രണ്ട് ദശാബ്ദം മുമ്പ് പാടിപ്പതിഞ്ഞ 'നിർഝരി ഹജ്ജ് ഗീതങ്ങൾ'വീണ്ടും
text_fieldsജിദ്ദ: രണ്ട് ദശാബ്ദം മുമ്പ് ജിദ്ദയിൽ ഒരു കൂട്ടം പ്രവാസികൾ സർഗസംഗമം കലാവേദിയുടെ പേരിൽ ഇറക്കിയ 'നിർഝരി ഹജ്ജ് ഗീതങ്ങൾ'പുതിയ രൂപത്തിലും ഭാവത്തിലും പുനർജനിച്ചിരിക്കുന്നു. അക്കാലത്ത് ജിദ്ദയിലുണ്ടായിരുന്ന എഴുത്തുകാരൻ വി.കെ. ജലീലിെൻറ ഉപദേശ നിർദേശങ്ങളിൽ കാസറ്റായി ഇറങ്ങിയ എട്ട് ഹജ്ജ് ഗാനങ്ങളിൽ ഏഴെണ്ണമാണ് പുതിയ ഭാവത്തിലും സംഗീതത്തിലും തിരിച്ചെത്തുന്നത്.
ഹജ്ജിലെ ഉജ്ജ്വല കഥാപാത്രങ്ങളായ ഇബ്രാഹീം നബിയുടെയും കുടുംബത്തിെൻറയും ത്യാഗ സമർപ്പണങ്ങളുടെ അനശ്വര കഥ പറയുന്നതാണ് ഈ അതുല്യ കാവ്യങ്ങൾ. സർഗസംഗമം കൊളുത്തിവെച്ച വെളിച്ചക്കീറ്, ഒരു തെളിനീർ പ്രവാഹം, ഹജ്ജ് ഗീതങ്ങൾ, ഹജ്ജിലെ ഉജ്ജ്വല കഥാപാത്രങ്ങൾ, കാഫിലകൾ, ജനിമൃതികളിലൂടെ ഏറ്റുവാങ്ങിയ ഓർമച്ചെപ്പുകൾ തുടങ്ങി എല്ലാം 'നിർഝരി'യുടെ ഇതിവൃത്തമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇറങ്ങി മണലാരണ്യത്തിൽ മറഞ്ഞുപോയ 'നിർഝരി'വീണ്ടും നിർഗളിക്കുന്നത് അതിലെ ആശയത്തിെൻറയും രചയിതാക്കളുടെ അതുല്യ പ്രതിഭയുടേയും മാറ്റ് കൂട്ടുന്നു. ഉമ്മു സാബിത് (സൈനബ് ചാവക്കാട്), ഉമ്മു റയ്യാൻ (റുക്സാന മൂസ കണ്ണൂർ), ശിഹാബ് കരുവാരകുണ്ട്, സലാം താനൂർ എന്നിവർ രചിച്ച വരികൾക്ക് എച്ച്.എ. ആലത്തിയൂർ സംഗീതം നൽകി ഷുക്കൂർ തിരൂരങ്ങാടിയുടെ ഓർക്കസ്ട്രയിലായിരുന്നു നിർഝരി പുറത്തിറങ്ങിയത്.
മൻസൂർ ശരീഫ് (മഞ്ചു) ആയിരുന്നു മിക്സിങ് നിർവഹിച്ചത്. ഹൈദർ തിരൂർ, മിർസ ശരീഫ്, വി.വി.കെ. ഹനീഫ, റയ്യാൻ മൂസ എന്നിവരാണ് ആദ്യമായി ഗാനങ്ങൾ ആലപിച്ചത്. തനിമ കലാസാഹിത്യ വേദി കേരളയാണ് വീണ്ടും ഇൗ പാട്ടുകൾ അവതരിപ്പിക്കുന്നത്.
പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഓൺലൈൻ വഴി പ്രകാശനം നിർവഹിച്ചു. പ്രസിഡൻറ് ആദം അയ്യൂബ് അധ്യക്ഷത വഹിച്ചു. തനിമ സാംസ്കാരിക വേദി സൗദി വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് അബ്ദുറഹീം, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം മുൻ പ്രസിഡൻറ് സഫിയ അലി, ഗായകൻ മിർസ ശരീഫ് തുടങ്ങിയവർ സംസാരിച്ചു.
എഴുത്തുകാരൻ പി.ടി. കുഞ്ഞാലി ഉപസംഹാര പ്രസംഗം നടത്തി. ശിഹാബ് കരുവാരകുണ്ട് സ്വാഗതവും സൈനബ് ചാവക്കാട് നന്ദിയും പറഞ്ഞു. അബ്ദുൽ മുഇസ് ഖിറാഅത്ത് നിർവഹിച്ചു. ഹൈദർ തിരൂർ, സുദീപ് പാലനാട്, ശരീഫ് കൊച്ചിൻ, സിദ്റത്തുൽ മുൻതഹ, ഷാനവാസ് മാസ്റ്റർ, ആദർശ്, റയ്യാൻ മൂസ എന്നിവരാണ് പുതിയ ആൽബത്തിൽ ഗാനങ്ങൾ ആലപിച്ചത്. അഹമ്മദ് അഷ്റഫലി വിഡിയോ എഡിറ്റിങ് നിർവഹിച്ചു. ഡിഫോർ മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ഗാനങ്ങൾ സംപ്രേഷണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.