ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി; തീർഥാടകരെ സ്വീകരിക്കാൻ നാല് കേന്ദ്രങ്ങൾ
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ജൂൺ 13 ന് ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ രണ്ട് ഘട്ടങ്ങളായാണ് പൂർത്തിയാക്കിയത്. ഹജ്ജിനു നിശ്ചയിച്ച വ്യവസ്ഥകളും ആരോഗ്യ നിയന്ത്രങ്ങളും പാലിച്ച രാജ്യത്തെ പൗരന്മാരും വിദേശികളുമായ 60,000 പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇവർക്ക് ഹജ്ജ് അനുമതി പത്രം ഇഷ്യു ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വിദേശികൾ 150 ഓളം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവരാണെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
ദുൽഹജ്ജ് ഏഴ്, എട്ട് തീയതികളിലായി തീർഥാടകർ മക്കയിലെത്തും. മക്കയിലെത്തുന്നവരെ സ്വീകരിക്കാൻ നാല് കേന്ദ്രങ്ങളുണ്ടാകും. സ്വീകരണ കേന്ദ്രങ്ങളിലെത്തുന്ന തീർഥാടകരെ ആദ്യം ബസുകളിൽ ആഗമന ത്വവാഫിനായി മസ്ജിദുൽ ഹറാമിലേക്കു കൊണ്ട് പോകും. അതിനു ശേഷമായിരിക്കും മിനയിലേക്ക് തിരിക്കുക.
ഹജ്ജ് രജിസ്ട്രേഷന്റെ ആദ്യ ഘട്ടത്തിൽ 5,58,270 പേർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിരുന്നതായി ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. ജൂലൈ ഒമ്പത് വ്യാഴാഴ്ച ഹജ്ജ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയായി. പ്രായപരിധി അനുസരിച്ച് മുമ്പ് ഹജ്ജ് ചെയ്യാത്തവർക്കാണ് മുൻഗണന നൽകിയതെന്നും ഹജ്ജ് ഉംറ സഹ മന്ത്രി പറഞ്ഞു. ഈ വർഷത്തെ ഹജ്ജിനു യോഗ്യത നേടുകയും അനുമതി പത്രം ലഭിക്കുകയും ചെയ്തവർ ആരോഗ്യ മുൻകരുതൽ പാലിച്ച് ഏറ്റവും അടുത്ത മെഡിക്കൽ കേന്ദ്രത്തിലെത്തി കോവിഡ് കുത്തിവെപ്പ് രണ്ടാം ഡോസ് എടുത്തിരിക്കണം. ഇതിനു മുൻകുട്ടി ബുക്കിങ് ആവശ്യമില്ലെന്നും ഹജ്ജ് ഉംറ സഹമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.