ഹജ്ജ്: അൽഹറമൈൻ ട്രെയിൻ സജ്ജം, ലക്ഷം സീറ്റുകൾ വർധിപ്പിച്ചു
text_fieldsജിദ്ദ: മക്കക്കും മദീനക്കുമിടയിൽ ഹജ്ജ് തീർഥാടകരുടെ യാത്രക്ക് ഹറമൈൻ എക്സ്പ്രസ് ട്രെയിൻ സജ്ജമാണെന്ന് സൗദി റെയിൽവേ (എസ്.എ.ആർ) വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം ഒരു ലക്ഷം സീറ്റുകൾ വർധിച്ചു തീർഥാടകരുടെ യാത്രക്ക് മൊത്തം 16 ലക്ഷത്തിലധികം സീറ്റുകൾ ഒരുക്കിയിട്ടുണ്ട്. ഹറമൈൻ ട്രെയിനിന്റെ പ്രവർത്തന ശേഷി വർധിപ്പിച്ചതായും സൗദി റെയിൽവേ പറഞ്ഞു. മക്ക, ജിദ്ദ, കിങ് അബ്ദുൽ അസീസ് ഇൻറർനാഷണൽ എയർപോർട്ട്, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നീ അഞ്ച് സ്റ്റേഷനുകൾ സജ്ജമാണ്. ഒരു ട്രെയിനിൽ 13 ബോഗികളായി 417 യാത്രക്കാരെ ഉൾക്കൊള്ളാനാകും. 35 ഇലക്ട്രിക് ട്രെയിനുകൾ സർവീസിനുണ്ടാകും. 3800 ട്രിപ്പുകൾ നടത്തും. തിരക്കേറിയ ദിവസങ്ങളിൽ ട്രെയിൻ സർവീസുകളുടെ എണ്ണം 126 വരെ എത്തുമെന്നും സൗദി റെയിൽവേ പറഞ്ഞു.
പരിസ്ഥിതി സൗഹൃദവും ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നാണ് ഹറമൈൻ എക്സ്പ്രസ് ട്രെയിൻ. മണിക്കൂറിൽ 300 കിലോമീറ്റർ വരെ ഇതിന് വേഗതയുണ്ട്. ആയിരക്കണക്കിന് ബസുകൾ റോഡിൽ നിന്ന് ഒഴിവാക്കാനും റോഡ് അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കാനും ഇത് സഹായിക്കുന്നു.
12 വർഷത്തിനു ശേഷം സിറിയയിൽനിന്നുള്ള തീർഥാടകരെത്തി
ജിദ്ദ: സിറിയയിൽനിന്നുള്ള തീർഥാടകരുടെ വരവ് തുടങ്ങി. 12 വർഷത്തിനു ശേഷം ആദ്യമായാണ് സിറിയയിൽ നിന്ന് ഹജ്ജിന് തീർഥാടകരെത്തുന്നത്. സിറിയയുമായുള്ള നയതന്ത്രബന്ധങ്ങൾ നിർത്തലാക്കിയതിനാൽ സൗദിക്കും സിറിയക്കുമിടയിൽ 2012 ലാണ് എല്ലാ വിമാനങ്ങളും നിർത്തലാക്കിയത്.
വിമാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള നിലവിലെ തീരുമാനം ഹജ്ജ് സീസണുമായി ബന്ധപ്പെട്ടതാണ്. അതേസമയം സൗദിക്കും സിറിയക്കുമിടയിൽ നേരിട്ടുള്ള പതിവ് വിമാന സർവീസുകൾ സംബന്ധിച്ച തീരുമാനം ഹജ്ജ് കഴിഞ്ഞ ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് 270 തീർഥാടകരെയും വഹിച്ച് സിറിയൻ എയർലൈൻസ് വിമാനം ജിദ്ദ വിമാനത്താവളത്തിലെത്തിയത്. തൊട്ടടുത്ത ദിവസം രണ്ടാമത്തെ സംഘവും എത്തിച്ചേർന്നു. 17500 ഒാളം തീർഥാടകർ ഇത്തവണ സിറിയയിൽ നിന്ന് ഹജ്ജിനെത്തുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.