പ്രവാചക കാൽപാടുകൾ തേടി ഹാജിമാർ
text_fieldsമക്ക: അല്ലാഹുവിെൻറ വിളിക്കുത്തരം നൽകി മക്കയിലെത്തിയ ഹാജിമാർ പ്രവാചകെൻറ കാൽപാടുകൾ പതിഞ്ഞ പുണ്യഭൂമിയിലെ ഇടങ്ങൾ തേടിയുള്ള യാത്രയുടെ തിരക്കിലാണ്. ഹജ്ജിൻറ ദിനങ്ങൾ അടുത്തതോടെ മക്കയിലെ പ്രധാന സ്ഥലങ്ങൾ തീർഥാടകരെകൊണ്ട് വീർപ്പുമുട്ടന്നു. മുഹമ്മദ് നബിക്ക് ആദ്യമായി ദിവ്യവെളിപാട് ഇറങ്ങിയ ജബലു നൂറിലെ ഹിറാ ഗുഹയും മക്കയിലെ അവിശ്വാസികളുടെ കൊടിയ പീഡനം സഹിക്കവയ്യാതെ രക്ഷ തേടി മദീനയിലേക്ക് പലായനം ചെയ്യവേ പ്രവാചകൻ മുഹമ്മദിനെയും അനുചരൻ അബൂബക്കറിനെയും എട്ടുകാലികൾ വല നെയ്തും പ്രാവുകൾ കൂടൊരുക്കിയും ശത്രുക്കളിൽ നിന്ന് രക്ഷിച്ച സൗർ ഗുഹയുമാണ് സന്ദർശകരെ ഏറെ ആകർഷിക്കുന്നത്.
കഅബ ആക്രമിക്കാൻ വന്ന അബ്രാഹത്തിനെയും പടയാളികളെയും നശിപ്പിച്ച വാദി മുഅസ്സിർ, പ്രവാചകനെ മദീനയിലേക്ക് ക്ഷണിച്ച് ഉടമ്പടി നടത്തിയ മസ്ജിദുൽ ബൈഅ, മക്കയിലെ പുരാവസ്തുക്കൾ സൂക്ഷിച്ച രണ്ടു മ്യൂസിയങ്ങൾ എന്നിവ സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഹജ്ജ് കര്‍മങ്ങളുടെ ഭൂമികയായ അറഫ, മിന , മുസ്ദലിഫ, ജംറാത് എന്നിവ ഹജ്ജിനു മുൻപ് സദർശിച്ച് മനസ്സിലാക്കാനും ഹാജിമാർ ശ്രമിക്കുന്നു. ഇന്ത്യയിൽ നിന്ന് സ്വകാര്യ ഗ്രൂപുകളിലെത്തുന്ന ഹാജിമാർക്ക് ഗ്രൂപ് തന്നെ മക്ക സന്ദർശനം ഒരുക്കും. അതേ സമയം ഹജ്ജ് മിഷൻ വഴി വന്ന ഹാജിമാർ സ്വന്തമായി ടാക്സിയിലോ മറ്റു ഏജൻസികളെ സമീപിച്ചോ ആണ് മക്കയിലെ ചരിത്ര സ്ഥലങ്ങളിൽ സന്ദർശനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.