ടിലേക്ക് തിരിക്കുക. മടക്ക ടിക്കറ്റ് നല്‍കാതെ ട്രാവല്‍സ് ഉടമ വഞ്ചിച്ചതിനാല്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങാന്‍ തീര്‍ഥാടര്‍ തീരുമാനിക്കുകയായിരുന്നു.
ഉംറ ട്രാവല്‍സ് അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനാലാണ് സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയത്. ജൂലൈ രണ്ടിന് വിസ കാലാവധി അവസാനിക്കുന്നതിനാനാലാണ് മറ്റ് നടപടികള്‍ക്ക് കാത്ത് നില്‍ക്കാതെ തീർഥാടകർ മക്കയില്‍ നിന്ന് മടങ്ങാൻ തീരുമാനിച്ചത്. 23 പേര്‍ ടിക്കറ്റ് എടുക്കാന്‍ പണം നല്‍കിയിരുന്നു. 23000 രൂപയാണ് ടിക്കറ്റിനായി നല്‍കിയത്. അതേസമയം പട്ടാമ്പിയിൽ നിന്നുള്ള ദമ്പതികൾ ടിക്കറ്റിന് കാശില്ലാതെ വിഷമത്തിലുമായിരുന്നു. ഗ്രൂപിലെ പലരും നാട്ടിൽ നിന്ന് കാശ് എത്തിച്ചാണ് ടിക്കറ്റിന് പണം അടച്ചിരുന്നത്.
വേങ്ങരയിലെ റബീഹ് ട്രാവല്‍സിന് കീഴില്‍ ഉംറക്കെത്തിയ 38 പേരില്‍ ഏഴ് പേര്‍ക്ക് മാത്രമാണ് മടക്ക ടിക്കറ്റ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. തീര്‍ഥാടകര്‍ താമസിക്കുന്ന ഹോട്ടലിെൻറ ഉടമക്കും ഭക്ഷണ വിതരണ കമ്പനിക്കും നല്‍കേണ്ട പണം ട്രാവല്‍സ് ഉടമയുടെ പിതാവ് നല്‍കാമെന്ന ഉറപ്പിലാണ് പാസ്പോര്‍ട്ട് തിരിച്ചുകിട്ടിയത്. തീര്‍ഥാടകരെ കബളിപ്പിച്ച് മുങ്ങിയ റബീഹ് ട്രാവല്‍സ് ഉടമ മുനീര്‍ തങ്ങളെകുറിച്ച് പത്ത് ദിവസമായി ഒരു വിവരവും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.