ഇ. അഹമ്മദിന്റെ കണ്ണീരോർമയിൽ ഹലീം
text_fieldsദമ്മാം: ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനായിരുന്ന ഇ. അഹമ്മദിന്‍റെ വിയോഗത്തിന് അഞ്ചാണ്ട് പൂർത്തിയാവുമ്പോൾ അദ്ദേഹത്തിന്‍റെ സന്തതസഹചാരി ഹലീമിന് ഇന്നും നൊമ്പരമാണ് ആ ഓർമകൾ. 2016 ജനുവരി 31ന് ഇന്ത്യൻ പാർലമെന്റ് സമ്മേളനത്തിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണ് റാംമനോഹർ ലോഹ്യ ആശുപത്രിയിൽ അന്ത്യം സംഭവിച്ചത്. ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ സന്തത സഹചാരിയായ മലപ്പുറം ഐക്കരപ്പടി ഹലീമിന് പതിറ്റാണ്ടുകൾ നീണ്ട ബന്ധം അവിസ്മരണീയമാണ്. കഴിഞ്ഞ ദിവസം സൗദിയിലെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'വുമായി ആ ഓർമകൾ പങ്കുവെക്കുന്നു.
ഡൽഹി മലയാളികൾക്കിടയിൽ അറിയപ്പെടുന്ന ഹലീം കേരളത്തിൽനിന്നെത്തുന്ന വിവിധ രാഷ്ട്രീയ നേതാക്കന്മാരുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ചെറുപ്പത്തിൽ എം.എസ്.എഫിന്റെ പ്രവർത്തകനായിരുന്ന സമയത്ത് തുടങ്ങിയതാണ് ഇ. അഹമ്മദുമായുള്ള ബന്ധം. കൂടപ്പിറപ്പിനെപ്പോലെ അദ്ദേഹം തന്നെ ചേർത്തുപിടിച്ചുവെന്ന് ഹലീം പറയുന്നു. പിന്നീട് ഡൽഹിയിൽ ട്രാവൽ ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പ്രാപ്തമാക്കിയതും അഹമ്മദാണ്. അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങളുടെ പിൻബലത്തിൽ ഡൽഹിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടെ കെ.എം.സി.സി ഉൾപ്പെടെ മലയാളി സംഘടനാസംവിധാനങ്ങളെ ചലിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഡൽഹിയിലെത്തിയ മലയാളി എം.പിമാർക്കെല്ലാം രാഷ്ട്രീയഭേദമന്യേ സഹായിയായി. ഇ. അഹമ്മദിന്റെ അവസാന നിമിഷങ്ങളിലും അടുത്തുണ്ടാകാൻ സാധിച്ചു.
അബ്ദുൽ വഹാബ് എം.പിയുമൊന്നിച്ചാണ് ജനുവരി 30ന് ഇ. അഹമ്മദ് ഡൽഹിയിലെത്തിയത്. എത്തിയ ഉടനെ രണ്ട് നേതാക്കന്മാരുടെ വിദേശയാത്രക്കുള്ള വിസ അടിക്കാനായി അവരുടെ പാസ്പോർട്ടുകൾ ഏൽപിച്ചു. ജാമിയ മില്ലിയ യൂനിവേഴ്സിറ്റിയിലെ വൈസ് ചാൻസലറുമായി സംസാരിച്ച് ശരിയാക്കേണ്ട വിഷയത്തെക്കുറിച്ച് ഹലീം അപ്പോൾ അദ്ദേഹത്തെ ഓർമപ്പെടുത്തി. 'ശരി, നാളെ ഉച്ചയൂണിന് ഞാനെത്താം ശേഷം നമുക്ക് വിളിക്കാമെന്ന' ഉറപ്പും നൽകിയാണ് അഹമ്മദ് പോയതെന്ന് ഹലീം ഓർക്കുന്നു.
അന്ന് രാത്രി 10വരെ ഒപ്പമുണ്ടായിരുന്നു. അതൊരു അവസാന യാത്രപറച്ചിലാകുമെന്ന് കരുതിയില്ല. പിറ്റേന്ന് പാർലമെന്‍റ് സമ്മേളനത്തിനിടെ രാവിലെ 11.30ഓടെ അദ്ദേഹം കുഴഞ്ഞുവീണു. വാർത്ത കേട്ട ഉടനെ റാംമനോഹർ ലോഹ്യ ആശുപത്രിയിൽ എത്തി എല്ലാ കാര്യങ്ങൾക്കും മുന്നിട്ട് അവിടെത്തന്നെ ഉണ്ടായിരുന്നു.
ശ്രദ്ധേയ പാർലമെന്‍റേറിയനായിരുന്ന ഇ. അഹമ്മദിന് അന്ത്യസമയത്ത് ആ പരിഗണന കിട്ടിയോ എന്ന സംശയം നൊമ്പരമായി മനസ്സിലുണ്ട്. അവിടെ നടന്ന രാഷ്ട്രീയ നാടകങ്ങൾ പരിചയമില്ലാത്തതായിരുന്നുവെന്ന് ഹലീം പറയുന്നു. അഹമ്മദ് പട്ടേൽ എത്തി ബലം പ്രയോഗിച്ച് ഉള്ളിൽ കടക്കുംവരെ അദ്ദേഹത്തെ കാണാൻ ആരെയും അനുവദിച്ചില്ല. പിറ്റേന്ന് പാർലമെന്‍റിൽ നടക്കുന്ന ബജറ്റ് സമ്മേളനം തടസ്സപ്പെടാതിരിക്കാനുള്ള തത്രപ്പാടിലായിരുന്നു ഭരണകർത്താക്കൾ.
നയതന്ത്ര മേഖലയിലെ ഉദ്യോഗസ്ഥരോടും വിവിധ ചേരിയിലുള്ള രാഷ്ട്രീയ നേതാക്കന്മാരോടുമൊക്കെ എളുപ്പം സൗഹൃദം സ്ഥാപിക്കാൻ അഹമ്മദിന് സാധിക്കുന്നത് വിസ്മയത്തോടെ കണ്ടുനിന്നിട്ടുണ്ട്.
സാധാരണ പ്രവർത്തകരെപ്പോലും പേരുചൊല്ലി വിളിക്കാനുള്ള ബന്ധവും ഓർമയും അദ്ദേഹം സൂക്ഷിച്ചിരുന്നു. ഉത്തരേന്ത്യയിൽനിന്നുള്ള യുവ എം.പിമാരിൽ പലരും അദ്ദേഹത്തിന്റെ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുന്നതിന് സാക്ഷിയായിട്ടുണ്ടെന്നും ഹലീം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിച്ച ശൂന്യത ഇന്നും മറികടക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹലീം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.