ഹജ്ജ്: തീർഥാടകരുടെ യാത്രകൾ പൂർണമായും ബസുകളിൽ
text_fieldsമക്ക: ഹജ്ജിന് ഇത്തവണ ഹാജിമാരുടെ യാത്രകൾ മുഴുവൻ ബസുകളിലാണ് ക്രമീകരിച്ചിട്ടുള്ളത്. 3000 ബസുകളാണ് ഇതിനായി തയാറാക്കിയിട്ടുള്ളത്.
അത്യാധുനിക സംവിധാനങ്ങളുള്ള ബസുകൾ ജി.പി.എസ് വഴി ട്രാക്ക് ചെയ്യാനുള്ള സംവിധാനങ്ങളടക്കം മികച്ച സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നാല് പ്രവേശന കവാടങ്ങളിൽനിന്നാരംഭിക്കുന്ന ഹാജിമാരുടെ യാത്ര മുതൽ ഹജ്ജിെൻറ മുഴുവൻ കർമങ്ങളും കഴിഞ്ഞ് തിരിച്ചുപോകുന്നതടക്കം ബസുകളിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ഒരു ബസിൽ 20 ഹാജിമാരാണ് യാത്ര ചെയ്യുക. കാൽനടയായും ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്തിരുന്ന ഹാജിമാർക്ക് ഇത്തവണ ബസുകളിൽ മാത്രമാണ് മിന, അറഫ, മുസ്തലിഫ, ജംറാത്ത് എന്നിവിടങ്ങളിലേക്ക് യാത്രകൾ ക്രമീകരിച്ചിട്ടുള്ളത്. ഇതിനായി താമസകേന്ദ്രങ്ങൾ അനുസരിച്ച് പച്ച, ചുവപ്പ്, നീല, മഞ്ഞ എന്നിങ്ങനെ പ്രത്യേകം നിറങ്ങൾ നൽകി ട്രാക്കുകൾ ക്രമീകരിച്ചിരിക്കുന്നു.
ഈ ട്രാക്കുകളിലൂടെ മാത്രമേ ബസുകൾക്ക് യാത്ര നടത്താനാവൂ. ഈ ട്രാക്കുകളിലൂടെ ഹജ്ജ് സർവിസ് ഏജൻസികൾക്ക് ഹജ്ജ് മന്ത്രാലയം നൽകിയ സമയക്രമം അനുസരിച്ചായിരിക്കും ഹാജിമാരുടെ യാത്രകൾ. ഡ്രൈവർമാരെ പ്രത്യേകം രജിസ്റ്റർ ചെയ്തു തിരിച്ചിട്ടുണ്ട്.
ഓരോ ബസുകളിലും ഡ്രൈവർക്ക് നിർദേശം നൽകുന്നതിനായി ആളെയും പ്രത്യേകം നിയമിച്ചിട്ടുണ്ട്. ദുൽഹജ്ജ് ഏഴിന് രാത്രി ഹജ്ജ് സർവിസ് ഏജൻസികൾ ഹജ്ജിന് അനുമതി ലഭിച്ചവർക്ക് പുറപ്പെടാനുള്ള സമയവും സ്ഥലവും നിർണയിച്ചു നൽകിയിട്ടുണ്ട്. ഇവിടെ എത്തിയാവും ഹാജിമാർ യാത്ര പുറപ്പെടുക.
മദീനയിൽ നിന്ന് തീർഥാടകരെത്തിയത് ട്രെയിനിൽ
ജിദ്ദ: മദീനയിൽ നിന്ന് തീർഥാടകരെത്തിയത് അൽഹറമൈൻ ട്രെയിനിൽ. ശനിയാഴ്ച രാവിലെയാണ് മദീനയിൽ നിന്നുള്ള ആദ്യസംഘം അൽഹറമൈൻ ട്രെയിൻ വഴി മക്കയിലെ റുസൈഫ സ്റ്റേഷനിലെത്തിയത്. 187 തീർഥാടകരാണ് ആദ്യസംഘത്തിലുണ്ടായിരുന്നത്. കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചായിരുന്നു യാത്ര. തീർഥാടകരെ യാത്രയാക്കാനും സ്വീകരിക്കാനും മക്ക, മദീന സ്റ്റേഷനുകളിൽ റെയിൽവേ ഉദ്യോഗസ്ഥരടക്കമുള്ളവർ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.