അടുത്ത ഹജ്ജിന് ഒരുക്കം ഉടൻ തുടങ്ങണം-മക്ക ഗവർണർ
text_fieldsജിദ്ദ: കേന്ദ്ര ഹജ്ജ് കമ്മിറ്റി അവലോകനയോഗം മക്കയിൽ ചേർന്നു. കഴിഞ്ഞ ഹജ്ജിനെ കുറിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും വിലയിരുത്താനും അടുത്ത ഹജ്ജിനു മുമ്പായി പരിഹാരം കാണാനും മക്ക ഗവർണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീർ ഖാലിദ് ഫൈസൽ നിർദേശം നൽകി. അടുത്ത ഹജ്ജിെൻറ വിജയത്തിനായുള്ള ശ്രമങ്ങൾ ഉടനെ ആരംഭിക്കണംമെന്നും അദ്ദേഹം പറഞ്ഞു. മക്ക ഗവർണറേറ്റ് ഒാഫീസിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അമീർ ഖാലിദ് അൽഫൈസൽ. അടുത്ത ഹജ്ജ് ശിൽപശാലയിൽ വകുപ്പുകളെക്കുറിച്ച അഭിപ്രായങ്ങൾ ചർച്ച ചെയ്യണം. ഹജ്ജ് സീസണിൽ ഒരോ വകുപ്പും നടത്തിയ ശ്രമങ്ങളെ ഗവർണർ അഭിനന്ദിച്ചു. ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളെയും ഉൾപ്പെടുത്തി ശിൽപശാല സംഘടിപ്പിക്കാൻ ഗവർണർ അനുമതി നൽകി. മുൻവർഷങ്ങളിൽ ശിൽപശാലയിലൂടെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് അടുത്ത വർഷവും സംഘടിപ്പിക്കാൻ അനുമതി നൽകിയത്.
13 ലക്ഷം തീർഥാടകർ കര,േവ്യാമ,കടൽ പ്രവേശന കവാടങ്ങളിലൂടെ തിരിച്ചുപോയതായി യോഗം അറിയിച്ചു. പുണ്യസ്ഥലങ്ങളിൽ മക്ക വികസന അതോറിറ്റി നടപ്പിലാക്കിയ പദ്ധതികൾ, പരീക്ഷണമെന്നോണം ക്വാലാലമ്പൂർ വിമാനത്താവളത്തിലേക്ക് ഏഴ് വിമാന സർവീസുകളിലെ തീർഥാടകരുടെ വിരലടയാളമെടുക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കാൻ പാസ്പോർട്ട് സംഘത്തെ അയച്ചതുമെല്ലാം വിജയകരമായിരുന്നുവെന്ന് യോഗം വിലയിരുത്തി. ഹജ്ജ് അനുമതി പത്രമില്ലാതെ പുണ്യ സ്ഥലങ്ങളിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചവരുടെ എണ്ണം മൂന്ന് ശതമാനമായി കുറക്കാൻ സാധിച്ചു. മുൻവർഷം ഇത് അഞ്ച് ശതമാനവും തൊട്ട് മുൻവർഷം ഒമ്പത് ശതമാനവുമായിരുന്നു. ഹജ്ജ് ബോധവത്കരണ കാമ്പയിൻ മുഖേന നിയമ ലംഘനങ്ങൾ കുറക്കാൻ സാധിച്ചു. ശുചിത്വം കൂട്ടാനും തിരക്കൊഴിവാക്കാനും സഹായിച്ചു. ഹജ്ജ് വേളയിലെ ബസ്, ട്രെയിൻ സർവീസുകൾ, തീർഥാടകരെ താമസകേന്ദ്രങ്ങളിൽ നിന്ന് ഹറമിലെത്തിക്കുന്നതിന് ഒരുക്കിയ ബസ് സർവീസ് എന്നിവയും യോഗം വിലയിരുത്തി. ഹജ്ജ് സീസൺ ആരംഭിച്ചത് മുതൽ ഹറമിനും താമസ സ്ഥലത്തിനുമിടയിൽ 50 ദശലക്ഷം ബസ് സർവീസുകൾ നടത്തി.
ബസ് കാത്തിരിപ്പ് സമയം കുറക്കാൻ സാധിച്ചു. ഹാജിമാരെ താമസിപ്പിക്കാൻ 3949കെട്ടിട ലൈസൻസുകൾ വിതരണം ചെയ്തു. തീർഥാടകരെത്തുന്ന സ്ഥലങ്ങളിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തി. 50ശതമാനം തമ്പുകളിൽ പുതിയ എയർ കണ്ടീഷനിങ് സംവിധാനമൊരുക്കി. 80 വ്യാജ ഹജ്ജ് ടൂർ സ്ഥാപനങ്ങളെയും 94 നിയമ ലംഘകരെയും പിടികൂടി. അൽഹറം അടിയന്തിര ആശുപത്രി പ്രവർത്തിപ്പിച്ചു. അറഫയിൽ 14 മെഡിക്കൽ സെൻററുകളും വികസിപ്പിച്ചു. അൽമുഅയ്സിമിലെ എമർജസി ആശുപത്രിയിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ പാകത്തിൽ സൗകര്യം കൂട്ടി.
ആശുപത്രികളിൽ ചികിൽസയിലായിരുന്ന 400 രോഗികളെ അറഫയിലെത്തിച്ചു. 550 തീവ്ര പരിചരണ റൂമുകൾ ഒരുക്കി. ആഭ്യന്തര ഹാജിമാർക്ക് ഒരുക്കിയ ഇ ട്രാക്ക് പദ്ധതി വിജയകരമായി. തമ്പുകൾ നിശ്ചയിക്കുന്ന നടപടി നേരത്തെ പൂർത്തിയാക്കി. ജംറകളിലേക്കും തിരിച്ചുമുള്ള തീർഥാടകരുടെ നീക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചു എന്നീ കാര്യങ്ങളും യോഗത്തിൽ എടുത്തുപറഞ്ഞു.
മക്കയിലും പുണ്യസ്ഥലങ്ങളിലും മാർഗനിർദേശ ബോർഡുകളുടെ കുറവ്, ഭിക്ഷാടകരുടെയും വഴിവാണിഭക്കാരുടെയും അനധികൃത ബസ്തകളുടെയും ആധിക്യം, ഹജ്ജ് ദിവസങ്ങളിൽ തിരക്ക് കാരണം മക്കയിലെ ചില ഡിസ്ട്രിക്ടുകളിലെ (പ്രത്യേകിച്ച് അസീസിയ, കിഴക്കൻ ഡിസ്ട്രിക്ടുകൾ) ആളുകൾ വീടുകളിലും തൊഴിൽ സ്ഥലത്തുമെത്താൻ പ്രയാസപ്പെട്ട കാര്യം, ഇരുചക്രവാഹനങ്ങൾ കൂടിയത് കാൽനടക്കാർക്ക് പ്രയാസമുണ്ടാക്കിയെന്ന കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസും ഹജ്ജ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.