ഹജ്ജ്: ഇബ്രാഹിം നബിയുടെ വിളിക്കുത്തരം നൽകി അവർ ഇന്ന് അറഫയിൽ
text_fieldsമക്ക: ഹജ്ജിെൻറ പരമപ്രധാനമായ കർമമാണ് അറഫാസംഗമം. ഇബ്രാഹീം നബിയുടെ വിളിക്കുത്തരം നൽകിയാണ് ലോക മുസ്ലിംകൾ വിശുദ്ധ അറഫയിൽ സമ്മേളിക്കുന്നത്. ഹജ്ജ് അറഫയാണെന്ന ഒറ്റ വാചകത്തിൽ അറഫയുടെ സർവപ്രതാപവും പ്രവാചകൻ ഒതുക്കിപ്പറഞ്ഞതും അതാണ്. മുഴുവൻ ഹാജിമാരും തിങ്കളാഴ്ച ഉച്ചക്ക് അറഫയിൽ എത്തും.
അറഫ പ്രഭാഷണത്തിനുശേഷം പ്രാർഥനകളുമായി ഹാജിമാർ അറഫ മൈതാനിയിൽ തങ്ങും. ഹജ്ജിെൻറ ആത്മാവാണ് അറഫയിലെ തീർഥാടക സമ്മേളനം. സംഗമത്തിൽ പങ്കെടുക്കാൻ കഴിയാത്ത ഹാജിമാർക്ക് ഹജ്ജിെൻറ പുണ്യം ലഭിക്കില്ല. 150ലേറെ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് സൗദിയിലുള്ള വിദേശികളും സ്വദേശി പൗരന്മാരും ഉൾപ്പെട്ട 60,000 ഹാജിമാർ അറഫയിൽ സംഗമിക്കും, ഇവിടെ പ്രവാചകൻ നടത്തിയ സംഗമത്തെ അനുസ്മരിച്ചുകൊണ്ട്.
മക്ക ഹറം പള്ളിയിലെ ഇമാമും ഖതീബുമായ ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല അറഫ പ്രഭാഷണം നിർവഹിക്കുന്നത് അറഫാ മൈതാനിയിൽ ഉള്ള മസ്ജിദുന്നമിറയിൽ വെച്ചാണ്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വളരെ കുറച്ച് ഹാജിമാർക്കു മാത്രമേ പള്ളിയിൽ സൗകര്യം ഉണ്ടാവൂ. 10 ഭാഷകളിലെ മൊഴിമാറ്റം തത്സമയം കേൾക്കാനുള്ള സൗകര്യമുണ്ട്. പള്ളിയിൽ എത്താൻ കഴിയാത്ത ഹാജിമാർക്ക് ഇത് മൊബൈലിലും റേഡിയോയിലും കേൾക്കാം. പ്രഭാഷണത്തിന് ശേഷം ജബലുറഹ്മക്ക് സമീപമുള്ള താൽക്കാലിക തമ്പുകളിലേക്ക് തീർഥാടകർ മാറും.
സൂര്യാസ്തമന സമയത്ത് ജബലുറഹ്മക്ക് താഴെ പ്രാർഥനയോടെ കഴിച്ചുകൂട്ടും. റഹ്മ എന്ന പർവതം ഇൗ സമയം തൂവെള്ള വസ്ത്രമണിഞ്ഞ തീർഥാടകരാൽ വെള്ളത്തൂവൽ പൊതിഞ്ഞതുപോലെയാകും. ലോക മുസ്ലിംകളുടെ മുഴുവൻ പ്രതിനിധികളായി അവർ അല്ലാഹുവിനോട് മനമുരുകി പ്രാർഥിക്കും.
ഹൃദയം തുറന്നുവെച്ച് പാപക്കറകൾ കണ്ണീരിൽ കഴുകുമ്പോൾ അപ്പോൾ ജനിച്ച കുഞ്ഞിെൻറ പരിശുദ്ധിയിലേക്ക് ഉയരുവാൻ അവസരമൊരുക്കപ്പെടും എന്നാണ് വിശ്വാസം. ഹാജിമാരെ 3,000 ബസുകളിലാണ് മിനയിൽ നിന്ന് അറഫയിൽ എത്തിക്കുന്നത്. സേവനത്തിന് അയ്യായിരത്തോളം ആരോഗ്യപ്രവർത്തകരും മാർഗനിർദേശം നൽകാൻ 135 മതപ്രബോധകരും കൂടെ ഉണ്ടാവും.
കടുത്ത ചൂടും പൊടിക്കാറ്റും ഉണ്ടാവാനുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മിനായിൽ താമസിച്ച ഹാജിമാർ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് അറഫയിൽ എത്തുക. പഴുതടച്ച സുരക്ഷയൊരുക്കി അറഫ താഴ്വാരം അല്ലാഹുവിെൻറ അതിഥികളെ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.