മിനായിലേക്ക് തിരിച്ചത് കൺകുളിർക്കെ കഅ്ബ കണ്ട ശേഷം
text_fieldsജിദ്ദ: മക്ക ഹറമിലെത്തി കൺകുളിർക്കെ കഅ്ബ കാണുകയും പ്രാർഥനാനിരതമാവുകയും ചെയ്ത ശേഷമാണ് ഹജ്ജ് തീർഥാടകർ ബുധനാഴ്ച മിനായിലെത്തിയത്. മിനായിലേക്ക് പോകുന്നതിന് മുമ്പ് ത്വവാഫുൽ ഖുദൂമിനാണ് തീർഥാടകർ ഹറമിലെത്തിയത്. കർശന ആരോഗ്യ മുൻകരുതൽ പാലിച്ചാണ് മക്ക ഹറമിൽ ഹജ്ജ് തീർഥാടകരെ സ്വീകരിച്ചത്. ആരോഗ്യ സുരക്ഷ ക്രമീകരണങ്ങളോടൊപ്പം തീർഥാടകർക്ക് വേണ്ട എല്ലാ സേവനങ്ങളും ഇരുഹറം കാര്യാലയം നേരത്തെ പൂർത്തിയാക്കിയിരുന്നു.
ഒരോ സംഘത്തിനും നിശ്ചിത വാതിലുകളിലൂടെയാണ് പ്രവേശനം നൽകിയത്. സമൂഹ അകലം പാലിച്ച് മത്വാഫിലും മസ്അയിലും കളർ സ്റ്റിക്കറുകളൊട്ടിച്ച് ഒരുക്കിയ പാതകളിലൂടെയാണ് ത്വവാഫും സഅ്യും നടത്തിയത്. അണുമുക്തമാക്കിയ ബോട്ടിലുകളിൽ നിന്നാണ് സംസം കുടിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ അഞ്ച് മാസത്തോളമായിരുന്നു ഹറമിനകത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിർത്തിവെച്ചിട്ട്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഹറമിനുള്ളിലേക്ക് കടക്കാനും കൺകുളിർക്കെ കഅ്ബ നേരിട്ട് കാണാനും ത്വാവാഫും സഅ്യും നടത്താനും പ്രാർഥിക്കാനും കഴിഞ്ഞ ആത്മനിർവൃതിയോടെയാണ് ചരിത്രപരമായ ഹജ്ജിന് ഭാഗ്യം സിദ്ധിച്ച തീർഥാടകർ ഹറമിൽ നിന്ന് മിനായിലേക്ക് യാത്ര തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.