ഹജ്ജ്-ഉംറ സേവന സമ്മേളനവും പ്രദർശനവും ആരംഭിച്ചു
text_fieldsജിദ്ദ: ഹജ്ജ് ഉംറ സേവനസമ്മേളനവും പ്രദർശനവും ആരംഭിച്ചു. വിഷൻ 2030 പരിപാടികളിലൊന്നായ 'റഹ്മാന്റെ അതിഥികൾ' എന്ന സേവനപരിപാടിയുമായി സഹകരിച്ച് ഹജ്ജ്-ഉംറ മന്ത്രാലയമാണ് സമ്മേളനവും പ്രദർശനവും സംഘടിപ്പിച്ചിരിക്കുന്നത്.
'നവീകരണത്തിലേക്കുള്ള പരിവർത്തനം' എന്ന തലക്കെട്ടിൽ ജിദ്ദ സൂപ്പർ ഡോമിലൊരുക്കിയ സമ്മേളനവും പ്രദർശനവും മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു. 150 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുക്കുന്നുണ്ട്. പ്രദർശനം മാർച്ച് 23 വരെ തുടരും. ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തനം എടുത്തുകാണിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് 20 രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടക്കുന്ന സമ്മേളനമെന്ന് സ്വാഗത പ്രസംഗത്തിൽ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു.
ഹജ്ജ്, ഉംറ സന്ദർശകർക്ക് ഇരുഹറമുകൾ അനായാസം സന്ദർശിക്കാനും കർമങ്ങൾ സുഗമമായും നിർവഹിക്കാൻ അവസരമൊരുക്കുക എന്നതാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്. പോയ വർഷങ്ങളിൽ വിവിധ മേഖലകളിൽ തീർഥാടകരെ സേവിക്കുന്നതിൽ അഭൂതപൂർവമായ കുതിപ്പുണ്ടായതായും ഹജ്ജ്-ഉംറ മന്ത്രി പറഞ്ഞു.
തീർഥാടകർക്ക് സേവനം ചെയ്യുന്നതിൽ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ വിഷ്വൽ അവതരണവും സമ്മേളനത്തിലുണ്ടായി. മന്ത്രാലയവുമായി വിവിധ വകുപ്പുകൾ നിരവധി കരാറുകളിൽ ഒപ്പുവെച്ചു.
സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും സ്പോൺസർമാരെയും പങ്കാളികളെയും മക്ക ഗവർണർ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.