ഇന്ത്യൻ ഹാജിമാരുടെ ആദ്യസംഘം ഇന്ന് മക്കയിലെത്തും
text_fieldsമക്ക: ഇന്ത്യയില്‍നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മക്കയില്‍ എത്തും. ജൂലൈ 14 ന് മദീനയിൽ എത്തിയ ആദ്യസംഘത്തിലുള്ളവരാണ് എട്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാവിലെ മക്കയിലേക്ക് തിരിക്കുക. വൈകുന്നേരത്തോടെ എത്തും. ഹജ്ജ് ഓപറേഷന്‍ കമ്പനികള്‍ (മുതവിഫ് ) നല്‍കുന്ന പ്രത്യേക ബസുകളിലാണ് ഹാജിമാരെ കൊണ്ടുവരുന്നത്. ബസുകളില്‍ തികയാതെ വരുന്ന ബാഗേജുകള്‍ എത്തിക്കാന്‍ പ്രത്യേക ഡൈന വാഹനങ്ങൾ ഹജ്ജ് മിഷന്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
സുബഹി നമസ്കാരത്തിന് ശേഷം തയാറായി നില്‍ക്കാനാണ് ഹജ്ജ് മിഷനില്‍ നിന്നും മദീനയിലുള്ള തീർഥാടകർക്ക് ലഭിച്ച അറിയിപ്പ്. മക്കയിൽ ഇവരെ സ്വീകരിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതായി ഹജ്ജ് കോണ്‍സല്‍ ശാഹിദ് ആലം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
പഴുതടച്ച തയാറെടുപ്പുകളാണ് മക്കയിലെ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയത്. കെട്ടിടങ്ങളെല്ലാം പൂര്‍ണമായും സജ്ജമായി കഴിഞ്ഞു. 14 ബ്രാഞ്ചുകളിലായാണ് ഹാജിമാര്‍ക്ക് താമസം ഒരുക്കിയത്. അസീസിയയിൽ 40 കിടക്കകളുള്ള ആശുപത്രിയും ഗ്രീന്‍ കാറ്റഗറിയില്‍ പത്തുകിടക്കകളുള്ള ആശുപത്രിയും തയാറായി. കൂടാതെ ഓരോ ബ്രാഞ്ചിലും ഓരോ ഡിസ്പെൻസറി വീതവും ഉണ്ട്. അസീസിയയിലെയും ഹറം പരിസരത്തെയും ഹാജിമാര്‍ക്ക് താമസിക്കുന്ന കെട്ടിടം പെെട്ടന്ന് കണ്ടെത്താൻ പ്രത്യേക മാപ്പും പുറത്തിറക്കി. തിങ്കളാഴ്ച എത്തുന്ന ആദ്യ സംഘം തീർഥാടകർക്ക് ബ്രാഞ്ച് 1, 5, 13, 14 ലെ (അസീസിയ ബിൽഡിങ് 23, 25, 193, 195, 191, 202, 210, 247, 104, 145, 65, 64, 205 & ഗ്രീന്‍ കാറ്റഗറി യില്‍ ബില്‍ഡിങ് 644, 648, 660) ആയി ആണ് താമസം ഒരുക്കിയത്.
അസീസിയയില്‍ നിന്നും ഹാജിമാരെ ഹറമിലേക്കും തിരിച്ചും എത്തിക്കാനായി 24 മണിക്കൂര്‍ ബസ് സര്‍വിസ് ഇന്നുമുതല്‍ ആരംഭിക്കും.
200 ഹാജിമാര്‍ക്ക് ഒരു ബസ് എന്ന അനുപാതത്തിലാകും സർവീസ്. ഇതിനകം ഇന്ത്യയില്‍ നിന്നും 32,512 ഹാജിമാര്‍ മദീനയില്‍ എത്തിയിട്ടുണ്ട്. ജിദ്ദ വിമാനത്താവളം വഴിയുള്ള ആദ്യ സംഘം ഹാജിമാര്‍ ഈ മാസം 29 ന് മക്കയില്‍ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.