ഹജ്ജ് സീസൺ പ്രവർത്തനങ്ങൾ വിജയകരമായി സമാപിച്ചു - സിവിൽ ഏവിയേഷൻ അതോറിറ്റി
text_fieldsഈ വർഷത്തെ ഹജ്ജ് തീർഥാടകർ ജിദ്ദ വിമാനത്താവളത്തിൽ (ഫയൽ ചിത്രം)
ജിദ്ദ: ഇത്തവണത്തെ ഹജ്ജ് സീസൺ പ്രവർത്തനങ്ങൾ വിജയകരമായി സമാപിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 15 ലക്ഷത്തിലധികം തീർഥാടകർക്ക് സേവനങ്ങൾ നൽകി. 102 വിമാനങ്ങളുടെ പങ്കാളിത്തത്തോടെ ഏകദേശം 32 ലക്ഷം തീർഥാടകരെ മൊത്തം റൗണ്ട് ട്രിപ് ഫ്ലൈറ്റുകളിലായി എത്തിച്ചു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ ഹജ്ജ് സീസണിൽ യാത്രക്കാരുടെ എണ്ണത്തിൽ 86 ശതമാനത്തിലധികം വർധനയുണ്ടായതായി അതോറിറ്റി കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ യാത്രചെയ്യുന്ന തീർഥാടകരുടെ എണ്ണത്തിലെ ഗണ്യമായ വളർച്ചയുടെ വ്യക്തമായ സൂചനയാണിത്. ഈ വർഷം അതോറിറ്റി പ്രഖ്യാപിച്ച ഹജ്ജ് സീസണിലെ വിമാനങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾപ്രകാരം ഹജ്ജ് വിമാന യാത്രക്കാരുടെ വരവിലും പോക്കിലും ഏറ്റവുമധികം മുന്നിൽ നിൽക്കുന്ന രാജ്യം ഇന്തോനേഷ്യയാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് പാകിസ്താനും നാലാം സ്ഥാനത്ത് ബംഗ്ലാദേശും അഞ്ചാം സ്ഥാനത്ത് നൈജീരിയയുമാണ്.
വിമാനം വഴി പുറപ്പെടുന്ന എല്ലാ തീർഥാടകർക്കും അവരുടെ ലഗേജുകൾ താമസസ്ഥലത്തുനിന്ന് വിമാനത്താവളത്തിൽ നേരിട്ടെത്തിച്ചുനൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ബാഗ് വിതൗട്ട് പാസഞ്ചർ’ സംരംഭവും വിജയകരമായിരുന്നു. ഈ വർഷം ഈ സംരംഭത്തിൽനിന്ന് പ്രയോജനം നേടിയ തീർഥാടകരുടെ എണ്ണം 6,80,000 ആയി. 2200ലധികം വിമാനങ്ങളിലൂടെ 11,48,000 ലഗേജുകൾ കയറ്റിയയച്ചു.
ജിദ്ദ, റിയാദ്, ദമ്മാം, മദീന, യാംബു, ത്വാഇഫ് എന്നീ ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ തീർഥാടകരെ സ്വീകരിക്കാൻ ഇത്തവണ അതോറിറ്റി അനുവാദം നൽകിയിരുന്നു.
ഹജ്ജ് സീസണിൽ സാധ്യമായ ഏറ്റവും ഉയർന്ന പ്രവർത്തന കാര്യക്ഷമത കൈവരിക്കുന്നതിന് ബന്ധപ്പെട്ട മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു. തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാനും എല്ലാ സൗകര്യങ്ങളും ഒരുക്കാനും ആവശ്യമായ മനുഷ്യ-സാങ്കേതിക ഊർജങ്ങളെ അണിനിരത്താനുമുള്ള ഭരണകൂടത്തിന്റെ നിർദേശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചതിന്റെ ഫലമാണ് ഹജ്ജ് പ്രവർത്തന പദ്ധതിയുടെ വിജയമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് അൽദുവൈലെജ് പറഞ്ഞു. ഈ വർഷത്തെ ഹജ്ജ് സീസണിൽ വിമാനത്താവളങ്ങളിൽ തീർഥാടകരുടെ യാത്രാനടപടികൾ സുഗമമാക്കുന്നതിന് പ്രവർത്തിച്ച വകുപ്പുകൾക്കും ആളുകൾക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അൽദുവൈലജ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.