കേരള ഹാജിമാർ ഇന്ന് മക്കയിൽ
text_fieldsജിദ്ദ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വരുന്ന തീർഥാടകർ ഞായറാഴ്ച ജിദ്ദ വിമാനത്താവളത്തിലിറങ്ങും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചക്ക് രണ്ട് മണിയോടെ ആദ്യ സംഘം മക്കയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹജ്ജ് ടെർമിനലിലും മക്കയിലും ഹാജിമാരെ സ്വീകരിക്കാൻ മലയാളി സന്നദ്ധ സംഘടനകൾ തയാറെടുത്തിരിക്കയാണ്. മറ്റേത് രാജ്യത്തു നിന്നുള്ള ഹാജിമാരെ സ്വീകരിക്കുന്നതിനേക്കാളും ആത്മഹർഷത്തോടെയാണ് തങ്ങളുടെ നാട്ടിൽ നിന്നുള്ളവരെ സ്വീകരിക്കാൻ മലയാളികൾ കാത്തിരിക്കുന്നത്. 900 ഹാജിമാരാണ് മൂന്ന് വിമാനങ്ങളിലായി ആദ്യ ദിനമിറങ്ങുക. വരും ദിവസങ്ങളിലും ഇത്രയും ഹാജിമാർ വീതം ജിദ്ദയിലിറങ്ങുമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചത്.
ഹറമിൽ നിന്ന് 10 കിലോമീറ്റർ അകലെ അസീസിയ്യയിലെ ബിൻഹുമൈദിൽ ബ്രാഞ്ച് അഞ്ചിൽ 267,270 ,286,329 നമ്പർ കെട്ടിടങ്ങളിലാണ് ആദ്യസംഘത്തിലെത്തുന്ന ഹാജിമാർക്ക് താമസം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് 24 മണിക്കൂറും ബസ് മാർഗം ഹറമിൽ പോകാൻ സൗകര്യം ഉണ്ടായിരിക്കും. അഞ്ച് പേർക്ക് താമസിക്കാൻ സൗകര്യമുള്ള ബാത് അറ്റാച്ച്ഡ് റൂമുകളാണ് ഒരുക്കിയത്. റൂമിൽ ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് അടുപ്പും ഒരുക്കിയിട്ടുണ്ട്. സംസം വെള്ളം ‘മുത്തവിഫുമാർ’ എല്ലാ ദിവസവും റൂമുകളിൽ എത്തിക്കും. 200 ഹാജിമാർക്ക് ഒരു വളണ്ടിയർ എന്ന തോതിൽ ഹജ്ജ് മിഷൻ വളണ്ടിയർമാരുണ്ടാവും. ഓരോ ബ്രാഞ്ചിലും പ്രേത്യക ഡിസ്‌പെൻസറികൾ ഹാജിമാരുടെ പ്രാഥമിക ചികത്സക്ക് ഒരുക്കിയിട്ടുണ്ട്.
മക്കയിലെ മലയാളി സന്നദ്ധ സംഘടനകൾ കേരള ഹാജിമാരെ സ്വീകരിക്കാൻ പ്രത്യേകം ഒരുങ്ങിയിട്ടുണ്ട്. മുസല്ലയടങ്ങിയ ഭക്ഷണ കിറ്റ് നൽകിയാണ് ഹാജിമാരെ സ്വീകരിക്കുക എന്ന് കെ.എം.സി.സി അറിയിച്ചു. യാത്രാക്ഷീണവുമായി വരുന്ന തീർഥാടകർക്ക് സംഘടനകൾ കഞ്ഞിയൊരുക്കുന്നുണ്ട്. ത്വവാഫ്, സഅ്യ് കർമങ്ങൾക്ക് ഹാജിമാരെ സഹായിക്കാനും മരുന്ന് വിതരണത്തിനും സംഘടനകൾ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.