ഹജ്ജ്: തുരങ്കങ്ങളിലെ ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsജിദ്ദ: ഹജ്ജിനോടനുബന്ധിച്ച് മക്കയിലെയും മശാഇറുകളിലെയും തുരങ്കങ്ങളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയായതായി മക്ക മുനിസിപ്പാലിറ്റി വക്താവ് റഅദ് ശരീഫ് പറഞ്ഞു. മക്കയിലും മശാഇറുകളിലുമായി 58 തുരങ്കങ്ങളും 59 പാലങ്ങളുമുണ്ട്.
മക്കയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതിൽ തുരങ്കങ്ങൾക്കും പാലങ്ങൾക്കും വലിയ പങ്കുണ്ട്.തുരങ്കങ്ങൾക്കുള്ളിലെ എല്ലാ റിപ്പയറിങ് ജോലികളും പൂർത്തിയായിട്ടുണ്ട്. കൺട്രോൾ സ്റ്റേഷനുകൾ, വെൻറിലേഷൻ ഫാനുകൾ, അഗ്നിശമന സംവിധാനം, പമ്പുകൾ, ജനറേറ്ററുകൾ, ഈർപ്പം, ഗ്യാസ് എന്നിവ വലിച്ചെടുക്കുന്ന ഉപകരണങ്ങൾ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പാലങ്ങളിൽ 20 എണ്ണം മശാഇറുകളിലാണ്.
ഇവയുടെ അറ്റകുറ്റപ്പണികളും പൂർത്തിയായിട്ടുണ്ട്. എൻജിനീയർമാർ, സൂപ്പർവൈസർമാർ, പ്രത്യേക സാേങ്കതിക വിദഗ്ധർ എന്നിവരടങ്ങുന്ന സംഘം തുരങ്കങ്ങളുടെയും പാലങ്ങളുടെയും ജോലിക്കായുണ്ടെന്നും മുനിസിപ്പാലിറ്റി വക്താവ് പറഞ്ഞു.
ഹജ്ജ് അനുമതിപത്രമില്ലാതെ മക്കയിൽ കടന്നാൽ 10,000 റിയാൽ പിഴ
ജിദ്ദ: അനുമതിപത്രമില്ലാതെ മക്ക മസ്ജിദുൽ ഹറാമിലേക്കും പരിസരങ്ങളിലേക്കും പുണ്യസ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്കും കടക്കാൻ ശ്രമിക്കുന്നവർക്ക് 10,000 റിയാൽ പിഴയുണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച മുതൽ നിയന്ത്രണം നടപ്പാവും.
ഈ മാസം 23 വരെ (ദുൽഹജ്ജ് 13) നിയന്ത്രണം തുടരും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. മുഴുവനാളുകളും ഹജ്ജ് നിർദേശങ്ങൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതിനും സുരക്ഷ ഉദ്യോഗസ്ഥർ മസ്ജിദുൽ ഹറാമിലേക്കും മശാഇറിലേക്കും എത്തുന്ന റോഡുകളിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.