ഹജ്ജ് രജിസ്ട്രേഷൻ: തുടർനടപടി ഇന്നുമുതൽ: അഞ്ചരലക്ഷം പേരിൽ നിന്നും 60,000 പേരെ ഇന്ന് പ്രഖ്യാപിക്കും
text_fieldsജിദ്ദ: ഹജ്ജ് രജിസ്ട്രേഷനുള്ള തുടർനടപടി വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം. അപേക്ഷ സ്വീകരിച്ചതായി സന്ദേശം ലഭിച്ചവരാണ് പാക്കേജ് തെരഞ്ഞെടുക്കുന്നതടക്കമുള്ള രണ്ടാംഘട്ട നടപടി പൂർത്തിയാക്കേണ്ടത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനാണ് രണ്ടാംഘട്ടം ആരംഭിക്കുക. ഹജ്ജിന് തെരഞ്ഞെടുത്തവരുടെ പേരുകൾ പ്രഖ്യാപിക്കുന്നത് ഈ ഘട്ടത്തിലാണ്.
പാക്കേജുകൾ തെരഞ്ഞെടുക്കുന്നതിനും നിശ്ചിത ഫീസ് അടക്കുന്നതിനും ബാക്കി നടപടി പൂർത്തിയാക്കുന്നതിനും തെരഞ്ഞെടുക്കപ്പെടുന്നവരുടെ മൊബൈലുകളിലേക്ക് സന്ദേശങ്ങൾ അയക്കും. ബുധനാഴ്ച രാത്രി 10നാണ് ഒന്നാംഘട്ട രജിസ്ട്രേഷൻ അവസാനിച്ചത്. 10 ദിവസം നീണ്ട ആദ്യഘട്ട രജിസ്ട്രേഷൻ കാലയളവിൽ 5,58,200 പേർ രജിസ്റ്റർ ചെയ്തു. ഇതിൽ 59 ശതമാനം പുരുഷന്മാരും 41 ശതമാനം സ്ത്രീകളുമാണ്.
38 ശതമാനം 31 നും 40 നുമിടയിൽ പ്രായമുള്ളവരും 26 ശതമാനം 21 നും 30 നുമിടയിൽ പ്രായമുള്ളവരും 20 ശതമാനം 41നും 50 നുമിടയിൽ പ്രായമുള്ളവരും 11 ശതമാനം 51 നും 60നുമിടയിൽ പ്രായമുള്ളവരും മൂന്നു ശതമാനം 20 വയസ്സിനു മുകളിലുള്ളവരും രണ്ടു ശതമാനം 60 വയസ്സിനു മുകളിലുള്ളവരുമാണ്. ഇത്രയും പേരിൽനിന്ന് 60,000 പേർക്കാണ് തീർഥാടനത്തിനുള്ള അവസരം.
കോവിഡ് സാഹചര്യത്തിൽ ആഭ്യന്തര തീർഥാടകർക്ക് മാത്രമാണ് ഇത്തവണ അനുമതി. പൗരന്മാരിൽനിന്നും രാജ്യത്തെ വിദേശികളിൽനിന്നുമാണ്തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഹജ്ജ് നടത്താത്തവർക്കാണ് മുൻഗണന.
താമസ സ്ഥലങ്ങളിൽ 1,000 ഗാർഡുകൾ
ജിദ്ദ: ഇത്തവണ ഹജ്ജിന് ആയിരത്തിലധികം സുരക്ഷ ഗാർഡുകളെ നിയോഗിക്കും. തീർഥാടകർ താമസിക്കുന്ന കെട്ടിടങ്ങളിലും തമ്പകുളിലും സെക്യൂരിറ്റി ഗാർഡുകളുണ്ടായിരിക്കണമെന്ന ഹജ്ജ്- ഉംറ മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്നാണിത്. ഇതിനായി സെക്യൂരിറ്റി ഗാർഡ് കമ്പനികളുമായി ധാരണയുണ്ടാക്കിയാണ് ഇത്രയും പേരെ നിയോഗിക്കുക. താമസ കേന്ദ്രങ്ങളിലേക്കും തിരിച്ചുമുള്ള തീർഥാടകരുടെ പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കുക, ആരോഗ്യ മുൻകരുതൽ നടപടികൾ ഉറപ്പാക്കുക, തീർഥാടകരുടെ വസ്തുക്കൾക്ക് സംരക്ഷണം നൽകുക തുടങ്ങിയ ജോലികളിലാണ് ഇവരെ നിയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.