ഭാവിയിലെ ഹജ്ജ്: സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കും -ആഭ്യന്തര മന്ത്രി
text_fieldsറിയാദ്: വരും വർഷങ്ങളിൽ ഹജ്ജിൽ ആധുനിക സാങ്കേതികവിദ്യകളുടെയും നിർമിത ബുദ്ധിയുടെയും ഉപയോഗം വിപുലീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രിയും പരമോന്നത ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് പറഞ്ഞു.
ഈ വർഷത്തെ ഹജ്ജ് വേളയിലെ എ.ഐ ആപ്ലിക്കേഷനുകളുടെ ഉപയോഗം ചുമതലകൾ നിർവഹിക്കുന്നതിനും ലക്ഷ്യം കൈവരിക്കുന്നതിനും സുരക്ഷസേനകളെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത്തരം നൂതന രീതികളും സാങ്കേതികവിദ്യകളുടെ ഉപയോഗവും വരും വർഷങ്ങളിൽ കൂടുതൽ വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
മക്കയിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥർ, സുരക്ഷ മേഖലകളിലെ കമാൻഡർമാർ, ഹജ്ജ് സുരക്ഷസേനയുടെയും സൈനിക മേഖലകളിലെ വിവിധ വിഭാഗങ്ങളുടെയും മേധാവികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം പറഞ്ഞത്. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും ഈദ് ആശംസകൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച അദ്ദേഹം ഹജ്ജ് വേളയിലും ബലിപ്പെരുന്നാളിലും തീർഥാടകരുടെ സുരക്ഷയും ക്ഷേമവും നിലനിർത്തുന്നതിന് സംഭാവന നൽകിയ സേന വിഭാഗങ്ങളെയും സർക്കാർ വകുപ്പുകളെയും അഭിനന്ദിച്ചു.
പ്രവർത്തനങ്ങളിലെ ഏകോപനവും വിജയവും കോവിഡിന് മുമ്പുള്ള തീർഥാടകരുടെ എണ്ണം തിരികെ കൊണ്ടുവരുന്നതിനിടയാക്കി. നാഷനൽ ഗാർഡ് മന്ത്രി, പ്രതിരോധ മന്ത്രി എന്നിവർക്കും സൈനിക, സുരക്ഷ മേഖലകളിൽ നിന്ന് ഈ വർഷത്തെ ഹജ്ജിൽ പങ്കെടുത്തവർ എല്ലാവർക്കും ആശംസകൾ അറിയിക്കാൻ മന്ത്രി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഈ വർഷത്തെ ഹജ്ജിലെ ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്ന് ഹറമിലും പുണ്യസ്ഥലങ്ങളിലും നിർമിതബുദ്ധി ഉപയോഗിച്ചതാണെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും അത് സഹായിച്ചുവെന്നും യോഗത്തിൽ പങ്കെടുത്ത പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.