ഹാജിമാരുടെ മുഴുവൻ എമിഗ്രേഷൻ നടപടികളും അടുത്ത വർഷം മുതൽ ഇന്ത്യയിൽ -സി.ജി
text_fieldsജിദ്ദ: അടുത്ത വർഷം മുതൽ ഇന്ത്യൻ ഹാജിമാരുടെ മുഴുവൻ എമിഗ്രേഷൻ നടപടികളും ഇന്ത്യയിലെ എംമ്പാർക്കേഷൻ പോയിൻറുകളിൽ തന്നെ നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പറഞ്ഞു. ഇതു സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് ബിന്ദൻ ഉറപ്പു നൽകിയതായും അദ്ദേഹം പറഞ്ഞു. ഇൗ വർഷം ക്വാലാലമ്പൂരിൽ പരീക്ഷിച്ച് വിജയിച്ച രീതി അടുത്ത വർഷം മുതൽ ഇന്ത്യക്കും അനുവദിക്കും. അതിനുള്ള നടപടികൾ ഇന്ത്യൻ ഹജ്ജ്മിഷൻ തുടങ്ങിയതായും സി.ജി. അറിയിച്ചു. ഹജ്ജ് വളണ്ടിയർമാരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ നിന്നുള്ള 1,70,000ത്തോളം വരുന്ന ഹാജിമാർക്ക് ഇതിെൻറ ഗുണം ലഭിക്കും. കഴിഞ്ഞ വർഷം മുതൽ ഇ.വിസ സംവിധാനം ഏർപെടുത്തിയത് ഹാജിമാരുടെ യാത്രാനടപടികൾ എളുപ്പമാക്കിയതായി കോൺസൽ ജനറൽ പറഞ്ഞു. മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ഇ വിസ സിസ്റ്റം നടപ്പിലാക്കിയിരുന്നു. സൗദി അധികൃതർക്ക് ഇന്ത്യയുടെ ഡിജിറ്റൽവത്കരണ നടപടികളിൽ വലിയ മതിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്ജ് സീസണിൽ ജിദ്ദ വിമാനത്താവളത്തിൽ ഹാജിമാർക്ക് എമിഗ്രേഷൻ നടപടികൾക്കായി കാത്തുകെട്ടിക്കിടക്കുന്ന ദുരിതം ഒഴിവാക്കാൻ സഹായിക്കുന്നതാണ് നടപടി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരേ സമയം ഹാജിമാർ വന്നിറങ്ങുേമ്പാഴുണ്ടാവുന്ന പ്രയാസങ്ങൾ ഒഴിവാക്കാനും മികച്ച സേവനം ഉറപ്പു വരുത്താനും അത്യാധുനിക സാേങ്കതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയാണ് സൗദി അധികൃതർ.
ഹജ്ജ് വളണ്ടിയർമാർക്ക് കോൺസുലേറ്റിൽ സ്നേഹാദരം
ജിദ്ദ: ഹജ്ജ് സേവനത്തിൽ സജീവമായി പ്രവർത്തിച്ച സന്നദ്ധസംഘടനകൾക്കും വളണ്ടിയർമാർക്കും ഇന്ത്യൻകോൺസുലേറ്റിൽ സ്നേഹാദരം സംഘടിപ്പിച്ചു. ഇന്ത്യന്‍ പിൽഗ്രിംസ് വെൽഫെയര്‍ ഫോറവും കോൺസുലേറ്റും ചേർന്നാണ് പരിപാടി ഒരുക്കിയത്. ഹജ്ജ് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ഹജ്ജ് സേവനപ്രവർത്തനത്തിൽ ഏർപെട്ട മുഴുവൻ സംഘടനകളെയും വളണ്ടിയർമാരെയും പ്രശംസിച്ചു. മാതൃകാപരമായ പ്രവർത്തനമാണ് ഒാരോരുത്തരും കാഴ്ച വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് മിഷെൻറ പ്രവർത്തനങ്ങൾക്ക് മികച്ച അഭിപ്രായമാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. കോൺസൽമാർക്കും ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം ആമുഖപ്രഭാഷണം നടത്തി. കെ.എം.സി.സി ദേശീയ ഹജജ് കമ്മിറ്റി കണ്‍വീനര്‍ ജമാല്‍ വട്ടപൊയില്‍, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധി ഫയാസ് അഹമ്മദ്, ജിദ്ദ ഹജജ് വെല്‍ഫെയര്‍ ഫോറം ചെയര്‍മാന്‍ അബ്ബാസ് ചെമ്പന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെൻറര്‍ പ്രസിഡൻറ് കെ.ടി.എ മുനീര്‍, വിഖായ പ്രതിനിധി സവാദ്, ആര്‍.എസ്.സി പ്രതിനിധി നൗഫല്‍ മുഹമ്മദ്, തെലുങ്കാന എന്‍.ആര്‍ ഫോറം പ്രതിനിധി മുഹമ്മദ് ജബ്ബാര്‍, ഹജ്ജ് മുതവിഫ് വലീദ് അസീസുറത്ഥാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ്, പത്നി ഡോ. നസ്നീം റഹ്മാൻ, ഹജജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവർ ഹജ്ജ് വളണ്ടിയര്‍മാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരായ നദീം, ബോബി മാന്നാത്ത്, അയ്യൂബ് ഹക്കീം, എം.എസ് ശൈഖ് സുലൈമാൻ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നൽകി. കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പിൽഗ്രിംസ് വെല്‍ഫെയര്‍ ഫോറം പ്രസിഡൻറ് മുഹമ്മദ് അസീസ് കിദ്വായ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.