സേവന ദൗത്യങ്ങളുടെ ഓർമയിൽ ഹജ്ജ് വളൻറിയർമാർ
text_fieldsറിയാദ്: ലോകത്തിെൻറ വിവിധ കോണുകളിൽ നിന്ന് അല്ലാഹുവിെൻറ അതിഥികളായെത്തുന്ന ഹാജിമാരെ മുൻകാലങ്ങളിൽ സേവിച്ചതിെൻറ ഓർമകളിൽ മലയാളി ഹജ്ജ് വളൻറിയർമാർ. കോവിഡിെൻറ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഹജ്ജിന് കടുത്ത നിയന്ത്രണം വരുത്തിയതോടെ ഹാജിമാർക്ക് സേവനം ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതിെൻറ ദുഃഖത്തിലുമാണ് ഇവർ. ഓരോ വർഷങ്ങളിലും ലക്ഷക്കണക്കിന് ഹാജിമാരാണ് പുണ്യനഗരിയിൽ ഒഴുകിയെത്തുക. ഇവർ വിമാനത്താവളങ്ങളിൽ എത്തുന്നതുമുതൽ ഹജ്ജ് നിർവഹിച്ചു മടങ്ങുന്നതുവരെ സേവനം ചെയ്യാൻ മത്സരിക്കാറുണ്ട് മലയാളി സന്നദ്ധസേവകർ. അറഫയിലും മിനയിലും മുസ്തലിഫയിലും ജംറകളിലും ഇവർ ഹാജിമാരെ സേവിച്ച് ആത്മനിർവൃതി അടയാറുണ്ട്. വിദേശത്തുനിന്നുള്ള ഹാജിമാർക്ക് ഇത്തവണ ഹജ്ജ് ചെയ്യാനുള്ള അവസരം നൽകാതെ സൗദിയിൽനിന്ന് തന്നെയുള്ള സ്വദേശികളും വിദേശികളുമായ പരിമിത എണ്ണം ഹാജിമാരെ തെരഞ്ഞെടുത്തു. അവർക്ക് തന്നെ കടുത്ത നിയന്ത്രണം പാലിച്ചു മാത്രമേ പുണ്യനഗരികളിൽ പ്രവേശിക്കാൻ കഴിയുകയുള്ളൂ.
വിമാനത്താവളങ്ങളിൽ എത്തുന്ന ഹാജിമാർക്ക് സമ്മാനം നൽകി സ്വീകരിക്കുകയും ലഗേജുകൾ താമസസ്ഥലത്ത് എത്തിക്കുകയും അവശരായ ഹാജിമാരെ വീൽചെയറുകളിൽ ഹജ്ജ് കർമങ്ങൾക്ക് സഹായിക്കുകയും രോഗികളായ ഹാജിമാരെ ആശുപത്രികളിൽ എത്തിക്കുകയുമൊക്കെ ചെയ്തിരുന്നത് കഴിഞ്ഞ വർഷം വരെ ഇൗ സന്നദ്ധസേവകരായിരുന്നു. മലയാളി ഹാജിമാരുടെ തമ്പുകളിൽ കഞ്ഞി എത്തിച്ചു കൊടുക്കലും ജംറകളിലെ കല്ലേറിന് കൊണ്ടുപോകലും വഴിതെറ്റിയ ഹാജിമാരെ അവരവരുടെ തമ്പുകളിൽ തിരിച്ചെത്തിക്കലും കുടിവെള്ളം, ഭക്ഷണം തുടങ്ങിയവ എത്തിച്ചു കൊടുക്കലുമെല്ലാം ഇൗ ദൈവ വഴിയിലെ സേവകരായിരുന്നു. ഒാരോവർഷവും ഇതേപോലെ പരിശീലനം സിദ്ധിച്ച ആയിരക്കണക്കിന് മലയാളി ഹജ്ജ് സന്നദ്ധസേവകർ പുണ്യനഗരിയിൽ സേവനത്തിനിറങ്ങാറുണ്ട്. സൗദി മതകാര്യ വിഭാഗത്തിെൻറയും ഹജ്ജ് മന്ത്രാലയത്തിെൻറയും അനുമതി ലഭിച്ചാണ് ഇവർ കർമരംഗത്തിറങ്ങുക. തനിമ, കെ.എം.സി.സി, ഐ.സി.എഫ്, രിസാല, ഫ്രറ്റേണിറ്റി ഫോറം, ഇസ്ലാഹി സെൻറർ തുടങ്ങിയ നിരവധി സംഘടനകളുടെ വളൻറിയർമാർ ഈ രംഗത്ത് സേവനം ചെയ്യാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.