ഹജ്ജ്: മക്ക മുനിസിപ്പാലിറ്റിക്ക് കീഴിലെ ഒരുക്കം പൂർത്തിയായി
text_fieldsജിദ്ദ: ഇൗ വർഷത്തെ ഹജ്ജ് സീസണ് വേണ്ടിയുള്ള ഒരുക്കം മക്ക മുനിസിപ്പാലിറ്റി പൂർത്തിയാക്കി. തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാനുള്ള വിപുലമായ പദ്ധതികളാണ് മുനിസിപ്പാലിറ്റിക്ക് കീഴിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഹജ്ജ് സീസണിലെ സേവനത്തിന് മുനിസിപ്പാലിറ്റിയുടെ എല്ലാ വകുപ്പുകളും ബ്രാഞ്ച് ഒാഫിസുകളും സേവനകേന്ദ്രങ്ങളും പൂർണസജ്ജമായതായി മക്ക മുനിസിപ്പാലിറ്റി വക്താവ് റഅദ് അൽശരീഫ് പറഞ്ഞു. തീർഥാടകർക്ക് ഏറ്റവും ഉയർന്നനിലവാരത്തിലുള്ള സേവനം നൽകുന്നതിന് മുനിസിപ്പാലിറ്റി അതിെൻറ മാനുഷികവും ഭൗതികവുമായ എല്ലാ ഉൗർജവും സമാഹരിക്കുകയും ആവശ്യമായ എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുകയും ചെയ്യും.
ശുചീകരണ ജോലികൾക്കായി മക്കയിലും മശാഇറുകളിലും 13,549 പേരുണ്ടാകും. നൂതനമായ ഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ശുചീകരണത്തിനായി 912 ഉപകരണങ്ങളുണ്ട്. അവശിഷ്ടങ്ങൾ കൈകാര്യംചെയ്യാനായി പ്രഷർ സംവിധാനങ്ങളോടുകൂടിയ 1189 പെട്ടികളും ഒമ്പത് ട്രക്കുകളുമുണ്ട്.135 ഗ്രൗണ്ട് ടാങ്കുകളും ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതിശുചിത്വവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇതിനായി 657 തൊഴിലാളികളെയും ഇവർക്കാവശ്യമായ 321 ഉപകരണങ്ങളും 234 വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. കീടനശീകരണത്തിന് മുഴുവൻസമയ ജോലിക്ക് മൂന്ന് സംഘങ്ങളുണ്ട്.
11 ബ്രാഞ്ച് ഒാഫിസുകൾക്ക് കീഴിൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ആരോഗ്യശുചിത്വവും മുൻകരുതൽ നടപടികളും തൊഴിലാളികളുടെ ആരോഗ്യ സർട്ടിഫിക്കറ്റും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സംഘങ്ങൾ രംഗത്തുണ്ടാകുമെന്നും മുനിസിപ്പാലിറ്റി വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.