ഹജ്ജ് സുരക്ഷാസേന സജ്ജമായി
text_fieldsജിദ്ദ: ഹജ്ജ് വേളയിൽ തീർഥാടകരുടെ സുരക്ഷക്കും സേവനത്തിനും ഹജ്ജ് സുരക്ഷാസേന സജ്ജം. പതിവുപോലെ സുരക്ഷാരംഗത്ത് പഴുതടച്ച ക്രമീകരണങ്ങളും കുറ്റമറ്റ സംവിധാനങ്ങളുമാണ് ഇത്തവണയും ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ സുരക്ഷക്കായി പൊതുസുരക്ഷ വകുപ്പിന് കീഴിലെ വിവിധ വകുപ്പുകളുടെ സന്നദ്ധത ആഭ്യന്തരമന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് പരിശോധിച്ചു. മക്കയിൽ ആഭ്യന്തരമന്ത്രിയുടെ മുമ്പാകെ നടന്ന പരേഡിൽ സുരക്ഷ വിഭാഗത്തിലെ വിവിധ വകുപ്പുകൾ അണിനിരന്നു. മദീന ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് ബിൻ ഫൈസൽ, സുരക്ഷ-സൈനിക മേഖലകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, അമീറുമാർ, മന്ത്രിമാർ, ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, വിവിധ വകുപ്പുകളിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥൾ പങ്കെടുത്തു.
ഹജ്ജ് കർമങ്ങൾ സുഗമമാക്കുന്നതിനും തീർഥാടകരെ പരിചരിക്കാനും പരിപാലിക്കാനും ആവിഷ്കരിച്ച സുരക്ഷാപദ്ധതി നടപ്പാക്കാൻ ഹജ്ജ് സുരക്ഷാസേന പൂർണ സജ്ജമായതായി പൊതുസുരക്ഷ മേധാവിയും ഹജ്ജ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാനുമായ ലെഫ്. ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസ്സാമി പറഞ്ഞു.
മക്ക, മദീന, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിലും ഹജ്ജ് മേഖലകളിലേക്കുള്ള എല്ലാ റോഡുകളിലും ഹജ്ജ് സുരക്ഷാസേന ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് അവരുടെ ചുമതലകൾ നിർവഹിക്കാൻ തുടങ്ങിയതായും പൊതുസുരക്ഷ മേധാവി സൂചിപ്പിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി ഏകോപിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ സൗകര്യങ്ങൾക്കും ആധുനിക സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടൂളുകളും സ്മാർട്ട് ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നതായും പൊതുസുരക്ഷ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.