ഹജ്ജ് : റോഡുകളുടെ സുരക്ഷ കാമ്പയിൻ ആരംഭിച്ചു, പരിശോധനക്ക് ഡ്രോണുകളും
text_fieldsജിദ്ദ: ഹജ്ജ് സീസണോടനുബന്ധിച്ച് രാജ്യത്തെ റോഡുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഡ്രോണുകൾ ഉപയോഗിക്കും. ഗതാഗത ലോജിസ്റ്റിക് മന്ത്രാലയത്തിന് കീഴിലെ തീർഥാടകർ കടന്നുപോകുന്ന രാജ്യത്തെ റോഡുകളുടെ സുരക്ഷയുടെയും അറ്റകുറ്റപ്പണികളുടെയും നിലവാരം ഉയർത്തുന്നതിനുള്ള പരിശോധന കാമ്പയിനാണ് നടക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഗതാഗത, ലോജിസ്റ്റിക് മന്ത്രി എൻജിനീയർ സാലിഹ് അൽജാസർ നിർവഹിച്ചു. തുടർച്ചയായി മൂന്നാം വർഷമാണ് ‘വ്യതിരിക്തവും സുരക്ഷിതവുമായ റോഡുകൾ’ എന്ന തലക്കെട്ടിൽ ഗതാഗത മന്ത്രാലയം ഹജ്ജ് സീസണോടനുബന്ധിച്ച് കാമ്പയിൻ നടത്തുന്നത്.
രാജ്യത്തെ ദീർഘമായ റോഡ് ശൃംഖലയുടെ കാര്യക്ഷമതയും സുരക്ഷ നിലവാരവും ഉയർത്താനും കരമാർഗം വരുന്ന തീർഥാടകർക്കും യാത്രക്കാർക്കും മികച്ച സേവനങ്ങൾ നൽകാനും കാമ്പയിൻ ലക്ഷ്യമിടുന്നുവെന്ന് ഗതാഗത ലോജിസ്റ്റിക് മന്ത്രി പറഞ്ഞു. 73,000 കിലോമീറ്റർ കവിയുന്ന നഗരങ്ങൾക്കിടയിലുള്ള റോഡുകളും 3700ലധികം പാലങ്ങളും തുടർച്ചയായി അഞ്ച് ദിവസങ്ങളിലായി പരിശോധിക്കും. ഇതിനായി 550ലധികം അംഗങ്ങളുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലായി 62 ടീമുകളായി ഇവരെ തിരിച്ചിരിക്കുന്നു. ഗതാഗത, ലോജിസ്റ്റിക് സേവന സംവിധാനത്തിലെ നിരവധി ജീവനക്കാരും നിരവധി യൂനിവേഴ്സിറ്റി വിദ്യാർഥികളും റോഡ് സുരക്ഷ പ്രത്യേക സേനയിലെ ജീവനക്കാരും സംഘത്തിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഒരാഴ്ചക്കുള്ളിൽ മുഴുവൻ ദേശീയ ശൃംഖലയും പരിശോധനക്ക് വിധേയമാക്കും. ഡ്രോണുകൾ ഉൾപ്പെടെ റോഡ് പരിശോധന രംഗത്തെ നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഇതിനായി ഉപയോഗിക്കും. റോഡ് പരിശോധനക്കായി പ്രത്യേക സംവിധാനങ്ങളോടുകൂടിയ 18 വാഹനങ്ങൾ മന്ത്രാലയത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. കാമ്പയിൻ ഉദ്ഘാടനത്തിനിടെ റോഡ് സുരക്ഷ പരിശോധന പ്രവർത്തനങ്ങൾ സ്വയം നിരീക്ഷിക്കാനും അതിനായുള്ള ഉദ്യോഗസ്ഥരെ സഹായിക്കാനുള്ള ‘റക്കാബ’ സംവിധാനവും ആരംഭിച്ചു. പരിശോധന ജോലികൾ വേഗത്തിലാക്കാൻ സഹായിക്കുന്നതാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.