ഹജ്ജ്: സ്വീകരണകേന്ദ്രങ്ങളിലെ ഒരുക്കം പൂർത്തിയായി
text_fieldsജിദ്ദ: ഇൗ വർഷത്തെ ഹജ്ജിന് തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള കേന്ദ്രങ്ങളിലെ ഒരുക്കം ഹജ്ജ് മന്ത്രാലയം പരിശോധിച്ചു. മക്കയിലെത്തുന്നവരെ സ്വീകരിക്കാൻ നവാരിയ, സാഇദി, ശറാഅ, അൽഹദാ എന്നിവിടങ്ങളിലെ പാർക്കിങ് കേന്ദ്രങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടങ്ങളിൽ ആവശ്യമായ എല്ലാ ഒരുക്കവും പൂർത്തിയായി.
തീർഥാടകരെ സ്വീകരിക്കുന്നതിന് മൂന്നു രീതികളാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫതാഹ് ബിൻ സുലൈമാൻ മുശാത് പറഞ്ഞു. ഹജ്ജ് മന്ത്രാലയം അനുവദിച്ച ബസുകളിൽ സ്വീകരണകേന്ദ്രത്തിൽ എത്തുന്നവരെ സ്വീകരിക്കുന്നതാണ് ഒരു രീതി. ഇവരുടെ അനുമതിപത്രങ്ങൾ പരിശോധിക്കുകയും സ്മാർട്ട് കാർഡ് റീഡ് ചെയ്യുകയും ചെയ്യും. പിന്നീട് ത്വവാഫുൽ ഖൂദുമിനായി (ആഗമന ത്വവാഫ്) മസ്ജിദുൽ ഹറമിലേക്ക് ബസുകളിൽ കൊണ്ടുപോകും.
ഹജ്ജ് സർവിസ് കമ്പനികളുടെ ബസുകളിൽ സ്വീകരണകേന്ദ്രങ്ങളിൽ എത്തുന്ന തീർഥാടകരെ സ്വീകരിക്കലാണ് രണ്ടാമത്തെ രീതി. സ്വീകരണ നടപടിക്രമങ്ങൾ കേന്ദ്രത്തിൽ വെച്ച് പൂർത്തിയാക്കിയശേഷം മന്ത്രാലയം അംഗീകരിച്ച ലൈസൻസുള്ള ബസുകളിൽ അവരെ തവാഫുൽ ഖുദൂമിനായി കൊണ്ടുപോകും. സ്വകാര്യ വാഹനങ്ങൾ വഴി സ്വീകരണ കേന്ദ്രങ്ങളിൽ എത്തുന്നവരെ സ്വീകരിക്കുന്നതാണ് മൂന്നാമത്തെ രീതി. അവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ലഗേജുകൾ ഹജ്ജ് സർവിസ് കമ്പനികൾക്ക് കൈമാറും.
പിന്നീട് അവരെ ത്വവാഫുൽ ഖുദൂമിനായി മസ്ജിദുൽ ഹറാമിലേക്ക് കൊണ്ടുപോകും. ലഗേജുകൾ ഹജ്ജ് സർവിസ് കമ്പനികൾ തമ്പുകളിലെത്തിക്കും. മക്ക വാസികളും ത്വവാഫുൽ ഖുദൂം നിർവഹിക്കാത്തവരുമായവർ നിശ്ചിത സമയത്ത് ഹജ്ജ് സർവിസ് കമ്പനികൾ നിശ്ചയിച്ച സംഗമകേന്ദ്രത്തിലെത്തണം. അവിടെനിന്ന് അവരെ ലഗേജിനൊപ്പം നേരിട്ട് മിനയിലെത്തിക്കുന്നതാണ്. ദുൽഹജ്ജ് ഏഴ്, എട്ട് തീയതികളിലാണ് തീർഥാടകരെ സ്വീകരിക്കുക. എല്ലാവരേയും മുൻകൂട്ടി സമയം അറിയിക്കും. ഹറം കവാടങ്ങളിലും മുറ്റങ്ങളിലും ആരോഗ്യ മുൻകരുതൽ ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഹജ്ജ്, ഉംറ സഹമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.