ഹജ്ജ്:താമസസ്ഥലങ്ങളിൽ നാലുപേർ മാത്രം –ഹജ്ജ്, ഉംറ സഹമന്ത്രി
text_fieldsജിദ്ദ: ഇൗ വർഷം ഹജ്ജ് വേളയിൽ തീർഥാടകരുടെ താമസസ്ഥലങ്ങളിൽ നാല് ആളുകളിൽ കവിയുകയില്ലെന്ന് ഹജ്ജ്-ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. അനുമതിപത്രമില്ലാതെ ഹജ്ജിന് നുഴഞ്ഞുകയറുന്നത് പൂജ്യം ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഹജ്ജ് ആരോഗ്യ, സുരക്ഷ മുൻകരുതലുകളോടെയായിരിക്കും. സ്ത്രീകളുടെ സംഘത്തോടൊപ്പമുള്ള സ്ത്രീക്ക് മഹ്റമില്ലാെത ഹജ്ജ് ചെയ്യാൻ കഴിയുമെന്നും ഹജ്ജ്-ഉംറ മന്ത്രി സൂചിപ്പിച്ചു. കോവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ പാർപ്പിക്കാൻ ക്വാറൻറീൻ സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഹജ്ജ് അപേക്ഷകൾ സ്വീകരിക്കുന്നതിൽ വിവിധ രാജ്യക്കാർക്കിടയിൽ മുൻഗണനകൾ ഉണ്ടാകുകയില്ല. ഹജ്ജ് അപേക്ഷ സ്വീകരിച്ച്, പാക്കേജ് തെരഞ്ഞെടുത്താൽ ഫീസ് അടക്കാൻ മൂന്ന് മണിക്കൂർ സമയം നൽകും. നിശ്ചിത സമയത്ത് ഫീസ് അടക്കാത്തവരെ മാറ്റി പകരം മറ്റൊരാളെ സ്വീകരിക്കുമെന്നും ഹജ്ജ്- ഉംറ സഹമന്ത്രി പറഞ്ഞു.
സേവനത്തിലേർപ്പെടുന്നവർക്ക് കുത്തിവെപ്പ് നിർബന്ധം
ജിദ്ദ: ഹജ്ജ് സേവനത്തിലേർപ്പെടുന്ന ഇരുഹറം കാര്യാലയത്തിലെ മുഴുവൻ ജീവനക്കാർക്കും കോവിഡ് വാക്സിൻ കുത്തിവെപ്പ് നിർബന്ധമാണെന്ന് ഇരുഹറം കാര്യാലയ വക്താവ് ഹാനി ഹൈദർ പറഞ്ഞു.
സേവനത്തിലേർപ്പെടുന്നവരുടെയും ഹറമിലെത്തുന്ന തീർഥാടകരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്തും ഹജ്ജ് കർമങ്ങൾക്ക് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കുന്നതിനുമാണിത്.
ഇരുഹറം കാര്യാലയ മേധാവിയുടെ നിർദേശത്തെ തുടർന്ന്, ആരോഗ്യ മുൻകരുതൽ പാലിച്ച് ഹജ്ജ് തീർഥാടകരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.
ഇരുഹറമുകളിലും ആരോഗ്യ മുൻകരുതൽ നടപ്പാക്കുന്നതിൽ ഒരു അലംഭാവവുമുണ്ടാകില്ല.മുഴുവനാളുകളും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മുൻകരുതൽ നടപടികൾ പാലിക്കുകയും സഹകരിക്കുകയും വേണമെന്നും ഇരുഹറം കാര്യാലയ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.