അറഫയിലെ ശ്രേഷ്ഠ മലയാളം, ആര്യവേപ്പ്, ജബലുറഹ്മ
text_fieldsഅറഫ: നേരം പുലരാൻ ഇനിയുമേറെ ദൂരമുണ്ടായിരുന്നു. അറഫ നഗരം നിയോൺ ബൾബുകളുടെ സ്വർണപ്രഭയും ൈഹമാസ്റ്റ് വിളക്കുകളുടെ വെള്ളിവെളിച്ചവും ചേർന്ന് അതിസൗന്ദര്യം തുളുമ്പി നിൽക്കുന്നു. ആര്യവേപ്പ് മരങ്ങൾ നിറഞ്ഞ രാജപാതകൾ. പുലർകാലമായതിനാൽ നേരിയ ചൂടേ കാറ്റിനുള്ളൂ. എല്ലാ വഴികളും നമീറാപള്ളിയിലേക്കെന്നപോലെ സാർഥവാഹക സംഘങ്ങൾ ഇടതടവില്ലാതെ ഒഴുകിവരുന്നു. പള്ളിക്ക് സമീപമെത്തുന്ന മലയാളി തീർഥാടകകൂട്ടങ്ങൾ അക്ഷരാർഥത്തിൽ ഞെട്ടി. സന്തോഷത്തിെൻറ ഞെട്ടലായിരുന്നു അത്. വലിയ േബാർഡിൽ ശ്രേഷ്ഠമലയാളത്തിൽ നമീറാ പള്ളിയുടെ പേര് കുറിച്ചുവെച്ചിരിക്കുന്നു. വിവിധ ലോക ഭാഷകളിൽ പള്ളിയുടെ േപര് എഴുതിയ ബോർഡിൽ മൂന്നാമതായാണ് വലിയ അക്ഷരത്തിൽ മലയാളം തിളങ്ങിനിൽക്കുന്നത്. അറഫയിൽ മറ്റ് പല സർക്കാർ ബോർഡുകളിലുമുണ്ട് മലയാള അക്ഷരങ്ങളുടെ സാന്നിധ്യം.
ആര്യവേപ്പിെൻറ സമൃദ്ധിയും കൗതുകകരമാണിവിടെ. അറഫയിൽ പകൽ എത്രമാത്രം ചുട്ടുപഴുക്കാറുണ്ട് എന്നതിെൻറ തെളിവാണ് ആയുർവേദം സർവരോഗസംഹാരിയായി വിശേഷിപ്പിച്ച ഇൗ മരത്തിെൻറ ഇടതൂർന്ന വളർച്ച. നമീറ പള്ളി സുബ്ഹിക്ക് മുന്നേ നിറഞ്ഞു കവിഞ്ഞിരുന്നു. മൂന്നര ലക്ഷത്തോളം പേർക്ക് നമസ്കരിക്കാൻ സൗകര്യമുള്ള ഇൗ പള്ളിയാണ് അറഫാദിനത്തിെൻറ കേന്ദ്രബിന്ദു. അൽപമകലെ ചരിത്രത്തിെൻറ ആഢംബരങ്ങളൊന്നുമില്ലാതെ ജബലുറഹ്മ. വലിയ പർവതമല്ലെങ്കിലും വിശ്വാസികളുടെ മനസ്സിൽ വലിയ വികാരമുണർത്തുന്ന കുന്ന്. പ്രവാചകൻ മുഹമ്മദിെൻറ വിടവാങ്ങൽ പ്രസംഗം ഇൗ ചെറുമലഞ്ചെരിവിലായിരുന്നല്ലോ. അറഫാ ദിനത്തിൽ നബി പ്രാർഥനയിൽ മുഴുകിയതുമിവിടെ.
മനുഷ്യാവകാശങ്ങളുടെ വിളംബരം കൂടിയായിരുന്നു ആ പ്രഭാഷണം. അതിെൻറ ഒാർമയിൽ പതിനാല് നൂറ്റാണ്ടുകൾക്കിപ്പുറവും നമീറ പള്ളിയിൽ അറഫാ പ്രഭാഷണം നടക്കുന്നു. ഏതായാലും പുലരും മുെമ്പ ജബലുറഹ്മയും തീർഥാടകർ കൈയടക്കിയിരിക്കുന്നു. നേരം വെളുത്തപ്പോൾ ജബലുറഹ്മക്ക് തൂവെള്ള നിറം. കൂടുതൽ പുണ്യം കിട്ടുമെന്ന് കരുതി മല കീഴടക്കിയവർ തീവെയിലിലും വാടാതെ നിന്ന് പ്രാർഥിക്കുന്നു. ആയുസ്സിെൻറ അഭിലാഷം സാക്ഷാത്കരിക്കുന്നവരുടെ ആനന്ദക്കണ്ണീരാണവിടെ വീഴുന്നത്.
പകൽ തെളിഞ്ഞപ്പോൾ നമീറാപള്ളിക്ക് സമീപത്തെ വേപ്പിൻകാട് ഹാജിമാർ താവളമാക്കിയിരിക്കുന്നു. പൊളളുന്ന വെയിൽ വരുംമുന്നെയുള്ള മുൻകരുതൽ. വിവിധ രാജ്യക്കാർക്ക് താൽകാലികതമ്പുകൾ അറഫയുടെ വിവിധ ഭാഗങ്ങളിലുണ്ട്. അതൊന്നും പക്ഷെ മതിയാവില്ല. കിങ് ഫൈസൽ പാലത്തിന് സമീപം മെട്രോ സ്റ്റേഷനടുത്താണ് മലയാളികൾ ഉൾപെടെ ഇന്ത്യൻ ഹാജിമാർ നിലയുറപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.