ഹജ്ജ്: രജിസ്ട്രേഷൻ പൂർത്തിയായി; തീർഥാടകരെ സ്വീകരിക്കാൻ നാല് കേന്ദ്രങ്ങൾ
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജൂൺ 13ന് ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ രണ്ട് ഘട്ടങ്ങളായാണ് പൂർത്തിയാക്കിയത്. ഹജ്ജിന് നിശ്ചയിച്ച വ്യവസ്ഥകളും ആരോഗ്യ നിയന്ത്രണങ്ങളും പാലിച്ച് സ്വദേശികളും വിദേശികളുമായ രാജ്യവാസികളിൽ 60,000 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഒാൺലൈനായി അഞ്ചര ലക്ഷത്തോളം പേർ അപേക്ഷിച്ചിരുന്നു. അതിൽ നിന്ന് വിവിധ മാനദണ്ഡങ്ങൾക്ക് അനുസൃതമായി 60,000 പേരെ തിരഞ്ഞെടുക്കുകയായിരുന്നു. ഇവരെ എസ്.എം.എസിലൂടെ വിവരമറിയിച്ച്, മൂന്ന് തരം ഹജ്ജ് പാക്കേജുകളിൽ ഒന്ന് തിരഞ്ഞെടുത്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. നടപടികളെല്ലാം പൂർത്തിയാക്കിയവർക്ക് ഹജ്ജിനുള്ള അനുമതി പത്രം നൽകി കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇൗ വർഷം ആഭ്യന്തര തീർഥാടകരായ 60,000 പേർക്ക് മാത്രമായി ഹജ്ജ് പരിമിതപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തെ പൗരന്മാരും ഇവിടെ താമസക്കാരായ വിദേശ രാജ്യക്കാർക്കും മാത്രമായിരുന്നു അനുമതി. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട വിദേശികളിൽ 150 ഓളം രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. ദുൽഹജ്ജ് ഏഴ്, എട്ട് തീയതികളിലായി തീർഥാടകർ മക്കയിലെത്തും.
മക്കയിലെത്തുന്നവരെ സ്വീകരിക്കാൻ നാല് കേന്ദ്രങ്ങളുണ്ടാകും. സ്വീകരണ കേന്ദ്രങ്ങളിലെത്തുന്ന തീർഥാടകരെ ആദ്യം ബസുകളിൽ ആഗമന ത്വവാഫിനായി മസ്ജിദുൽ ഹറാമിലേക്കു കൊണ്ട് പോകും. അതിനു ശേഷമായിരിക്കും മിനയിലേക്ക് തിരിക്കുക. ഹജ്ജ് രജിസ്ട്രേഷെൻറ ആദ്യ ഘട്ടത്തിൽ 5,58,270 പേർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിരുന്നതായി ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. വ്യാഴാഴ്ചയാണ് ഹജ്ജ് തീർഥാടകരുടെ രജിസ്ട്രേഷൻ സംബന്ധിച്ച എല്ലാ അന്തിമ നടപടികളും പൂർത്തിയാക്കിയത്.
പ്രായം അനുസരിച്ചുള്ള സീനിയോറിറ്റിയും മുമ്പ് ഹജ്ജ് ചെയ്യാത്തവരെന്ന പരിഗണനയും വെച്ചാണ് തീർഥാടകരുടെ തെരഞ്ഞെടുപ്പിന് മുൻഗണന നൽകിയതെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ ഹജ്ജിനു യോഗ്യത നേടുകയും അനുമതി പത്രം ലഭിക്കുകയും ചെയ്തവർ ആരോഗ്യ മുൻകരുതൽ പാലിച്ച് ഏറ്റവും അടുത്ത മെഡിക്കൽ കേന്ദ്രത്തിലെത്തി കോവിഡ് വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കണം. ഇതിനു മുൻകൂട്ടി ബുക്കിങ് ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യരംഗത്ത് വിപുലമായ ഒരുക്കങ്ങൾ
ജിദ്ദ: ഹജ്ജ് വേളയിൽ തീർഥാടകർക്ക് ആരോഗ്യ സേവനത്തിനായി ഇത്തവണയും വിപുലമായ ഒരുക്കങ്ങളാണ് മക്കയിലും മറ്റു പുണ്യസ്ഥലങ്ങളിലും നടന്നുവരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ആഭ്യന്തര തീർഥാടകർക്കു മാത്രമായി ഹജ്ജ് പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും തീർഥാടകരുടെ ആരോഗ്യസുരക്ഷക്ക് ഏറ്റവും മുന്തിയ പരിഗണന നൽകിക്കൊണ്ടുള്ള സംവിധാനങ്ങളാണ് മക്ക ആരോഗ്യ കാര്യാലയത്തിനു കീഴിൽ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത്. മക്കയിലെ ആശുപത്രികൾക്കു പുറമെ പുണ്യസ്ഥലങ്ങളിൽ നാല് ആശുപത്രികളും ആറ് മെഡിക്കൽ സെൻററുകളുമാണ് തീർഥാടകർക്കായി ഒരുക്കുന്നത്. കൂടാതെ, മൊബൈൽ ആശുപത്രിയും സജ്ജമാണ്.
ഹജ്ജ് വേളയിൽ സൂര്യാതപമേൽക്കുന്നവരെ ചികിത്സിക്കാൻ 45 പ്രത്യേക കേന്ദ്രങ്ങളുണ്ടാകുമെന്ന് മക്ക ആരോഗ്യ വക്താവ് ഹമദ് ഫൈഹാൻ ഉതൈബി പറഞ്ഞു. ഇതിൽ 23 എണ്ണം ജബലുറഹ്മയിലും 22 എണ്ണം മിന താഴ്വരയിലുമാണ്. ജബലുറഹ്മ, മിന താഴ്വര ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ 42 കിടക്കകളുണ്ടാകും. ഇത്തവണ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലായി നാല് ആശുപത്രികളാണ് ഒരുക്കുന്നത്. ആറ് മെഡിക്കൽ സെൻററുകളുമുണ്ടാകും. 32 മെഡിക്കൽ സംഘങ്ങൾ ചികിത്സസേവനങ്ങൾക്കായി ഉണ്ടാകും.
ഇതിൽ പത്തെണ്ണം മക്കയിലെ ആശുപത്രികളിലും 22 സംഘങ്ങൾ മശാഇറുകളിലുമായിരിക്കും. 36 ആംബുലൻസുകളും സേവനത്തിനായി ഉണ്ടാകും. കോവിഡ് ലക്ഷണങ്ങൾ കാണുന്നവരെ ആശുപത്രിക്കുള്ളിലെ പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റും. ആശുപത്രികളിലെയും മെഡിക്കൽ സെൻററുകളിലേയും മുഴുവൻ ജീവനക്കാർക്കും ആരോഗ്യ പ്രോേട്ടാേകാളുകൾ നിശ്ചയിച്ചിട്ടുണ്ട്. അവ നടപ്പാക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും പ്രത്യേക സംഘമുണ്ടായിരിക്കുെമന്നും മക്ക ആരോഗ്യ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.