മക്കയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ പൂർണസജ്ജം; ഇതുവരെ എത്തിയത് 82,000 ഹാജിമാർ
text_fieldsമക്ക: ഇന്ത്യൻ ഹജ്ജ് മിഷൻ മക്കയിൽ പൂർണസജ്ജം. കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഹജ്ജ് കോൺസൽ മുഹമ്മദ് ശാഹിദ് ആലം, മക്ക ഇൻ ചാർജ് ആസിഫ് സെയ്ദ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം 24 മണിക്കൂറും സജീവമാണ്. ഞായാറഴ്ച വരെ 82,000 ഇന്ത്യൻ ഹാജിമാർ സൗദിയിലെത്തിയതായി കോൺസൽ ജനറൽ നൂർ റഹ്മാൻ ശൈഖ് മക്കയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മദീനയിൽ ഇറങ്ങിയ ഹാജിമാർ മക്കയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ജൂലൈ 29 മുതൽ ജിദ്ദയിലാണ് ഇന്ത്യൻ വിമാനങ്ങൾ എത്തുന്നത്. ഹാജിമാർക്ക് വേണ്ട സർവസഹായങ്ങളും ഒരുക്കിയിട്ടുണ്ട്. അസീസിയ ഗതാഗത സംവിധാനത്തിനായി 400 ഒാളം പുതിയ ബസുകളാണ് ഉള്ളത്. മദീന യാത്രക്കും തിരിച്ചും മുൻവർഷങ്ങളേക്കാൾ മികച്ച ബസുകൾ ഉപയോഗിക്കുന്നു. ആശുപത്രികളും ക്ലിനിക്കുകളും പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. അസീസിയയിലെ പ്രധാന ആശുപത്രിയിൽ എല്ലാ സംവിധാനങ്ങളും ഉണ്ട്. ഇവിടെ 16 ഡോക്ടർമാരും 25 പാരാമെഡിക്കൽ സ്റ്റാഫും പ്രവർത്തിക്കുന്നു. കൂടുതൽ പരിചരണവും ചികിത്സയും ആവശ്യമുള്ളവരെ സൗദി ആശുപത്രികളിലേക്ക് മാറ്റുകയാണ്. ഇതുവരെയായി അരലക്ഷത്തോളം ഒൗട്ട്പേഷ്യൻറ് കേസുകൾ കൈകാര്യം ചെയ്തുകഴിഞ്ഞു. 14 പേർ മരിച്ചു.
ഇതിൽ രണ്ടുവാഹനാപകടങ്ങളുണ്ട്. അവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൗദി അധികൃതരുടെ പരിഗണനയിലാണ്. വനിതകൾക്കായി പ്രത്യേകസംഘമാണ് ഇത്തവണ വന്നിട്ടുള്ളത്. മോയിന ബേനസീറിെൻറ നേതൃത്വത്തിൽ 12 വനിത ഒാഫീസർമാർ എത്തിയിട്ടുണ്ട്. ഇവരിൽ മലയാളികളുമുണ്ട്. ചരിത്രത്തിലാദ്യമായാണ് വനിതകൾ ഹാജിമാരുടെ സേവനത്തിനായി വന്നത്. മഹ്റം ഇല്ലാതെ എത്തിയ 1,300 ഒാളം വനിതകൾക്കും മറ്റ് വനിതകൾക്കും ഇവരുടെ സേവനം ലഭിക്കും. മഹ്റം ഇല്ലാത്തവർക്കായി മാത്രം മൂന്നുകെട്ടിടങ്ങൾ തയാറാക്കിയിട്ടുണ്ട്. ^ കോൺസൽ ജനറൽ പറഞ്ഞു.
ഇൗ വർഷം നടപ്പാക്കിയ ചില സംവിധാനങ്ങൾ ഹാജിമാർക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഹാജിമാരുടെ ചികിത്സക്കായുള്ള ഒാൺലൈൻ സംവിധാനമാണ് ഇതിൽ പ്രധാനം. ഇമസിഹ എന്ന ഇൗ പദ്ധതിയിൽ കാര്യക്ഷമമായി ചികിത്സയും രോഗപരിചരണവും നടക്കുന്നു. ഒാൺലൈൻ കംപ്ലയിൻറ് മാനേജ്മെൻറ് സിസ്റ്റമാണ് മറ്റൊന്ന്. പരാതികൾ അതിവേഗം പരിഹരിക്കാൻ ഇതുവഴി കഴിയുന്നു. പുതുതായി ഏർപ്പെടുത്തിയ ബാഗേജ് സ്ലിപ്പ് വഴി ബാഗുകൾ നഷ്ടപ്പെടുന്നതും മാറിപ്പോകുന്നതും കുറയ്ക്കാനായി.
600 ഒാളം സ്റ്റാഫ് ഹാജിമാരുടെ സഹായത്തിനായി സദാസമയം രംഗത്തുണ്ട്. 600 ലേറെ ലോക്കൽ സ്റ്റാഫും. ഇതുകൂടാതെ അസംഖ്യം സന്നദ്ധപ്രവർത്തകരും ഹജ്ജ്മിഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ^ കോൺസൽ ജനറൽ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ കോൺസൽ ജനറലിനൊപ്പം ഹജ്ജ് കോൺസൽ ശാഹിദ് ആലം, മക്ക ഇൻ ചാർജ് ആസിഫ് സെയ്ദ് എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.