ഹാജിമാർ ഇന്ന് മിനായിലേക്ക്
text_fieldsമക്ക: ഹജ്ജിന്റെ സുപ്രധാന കർമങ്ങൾ തുടങ്ങാൻ ഒരുദിനം ബാക്കിനിൽക്കെ ഹാജിമാർ മിനായിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. കോവിഡിന് ശേഷമുള്ള ഏറ്റവും കൂടുതൽ ഹാജിമാരെത്തുന്ന ഹജ്ജാണിത്. അതിനായി പുണ്യനഗരികൾ അണിഞ്ഞൊരുങ്ങി.
ഹജ്ജിന്റെ ആദ്യനാൾ തീർഥാടകർ താമസിക്കുന്നത് മിനയിലാണ്. അല്ലാഹുവിന്റെ അതിഥികളെ വരവേൽക്കാൻ ഓരോ വർഷവും ഹജ്ജ് മാസം ലോകത്തെ ഏറ്റവും വലിയ തമ്പുകളുടെ നഗരി പുതുമോടിയണിയും. ദൈവത്തിന്റെ അതിഥികളായെത്തിയ തീർഥാടകരാൽ ഭക്തിനിർഭരമാവും.
25 ലക്ഷം ചതുരശ്രമീറ്ററിൽ പരന്നുകിടക്കുന്ന മിനാ താഴ്വരയിൽ രണ്ട് ലക്ഷത്തോളം തമ്പുകളുണ്ട്. ഇത്തവണ മിനയെ കൂടുതൽ മികവുകളോടെയാണ് ഒരുക്കിയിട്ടുള്ളത്. സൗകര്യങ്ങൾ ഹോട്ടലിന് സമാനമാണ് തമ്പുകൾ. ഇതിന് പുറമെ റസിഡൻഷ്യൽ ടവറുകൾ കൂടി ആഭ്യന്തര തീർഥാടകർക്കായി ഒരുങ്ങിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി മുതൽ മിനാ താഴ്വരയിലെ തമ്പുകളിലെത്താനുള്ള ഒരുക്കത്തിലാണ് തീർഥാടകർ. മക്കയിലെ താമസകേന്ദ്രങ്ങളിൽ അവസാന തയാറെടുപ്പിലാണ്. ചൊവ്വാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. മിനായിൽ ഒരു ദിനം രാപ്പാർത്താണ് അതിൽ പങ്കെടുക്കാൻ തീർഥാടകർ അറഫയിലേക്ക് നീങ്ങുക. ഒരു പകൽ അറഫയിൽ കഴിച്ചുകൂട്ടി മുസ്ദലിഫയിൽ അന്തിയുറങ്ങി ബുധനാഴ്ച മിനായിൽ തിരിച്ചെത്തും.
അവിടെ മൂന്നു ദിനം രാപ്പാർത്താണ് കർമങ്ങൾ പൂർത്തിയാക്കുക. ഹജ്ജ് കർമങ്ങൾ അടുത്തതോടെ മക്ക മനുഷ്യമഹാസാഗരമായി മാറുകയാണ്. 18 ലക്ഷം വിദേശഹാജിമാർ മക്കയിൽ എത്തിക്കഴിഞ്ഞു. ആഭ്യന്തര തീർഥാടകർ പുണ്യഭൂമിയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ്.
മക്ക നഗരം പൂർണമായും സുരക്ഷാസേനയുടെ നിയന്ത്രണത്തിലായി കഴിഞ്ഞിട്ടുണ്ട്. ഗതാഗതം ഉൾപ്പെടെ കർശന നിയന്ത്രണത്തിലാണ്. 1,75,025 ഹാജിമാരാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജിന് എത്തിയത്. ഇതിൽ 11,252 പേരാണ് കേരളത്തിൽനിന്ന് വന്നിട്ടുള്ളത്. ഇന്ത്യൻ ഹാജിമാരോട് ഞായറാഴ്ച രാത്രിതന്നെ മിനായിലേക്ക് പുറപ്പെടാനാണ് അധികൃതർ നിർദേശം നൽകുന്നത്. ഹാജിമാരെ ഹജ്ജ് സർവിസ് കമ്പനികളാണ് മിനായിൽ എത്തിക്കുക.
ഹജ്ജ് കർമങ്ങൾ നടക്കുന്ന പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ സൗകര്യം ഇത്തവണ 84,000 ഹാജിമാർക്ക് പ്രയോജനപ്പെടും. മറ്റുള്ളവർ ബസ് മാർഗം യാത്രയാകും. ശക്തമായ ചൂട് ഹജ്ജ് ദിനങ്ങളിൽ കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. അന്തരീക്ഷം തണുപ്പിക്കാനുള്ള സംവിധാനങ്ങൾ മിനായിൽ ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് ഹജ്ജ് മന്ത്രാലയത്തിന്റെ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.