പുതിയ ഹജ്ജ്, ഉംറ സീസൺ: ചരിത്രത്തിലെ ഏറ്റവും വലിയ പ്രവർത്തന പദ്ധതിയുമായി ഇരുഹറം കാര്യാലയം
text_fieldsജിദ്ദ: ഹിജ്റ വർഷാദ്യം മുതൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവർത്തന പദ്ധതിക്ക് തുടക്കമാകുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ പുതിയ ഹിജ്റ വർഷം ആരംഭിക്കും. അന്നു മുതൽ നടപ്പാക്കേണ്ട പദ്ധതികൾ ആസൂത്രണം ചെയ്തുവരുകയാണ്. കഴിഞ്ഞ ഹജ്ജ്, റമദാൻ സീസൺ പദ്ധതികൾ വിജയകരമായതിനുശേഷമാണ് അടുത്ത വർഷത്തേക്ക് പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കുന്നത്.
അടുത്ത ഹജ്ജ്, ഉംറ സീസണുകളിലെ സംഘാടനം, ഒാപറേഷൻ എന്നീ രംഗങ്ങളിലെ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിലുൾപ്പെടുമെന്നും ഇരുഹറം കാര്യാലയം വ്യക്തമാക്കി. ആസൂത്രണ, വികസന, വിഷൻ, പൊതു അഡ്മിനിസ്ട്രേഷൻ എന്നീ വകുപ്പുകൾ സംയുക്തമായി അടുത്ത സീസണുകളിലേക്ക് വേണ്ട സമഗ്രപദ്ധതി തയാറാക്കാൻ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശം നൽകി. പ്രവർത്തനങ്ങൾ വികസിപ്പിക്കുക, പ്രകടനം മെച്ചപ്പെടുത്തുക, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുക, മാനവ വിഭവശേഷി യോഗ്യമാക്കുക, ഇരുഹറമുകളിലെ ജോലിക്കാർക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലന കോഴ്സുകൾ ഇരട്ടിയാക്കുക തുടങ്ങി ഹറമിലെത്തുന്നവർക്ക് മികച്ച സേവനങ്ങൾ മുഴുവൻസമയം ലഭ്യമാക്കുന്നതിനു വേണ്ട പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. പരിധിയില്ലാത്ത സഹായങ്ങളാണ് ഭരണകർത്താക്കളിൽനിന്ന് ലഭിക്കുന്നത്. ഇരുഹറമുകളുടെ വികസനത്തിന് സാധ്യമായ എല്ലാ കഴിവുകളും വി നിയോഗിച്ചിട്ടുണ്ട്. മസ്ജിദുൽ ഹറാമിലെ മൂന്നാംഘട്ട സൗദി വികസനവും മസ്ജിദുന്നബവിയിലെ വികസന പദ്ധതികളുമെല്ലാം ഇതിെൻറ ഭാഗമാണ്. പ്രവർത്തന മേഖല വ്യവസ്ഥാപിതമാക്കി പൂർണമായും വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതായിരിക്കും പുതിയ പ്രവർത്തന പദ്ധതിയെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ ജോലി സ്ഥലങ്ങളിൽ ഹാജരാകുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയപ്പോൾ ജീവനക്കാർക്കും തൊഴിലാളികൾക്കും ബദൽ പദ്ധതി ഇരുഹറം കാര്യാലയം തയാറാക്കിയിരുന്നു. ഷിഫ്റ്റുകളിലായാണ് അവർ പ്രവർത്തിച്ചിരുന്നത്. ആരോഗ്യ പരിസ്ഥിതി സുരക്ഷ ഉറപ്പുവരുത്താൻ ഇരുഹറമുകളിലും ശുചീകരണ, അണുമുക്ത നടപടികൾ ശക്തമാക്കുകയും ആരോഗ്യ മുൻകരുതൽ നടപടികൾ കർശനമാക്കുകയും ജോലിക്കാരെയും തൊഴിലാളികളെയും ഇടക്കിടെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നതായും ഡോ. അൽസുദൈസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.