Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിശ്വാസികളുടെ കണ്ണീരിൽ...

വിശ്വാസികളുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളാൽ മുഖരിതമായി അറഫ നഗരി

text_fields
bookmark_border
വിശ്വാസികളുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളാൽ മുഖരിതമായി അറഫ നഗരി
cancel
camera_alt

ഹാജിമാർ അറഫയിലെ മസ്ജിദുന്നമിറയിൽ നമസ്കാരത്തിൽ.

മക്ക: പതിനാല് നൂറ്റാണ്ട്​ മുമ്പ് മുഹമ്മദ് നബിയും അനുയായികളും സംഗമിച്ച ചരിത്രമുറങ്ങുന്ന അറഫാ മൈതാനി ഒരിക്കൽക്കൂടി വിശ്വ മഹാസംഗമ ഭൂമിയായി.ലക്ഷോപലക്ഷം വിശ്വാസികളുടെ കണ്ണീർ പുഴ ഒഴുകാറുള്ള മനുഷ്യ മഹാസംഗമത്തിനാണ് അറഫയുടെ ആകാശവും ഭൂമിയും ആതിഥേയത്വം വഹിക്കാറുള്ളത്. ഇത്തവണ 150 രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയ 60,000 ത്തോളം തീർത്ഥാടകരാണ് അറഫയിൽ സംഗമിച്ചത്. പ്രാർത്ഥനാ നിർഭരമായ മനസ്സോടെ അവർ അറഫയിൽ നിന്നു. കത്തുന്ന സൂര്യനു ചുവടെ നട്ടുച്ച വെയിലിൽ വിയർപ്പിൽ മുങ്ങി മാനവരാശിയുടെ പ്രതിനിധികളായവർ ദൈവത്തിന്റെ തിരുസന്നിധിയിൽ സാഷ്ടാംഗം നമസ്കരിച്ചു പ്രാർത്ഥനയിൽ മുഴുകി, പാപക്കറകൾ കഴുകിക്കളഞ്ഞു. ഇബ്രാഹിം നബിയുടെ വിളിക്കുത്തരം നൽകിയാണ് ലോകമുസ്‌ലിംകൾ വിശുദ്ധ അറഫയിൽ സമ്മേളിക്കുന്നത്. അല്ലാഹുവിൻറെ വിളികേട്ട് ഞങ്ങളിതാ ഹാജറായിരിക്കുന്നു എന്നർത്ഥം വരുന്ന ലബ്ബൈക്ക് മന്ത്രം ചൊല്ലി തീർത്ഥാടകർ തിങ്കളാഴ്ച രാവിലെ പത്തോടെ അറഫയിൽ എത്തി. ഉച്ചവരെ മസ്ജിദുന്നബവിയിൽ പ്രാർത്ഥനയിൽ കഴിച്ചുകൂട്ടി.

തീർത്ഥാടകർ മസ്ജിദുന്നമിറയിൽ

തീർത്ഥാടകർ മസ്ജിദുന്നമിറയിൽതീർത്ഥാടകർ മസ്ജിദുന്നമിറയിൽതീർത്ഥാടകർ മസ്ജിദുന്നമിറയിൽകർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ചാണ് തീർത്ഥാടകർ ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ സമ്മേളിച്ചത്. 1000 ത്തോളം മലയാളികളടക്കം 5000 ത്തോളം ഇന്ത്യക്കാരും ഹാജിമാരിൽ ഉണ്ട്. നാല് ലക്ഷത്തിലധികം തീർത്ഥാടകരെ ഉൾക്കൊള്ളാൻ സൗകര്യമുള്ള നമിറ പള്ളിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 10,000 പേരെ മാത്രമേ ഇത്തവണ പ്രവേശിച്ചുള്ളൂ. അറഫാ പ്രഭാഷണത്തിനു മസ്ജിദുൽ ഹറാം ഇമാമും ഖതീബുമായ ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലില്ല നേതൃത്വം നൽകി.


ജബലുറഹ്മയിൽ

അറഫാ പ്രസംഗത്തിനും നമസ്കാരത്തിനും ശേഷം ജബലുറഹ്മക്കടുത്ത് ഒരുക്കിയ വിശാലമായ ക്യാമ്പുകളിലേക്ക് തീർത്ഥാടകരെ കൊണ്ടുപോയി. ഖുർആൻ പാരായണം ചെയ്തും പാപമോചന പ്രാർത്ഥന നടത്തിയും തീർത്ഥാടകർ കരളുരുകി പ്രാർത്ഥിച്ചു. ആയിരക്കണക്കിന് ശുഭ വസ്ത്രധാരികളുടെ പ്രാർത്ഥനകളാൽ കാരുണ്യത്തിന്റെ താഴ്വാരമായ ജബലുറഹ്മ കുന്നും പരിസരവും പ്രാർത്ഥനകളാൽ കണ്ണീർ പൊഴിച്ചു. കാരുണ്യത്തിൻറെ മാലാഖമാർ അവർക്ക് തണലേകാൻ ആകാശത്ത് വട്ടമിട്ടു. എല്ലാത്തിനും മൂകസാക്ഷിയായി തണൽ മരങ്ങൾ ചാരത്തു നിന്നു. മനസ്സും ശരീരവും ഉമ്മ പെറ്റിട്ട കുഞ്ഞിനെപ്പോലെ ആവുന്ന അനർഘ നിമിഷങ്ങൾ.

ലോകം നേരിടുന്ന മഹാമാരിയെ മറികടക്കാനുള്ള കരുത്തിനായും തീർത്ഥാടകർ മനമുരുകി പ്രാർത്ഥിച്ചു. സൂര്യാസ്തമനം വരെ പ്രാർഥനയിൽ മുഴുകി ഹാജിമാർ അറഫയിൽ നിന്നും മടങ്ങും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂടിന് അൽപം ശമനം ഉണ്ടായിരുന്നു. രാവിലെ പെയ്ത ചാറ്റൽ മഴ ഹാജിമാർക്ക് ആശ്വാസമായി. മുസ്ദലിഫയിൽ എത്തുന്ന തീർത്ഥാടകർ അവിടെ രാപാർത്തു ചൊവ്വാഴ്ച മിനയിൽ എത്തും, ജംറത്തുൽ അഖബയിൽ കല്ലേറ് നടത്തും ബലി അറുക്കലും തലമുണ്ഡനവും ത്വവാഫുൽ ഇഫാദയും പൂർത്തിയാക്കി രണ്ടു ദിവസങ്ങൾ കൂടി അവർ മിനയിൽ തങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaHajj2021
Next Story