ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ ആത്മനിർവൃതിയോടെ മിനയിൽനിന്നു മടങ്ങി
text_fieldsമക്ക: ഈ വർഷത്തെ മിനയിലെ ഹജ്ജ് സേവന പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ മിനയിൽനിന്ന് മടങ്ങി. പരിമിതമായ വളൻറിയർമാർക്കാണ് ഈ വർഷം ഹജ്ജ് സേവനത്തിന് അവസരം ലഭിച്ചതെങ്കിലും സാധ്യമായ രീതിയിൽ കൃത്യതയോടെ സേവനം നിർവഹിച്ച സന്തോഷത്തിലാണ് വളൻറിയർ ക്യാമ്പ് അവസാനിപ്പിച്ചത്. രണ്ടു ഷിഫ്റ്റുകളായി മിനയിലെ 50 പോയിൻറുകളിൽ 24 മണിക്കൂറും വളൻറിയർമാരുടെ സേവനം ലഭ്യമാക്കിയിരുന്നു. വളൻറിയർമാരെയും ഹാജിമാരെയും സഹായിക്കാൻ ക്യാമ്പ് കേന്ദ്രീകരിച്ച് ഹെല്പ് ഡെസ്കും ഇൻഫർമേഷൻ സെൻററും സ്കോളേഴ്സ് വിങ്ങും മെഡിക്കൽ ടീമും പ്രവർത്തിച്ചു.
മിസ്സിങ് കേസുകൾ റിപ്പോർട്ട് ചെയ്ത ഹാജിമാരെ കണ്ടെത്തുക, ചികിത്സ ആവശ്യമുള്ള ഹാജിമാരെ ആശുപത്രികളിൽ എത്തിക്കുകയും ആവശ്യമായ പരിചരണങ്ങൾ നൽകുകയും ചെയ്യുക എന്നുള്ളതായിരുന്നു ഈ വർഷത്തെ ഹജ്ജ് സേവന പ്രവർത്തനത്തിലെ പ്രധാന വെല്ലുവിളികൾ. ക്യാമ്പിൽനിന്ന് പിരിഞ്ഞാലും കാണാതായ ഹാജിമാരെ കണ്ടെത്തുന്നതിനും ആശുപത്രികളിൽ അഡ്മിറ്റായ ഹാജിമാർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനും വളൻറിയർമാരുടെ ഒരു സംഘം മക്കയിൽ പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒപ്പം മക്കയിലും മദീനയിലും അവസാന ഹാജിയും തിരിച്ചുപോകുന്നത് വരെ വളൻറിയർമാരുടെ സേവനം ഹാജിമാർക്ക് ഉറപ്പ് വരുത്തും. അസീസിയയിലെ ക്യാമ്പിൽ നടന്ന വളൻറിയർ സംഗമം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസുകളെ ഒരുമിപ്പിക്കാൻ സേവന പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിറാജ് കുറ്റിയാടി, സാദിഖ് ചാലിയാർ, മൻസൂർ ചുണ്ടമ്പറ്റ, ബഷീർ പറവൂർ, മുഹ്സിൻ സഖാഫി, ഷാഫി ബാഖവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.