27 രാജ്യങ്ങളിലെ ഹജ്ജ് തീർഥാടകരുടെ ഇമിഗ്രേഷൻ നടപടികൾ ഇത്തവണ അതാത് രാജ്യങ്ങളിൽ
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകരുടെ പ്രവേശന നടപടികൾ അതാതു രാജ്യങ്ങളിൽ പൂർത്തിയാക്കുന്നത് വ്യാപകമാക്കാൻ പാസ്പോർട്ട് ഡയറക്ട്രേറ്റ് നിർദേശം നൽകിയതായി സൗദി പാസ്പോർട്ട് മേധാവി കേണൽ സുലൈമാൻ അൽയഹ്യ പറഞ്ഞു. ജിദ്ദ വിമാനത്താവള ഹജ്ജ് ഉംറ ടെർമിനൽ സന്ദർശനത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ വർഷം മലേഷ്യൻ ഹാജിമാരുടെ നടപടികൾ അവരുടെ രാജ്യത്ത് വെച്ച് പൂർത്തിയാക്കിയിരുന്നു. ഇത് വിജയകരമായതിനെ തുടർന്നാണ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. 27 രാജ്യങ്ങളിലെ തീർഥാടകരുടെ നടപടികളാണ് ഇത്തവണ സ്വദേശങ്ങളിൽ വെച്ച് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ മലേഷ്യ, ഇന്തോനേഷ്യ രാജ്യങ്ങൾ ഉൾപ്പെടും. വിരലടയാളം രേഖപ്പെടുത്തുക, ആരോഗ്യ നിയമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടോയെന്ന പരിശോധന, ലഗേജ്, താമസ സ്ഥലങ്ങൾ, മുതവ്വഫ്, ഗ്രൂപ്പ് നമ്പർ എന്നിവ നിർണയിക്കൽ നടപടികൾ ഇതിൽ ഉൾപ്പെടും. ഇതോടെ വിമാനത്താവളത്തിൽ നിന്ന് പാസ്പോർട്ട് നടപടികളില്ലാതെ തീർഥാടകർക്ക് നേരിട്ട് ബസുകളിലേക്ക് പോകാമെന്നും പാസ്പോർട്ട് മേധാവി പറഞ്ഞു.
ഹജ്ജ് ഉംറ ടെർമിനലിലെത്തിയ പാസ്പോർട്ട് മേധാവി പാസ്പോർട്ട് വകുപ്പിന് കീഴിലെ സേവനങ്ങൾ പരിശോധിച്ചു. തീർഥാടകരുടെ പ്രവേശന നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടു. ഉംറ തീർഥാടകരെ കാണുകയും അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്തു. ഉംറ സീസൺ ആരംഭിച്ചതിനു ഏകദേശം 63 ലക്ഷം തീർഥാടകരെത്തിയതായും പാസ്പോർട്ട് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.