ഹറം അണുമുക്തമാക്കി 'യന്തിരൻ'
text_fieldsജിദ്ദ: തീർഥാടകരെയും നമസ്കരിക്കാനെത്തുന്നവരെയും വൈറസുകളിൽനിന്ന് സംരക്ഷിക്കുന്നതിനും പകർച്ചവ്യാധികളില്ലാതാക്കാനും ലോകത്ത് ഏറ്റവും കൂടുതൽ അണുമുക്തമാക്കുന്ന സ്ഥലങ്ങളിലൊന്നായി മക്ക ഹറം മാറി. ആരോഗ്യ സുരക്ഷ നിലനിർത്തി തീർഥാടകരെയും സന്ദർശകരെയും സ്വീകരിക്കുന്നതിനായി പ്രത്യേകിച്ച് റമദാനിൽ മുഴുവൻസമയ അണുനശീകരണ, ശുചീകരണ ജോലിയാണ് ഇരുഹറം കാര്യാലയം നടപ്പാക്കിയത്. ഇതിനായി 11 റോബോട്ടുകളെ സജ്ജമാക്കി. കൂടാതെ, അണുമുക്തജോലികൾക്കായി 70 സംഘത്തിലായി 700 പേരുണ്ടായിരുന്നു. നിരീക്ഷണത്തിനായി നൂറിലധികം സൂപ്പർവൈസർമാരുമുണ്ടായിരുന്നു. ഹറമിലെ എല്ലാ വശങ്ങളിലും റോബോട്ടുകളെ സ്ഥാപിച്ചിട്ടുണ്ട്. സ്വയം നിയന്ത്രിത സംവിധാനത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള റോബോട്ടുകൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകാനുള്ള സംവിധാനമുണ്ട്. ബാറ്ററി ചാർജിങ് സവിശേഷതയുമുണ്ട്. അഞ്ച് മുതൽ എട്ടു മണിക്കൂർ വരെ മനുഷ്യ ഇടപെടൽ കൂടാതെ, പ്രവർത്തിക്കുന്നു. 23.8 ലിറ്റർ ശേഷിയുണ്ട്. ഓരോ റൗണ്ടിലും 600 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ബാക്ടീരിയയെ ഇല്ലാതാക്കാൻ കഴിയും. ഇതിനായി ഒരോ മണിക്കൂറിലും രണ്ട് ലിറ്ററാണ് ഉപയോഗിക്കുന്നത്. മുന്നിലെ തടസ്സം അറിയാൻ ഉപകരണത്തിൽ ഉയർന്ന നിലവാരമുള്ള മാപ്പിങ് റഡാർ അടങ്ങിയിരിക്കുന്ന കാമറയുണ്ട്. യൂറോപ്യൻ സി.ഇ ക്വാളിറ്റി അംഗീകാര സർട്ടിഫിക്കറ്റ് ഉൾപ്പെടെ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് നേടിയ സ്മാർട്ട് റോബോട്ടുകളാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.